Thursday, December 8, 2011

.ഉത്സവപ്പിറ്റേന്ന്............

നാട്ടിൻപുറങ്ങൾ പുരാണപ്രസിദ്ധങ്ങളാണ്.ചിറക്കടവിന്റെ പുരാവൃത്തങ്ങളിൽ നർമ്മോക്തികൾക്കാണ് പ്രാമുഖ്യം.നിഷ്ക്കളങ്കരായ ശുദ്ധനാട്ടിൻപുറത്തുകാർക്ക് പിണഞ്ഞ കൊച്ചുകൊച്ച് അമളികളേക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ ചിറക്കടവിന്റെ പുരാവൃത്തങ്ങളായി അന്യദേശങ്ങളിൽ‌പ്പോലും പ്രചരിച്ചിട്ടുണ്ട്.കൂവത്താഴെ സ്വയംഭൂവായ ദേശപരദേവതയേക്കുറിച്ചുള്ള പരാമർശമാണോ അതോ കോലു കൊണ്ട് ആദ്യമായി താഴ് [കോൽത്താഴ്]രൂപകൽ‌പ്പനചെയ്ത പഴയ എൻ ജിനീയറിങ്ങ് വൈദഗ്ധ്യത്തിന്റെ രേഖപ്പെടുത്തലാണോ,കോത്താഴം എന്ന ചിറക്കടവിന്റെ അപരനാമത്തിനു പിന്നിലുള്ളതെന്നത് ഇന്നും ഒരു തർക്കവിഷയമാണ്.
മറുനാട്ടിലുള്ള ചിറക്കടവുകാരന് മകരം പിറന്നാൽ മനസ്സിനുള്ളിൽ ഒരു പിടപ്പാണ്.പത്ത് ഉത്സവവും കൂടാനായിനാട്ടിലേയ്ക്കുള്ള യാത്ര അവന് ഒരു തീർഥയാത്രയുടെ സുഖവും സ്വാസ്ഥ്യവുമാണ് പകരുന്നത്.തീവണ്ടി കോയമ്പത്തൂർ സ്റ്റേഷനും കടന്ന് ഓടിത്തുടങ്ങുമ്പോൾ ദൂരെ ഖസാക്കിന്റെ ഇതിഹാസകാരന്റെ കരിമ്പനത്തലപ്പുകൾ കണ്ടു തുടങ്ങും. ഷൊർണ്ണൂരെത്തുമ്പോൾ റെയിൽ വേ സ്റ്റേഷനിൽനിന്നും ഉയരുന്ന ചായ...ചായ...ദോശ.....വട... വിളികൾ അയാൾക്ക് ഗൃഹാതുരമായ ഒരുവരവേൽ‌പ്പ് ഒരുക്കും.അവിടം മുതൽ സ്മരണകളുടെ കിതപ്പിനും കുതിപ്പിനും ചൂളംവിളികൾക്കും ഒപ്പമാണയാളുടെ യാത്ര.ചിറക്കടവ് അമ്പലത്തിന്റെ പടിഞ്ഞാറെ നടയിലെ കേശവച്ചേട്ടന്റെ ചായക്കടയിലെ മൊരിഞ്ഞ ദോശയുടേയും വെളിച്ചെണ്ണയിൽ താളിച്ച് കടുകുവറുത്ത കട്ടച്ചമ്മന്തിയുടേയും രുചിയുടെ ലോകത്തിലേയ്ക്ക് ഒരു മടക്കയാത്ര.ഗോസായിയുടെ ഉണക്കച്ചപ്പാത്തിയ്ക്കും പരിപ്പുകറിയ്ക്കും ഒട്ടുനാളത്തേയ്ക്ക് വിട...............
ചിറക്കടവുകാർക്ക് എന്തും ഉത്സവമായിരുന്നു ഒരു കാലത്ത്,വിവാഹവും ചോറൂണും നൂലുകെട്ടും എന്തിന് പുലകുളിയടിയന്തിരം പോലും...കല്യാണത്തിനു സദ്യവട്ടം നാട്ടുകാരുടെ വകയാണ്.ദിവസങ്ങൾക്കുമുമ്പുതന്നെ,മുറ്റത്ത് മെടഞ്ഞ തെങ്ങോലകൾ കൊണ്ടുള്ള കൊട്ടിൽ ഉയരും.പിന്നയങ്ങോട്ട് ഒന്നിലും വീട്ടുകാരന് ഒരു പങ്കും ചുമതലയും ഉണ്ടാവില്ല.കല്യാണം പൊടിപൂരമാക്കാൻ വന്നെത്തിയിട്ടുള്ളവർക്ക് മൂന്നുനേരം വെച്ചു വിളമ്പൽ ഒഴികെ.കല്യാണത്തലേന്ന് കൊട്ടിലിനുള്ളിൽ വലിയ മര ഉരലുകൾ നിരക്കുന്നു.ഒരു ഉരലിൽ രണ്ടുപേരാണ് അരി ഇടിയ്ക്കുക.പൊങ്ങിത്താഴുന്ന ഉലക്കകളുടെ താളാത്മകമായ ചലനത്തിൽ മതിമറന്നുനിൽക്കുന്ന ബാല്യം,പഴമക്കാരുടെ സ്മരണകളിൽ എപ്പോഴുമുണ്ട്.പ്രഥമനും,കാളനും തിളച്ചുമറിയുന്ന അടുപ്പുകൾക്കിടയിൽ വിയർത്തുകുളിച്ച് ഓടിനടക്കുന്ന“ശ്രമക്കാരൻ“ പ്രതിഫലം കണക്കുപറഞ്ഞുവാങ്ങുന്ന വെറും"ചെറമക്കാരൻ"ആയിമാറിയപ്പോൾ വിഭവങ്ങളിലും ചില അസുഖകരങ്ങളായ രുചിഭേദങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത് സമീപകാല ചരിത്രം.
ചിറക്കടവിന് ദേശീയോത്സവം ഒന്നേയുള്ളൂ.അത് മഹാദേവന്റെ തിരുവുത്സവമാണ്.മഞ്ഞുപൊഴിയുന്നമകരമാസക്കാലത്ത്,ഉറക്കമിളപ്പിന്റെ പത്തുരാത്രികൾ.ചിറക്കടവിൽ അത് മാമ്പഴക്കാലം കൂടിയാണ്.ചെറുബാല്യക്കാരെ സംബന്ധിച്ചിടത്തോളം മാമ്പഴക്കാലങ്ങളുടെ മധുരം കെടുത്തിക്കൊണ്ടാണ് പരീക്ഷകൾ വന്നെത്തുക.പരീക്ഷകൾക്കു തൊട്ടു മുന്നിലും മകരത്തണുപ്പിനൊപ്പവുമാണ് ഉത്സവത്തിന്റെ വരവ്.ബാല്യങ്ങൾക്കിത് ബലൂണുകളുടെ കുതൂഹലക്കാഴ്ചകൾ മാത്രമാണെങ്കിൽ കൌമാരങ്ങൾക്ക് പ്രണയവർണ്ണങ്ങളുടെ കുടമാറ്റം കൂടിയാണ്.പച്ചനിറമുള്ള ഒരു പട്ടു പാവാടയ്ക്കു പിന്നാലെ രാവെളുക്കുവോളം നടന്നുതീർത്ത ദൂരങ്ങൾ ഉത്സവപ്പറമ്പുകളേക്കുറിച്ചുള്ള ഗൃഹാതുര സ്മരണകൾക്കുമേൽ ഇന്നും അടയാളപ്പെട്ടു കിടപ്പുണ്ട്. കുറേക്കൂടിപഴയ ചില ഓർമ്മകളിൽ,ദുര്യോധനവധത്തിന്റെ ശീലുകൾ ഒഴുകിപ്പരക്കുന്നുണ്ട്.വല്യമ്മച്ചി[മുത്തശ്ശി]യോടൊപ്പം കളിവിളക്കിന്റെ ചുവട്ടിൽത്തന്നെ ചമ്പ്രം പടിഞ്ഞിരുന്നതും പിന്നെയെപ്പോഴൊ തലചായ്ച്ചതും പുലർച്ചയിൽ കേട്ട ഒരു അലർച്ചയിൽ വയറ്റിലും നെഞ്ചിനുള്ളിലും ഒൻപതാം ഉത്സവം ആളിപ്പടർന്നതും....
ഏഴാം ഉത്സവവും എട്ടാം ഉത്സവവും“ ബാലെ സ്പെഷ്യൽ“ ആണ്.റഷ്യയിലെ പരമ്പതാഗതനൃത്തരൂപങ്ങളാണ് ബാലെ,ഓപ്പറെ തുടങ്ങിയവ.കേരളീയസംഗീത നൃത്തനാടകങ്ങൾക്ക് ഈ പേരുകൾ ചാർത്തിക്കൊടുത്ത വികലഭാവന ആരുടേതാണന്നറിഞ്ഞുകൂടാ.മണൽ വിരിച്ച ചെറിയ അമ്പലമുറ്റത്ത് ഇനിയൊരുതരിമണലും വീഴാത്തവണ്ണം,സന്ധ്യയ്ക്കുമുന്നേ,ആളുകൾ നിറയും.മുന്നിൽ സ്റ്റേജിനു തൊട്ട് ഇരുന്നെങ്കിലേ ബാലെ നന്നായി ആസ്വദിയ്ക്കാനാവൂ.ക്ഷമയോടെയുള്ള കാത്തിരിപ്പ് പാതിരാത്രിയോളം നീളും.മൈതാനത്തെ ലൈറ്റുകൾ അണഞ്ഞ്,സ്റ്റേജിൽ അവതരണഗാനം മുഴങ്ങിത്തുടങ്ങുമ്പോളാവും”ഒന്നിനുപോകാനുള്ള” പ്രകൃതിയുടെ വിളി പൊടുന്നനെ ഉണ്ടാവുക.ജനസമുദ്രത്തിന്റെ നടുവിലാണ് ഇരിയ്ക്കുന്നത്.തലയൊന്നു പൊന്തിച്ചാൽ പുറകിൽനിന്നും ചരൽക്കല്ലുകൾകൊണ്ടുള്ള ഏറ് കിട്ടും.അമ്മയുടെ ബുദ്ധി അപ്പോഴാണ് പ്രവർത്തിയ്ക്കുക.തിക്കും പൊക്കും നോക്കിയിട്ട് നിക്കറിന്റെ ഹുക്കുകൾ മെല്ലെ അഴിച്ചു വിടർത്തിത്തരും.പൊരിമണലിലേയ്ക്ക് ചൂടുള്ള ദ്രാവകം പതഞ്ഞൊഴുകുമ്പോൾ ചുറ്റുമുള്ള പ്രേക്ഷകർ സ്റ്റേജിൽ ദൃശ്യമായ ദശരഥരാജധാനിയുടെ പകിട്ടിലും പ്രകാശത്തിലും സ്തബ്ധരായി ഇരിയ്ക്കുകയാവും.അരവിന്ദാക്ഷമെനോന്റെ ശ്രീരാമവേഷം അരങ്ങിൽ അവതരിച്ചുകഴിഞ്ഞിരിയ്ക്കും അപ്പോൾ...
സന്ധ്യയ്ക്കുമുന്നേതന്നെ അമ്പലപ്പറമ്പിലെത്തിച്ചേരുന്ന ബാലെ ട്രൂപ്പ് ചിറക്കടവുകാർക്ക് വിസ്മയത്തിന്റെ ഒട്ടനവധി നിമിഷങ്ങൾ സമ്മാനിയ്ക്കും.കേശവച്ചേട്ടന്റെ കടയിലേയ്ക്കുള്ള ബാലേ ട്രൂപ്പിന്റെ അത്താഴമുണ്ണാൻ പോക്ക് ഒരു സംഭവം തന്നെയാണ്.തങ്ങ ളുടെ പ്രിയ താരങ്ങളെ മെയ്ക്കപ്പില്ലാതെ അടുത്തുകാണാ‍ൻ ജനം തിക്കിത്തിരക്കും.പ്രായംചെന്നവർ ,കിരീടവും വേഷഭൂഷാദികളുമില്ലാത്ത അയോധ്യയിലെ രാജാവിനെ ഭക്തിപുരസ്സരം തൊഴുതുനിൽക്കും.ഒരിയ്ക്കൽ അമ്മയുടെ പിടിയിൽനിന്നും കുതറിമാറി,ജനത്തിരക്കിലൂടെ നൂണുകടന്ന് ,ഞാൻ,സാക്ഷാൽ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ കൈത്തണ്ടയിലൊന്നു സ്പർശിച്ചു.....ഹോ..അന്ന് അനുഭവിച്ച അനുഭൂതി വിശേഷം ഇന്നും കുളിരായി ഓർമ്മയിൽ പടർന്നു കിടപ്പുണ്ട്.പ്രേം നസീറോ,ബഹുദൂറൊ,മധുവോ ഒക്കെയായിരുന്നു ചിറക്കടവുകാർക്ക് അന്ന് ചങ്ങനാശേരി ജയകേരള നൃത്തകലാലയത്തിലെ തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോൻ.
ചിറക്കടവിന്റെ പഴയകാല ചരിത്രത്തിൽ വഞ്ചിപ്പുഴതമ്പുരാക്കന്മാരുടെ പ്രതാപകാലം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.മഹാമനസ്ക്കരും വിശാലഹൃദയരുമായിരുന്നു അവർ.ഹിന്ദുത്വത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ ചിറക്കടവ് എക്കാലവും കാത്തു സൂക്ഷിച്ചിട്ടുണ്ട്.ഏത് ആശയത്തേയും ദർശനത്തേയും ഉൾക്കൊള്ളുവാനുള്ള മഹാമനസ്ക്കതയാണ് ഹൈന്ദവതയുടെ കാതൽ.ഈ വിശാല മനസ്ക്കതയാണ് അന്യമതങ്ങളെ ഭാരതത്തിലേയ്ക്കാകർഷിച്ചത്.ഹൈന്ദവമനസ്സിന്റെ വൈശിഷ്ട്യവും വലിപ്പവുമാണ് അന്യമതങ്ങൾ ഇവിടെ വേരുപിടിക്കാൻ കാരണമായിത്തീർന്നത്.ആതിഥ്യമര്യാദയിൽ ചിറക്കടവുകാർ ഇന്നും ആർക്കും പിന്നിലല്ല.അന്യനാട്ടിൽ നിന്നോ അന്യമതത്തിൽ നിന്നോ വന്നുകൂടിയഒരാളേയും മനസ്സുതുറന്ന് സ്വീകരിക്കാതിരുന്നിട്ടില്ല.വെറും കൈയുമായി ചിറക്കടവിലേയ്ക്കുവന്നിട്ടുള്ള ഒരാൾ പോലും വെറും കൈയുമായി ഇന്നിവിടെ ജീവിയ്ക്കുന്നില്ല..നിരാശനായി ഒരുവനും ഇന്നേവരെ ചിറക്കടവു വിട്ടു പോകേണ്ടി വന്നിട്ടുമില്ല.
വഞ്ചിപ്പുഴതമ്പുരാക്കന്മാരെക്കുറിച്ചുള്ള ഏറെ ചരിത്രവസ്തുതകളൊന്നും ലഭ്യമല്ല.ചിറക്കടവ് ദേശം ഭരിച്ചിരുന്ന നാട്ടു രാജാക്കന്മാരുടെ പരദേവതാസ്ഥാനമായിരുന്നു ചിറക്കടവുമഹാദേവനുണ്ടായിരുന്നത്.ക്ഷേത്രത്തിലെ അനുഷ്ടാനകലയായ വേലകളിയിലെ ഉടുത്തുകെട്ടിനും ചുവടുവയ്പ്പിനും ഒരു പടപ്പുറപ്പടിന്റെ മട്ടും ഭാവവുമാണുള്ളത്.നാലുപതിറ്റാണ്ടുകാലം വേലകളിയ്ക്കായി ജീവിതം ഹോമിച്ച അപ്പുആശ്ശാൻ എന്ന വേലകളിയാശ്ശാൻ ചിറക്കടവിന്റെ മറ്റൊരു അദ്ഭുതമാണ്.കണ്ണുകളുടെ കാഴ്ച ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ട ഈ പുണ്യാത്മാവ് ചെണ്ടയിൽ തീർക്കുന്ന താളപ്പെരുക്കങ്ങൾക്കൊത്താണ് വേലകളിപ്പിള്ളേർ ചുവടുവയ്ക്കുക.ശിഷ്യരാണ് ആശാന്റെ കണ്ണുകൾ.ചിറക്കടവിലെ ഏത് ഊടുവഴിയിലൂടെയും ആശാൻ അനായാസം നടന്നുപോകും.ആശാന്റെ കൈ കവർന്നുകൊണ്ട് എപ്പോഴും ഏതെങ്കിലുമൊരു ശിഷ്യൻ കൂടെയുണ്ടാകും.വിരലറുത്ത് ഗുരുദക്ഷിണനൽകിയ നാടിന്റെ പാരമ്പര്യം കാത്തു സൂക്ഷിയ്ക്കുകയാണ് ഗുരുവിനുമുന്നിൽ സ്വയം കണ്ണായി,വഴികാട്ടിയായി മാറുന്ന ഈ ശിഷ്യർ.
പഴയ ഉത്സവകാലങ്ങളേക്കുറിച്ചുള്ള ഈ രേഖപ്പെടുത്തലുകൾ ഉത്സവങ്ങൾ കൈമോശംവന്നഒരുതലമുറയ്ക്കു വേണ്ടിഉള്ളതാണ്.ഉത്സവം എന്നവാക്കിന് പുതിയ അർത്ഥങ്ങൾ തേടിയുള്ള യാത്രയിലാണ് ചിറക്കടവിലെ പുതുതലമുറ.കേരളത്തിലെ മറ്റേതൊരു നാട്ടിൻപുറത്തേയും യുവാക്കളേപ്പോലെ തന്നെ.അവരുടെ ഉത്സവങ്ങൾ കുറേക്കൂടി ചലനാത്മകങ്ങളാണ്.ഒരു പക്ഷേ ഭ്രാന്തമായത്.........അവരുടെ വർണ്ണങ്ങൾ കുറേക്കൂടി പകിട്ടാർന്നവയാണ്...കണ്ണുകൾക്ക് ആന്ധ്യം പകരുന്ന തരത്തിലുള്ളവ...ശബ്ദങ്ങൾ കുറേക്കൂടി തീക്ഷ്ണങ്ങളാണ്....കാതുകൾക്ക് ആസ്വാസ്ഥ്യമേകാൻ പോരുന്നവ.അഥവാ ഇതൊക്കെ പഴയ മനസ്സുകളുടെ വെറും തോന്നലുകളോ ധാരണകളൊ മാത്രമാവാം....?
എന്തായാലും ഒന്ന് വാസ്തവമാണ്.പുതിയ തലമുറയ്ക്ക് പുതിയ ഉത്സവങ്ങൾ ഉണ്ട്..............പഴമയുടെ ഉത്സവങ്ങൾ അവസാനിച്ചിരിയ്ക്കുന്നു..........!!!!!!!!!!!!!!!!!
ഉത്സവപ്പിറ്റേന്ന്,ഉത്സവപ്പറമ്പിലെത്തുന്നഒരു അവധൂതന് കാഴ്ചയിൽ കുരുങ്ങുന്നതെന്തൊക്കെയാണ്?നൂൽ പൊട്ടി ആകാശത്ത് ലക്ഷ്യമില്ലതലയുന്ന ബലൂണുകൾ.....നിറം കെട്ട തോരണങ്ങൾ.......പകുതി വെന്ത് ചീറ്റിത്തെറിച്ച പടക്കങ്ങൾ....അവയ്ക്കിടയിലൂടെ,കൊണ്ടുവന്ന ബലൂണുകളിൽ പാതിപോലും വിറ്റുപോകാതെ ഹതാശനായി മടങ്ങുന്ന ഒരു പാവം ബലൂൺ വിൽ‌പ്പനക്കാരൻ.....................................

Wednesday, June 1, 2011

ഗോത്രസംസ്കൃതിയുടെ പൂമുഖത്ത്






മൃഗത്തിൽ നിന്നും മനുഷ്യനിലേയ്ക്കുള്ള ആദിമപ്രയാണത്തിന്റെ രേഖപ്പെടുത്തലുകളിലേറെയും മറഞ്ഞുകിടക്കുന്നത് ഇരുണ്ട ഗുഹകൾക്കുള്ളിലാണ്.പുരാതനമനുഷ്യഗേഹങ്ങളുടെ പൂമുഖങ്ങളായിരുന്നു,ഗുഹാമുഖങ്ങൾ.ഗൃഹസ്ഥാശ്രമത്തിന്റേയും ഗോത്രസംസ്കൃതിയുടേയുമൊക്കെ ആദ്യപാഠങ്ങൾ പൌരാണികമനുഷ്യൻ ഉരുവിട്ടു പഠിച്ചതും പിന്തലമുറയ്ക്കായി എഴുതിവെച്ചതും ഗുഹാമുഖങ്ങളിലാണ്.
കേരളത്തിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയ്ക്കടുത്ത് അമ്പുകുത്തിമലയിലെ എടയ്ക്കൽ ഗുഹ ലോകടൂറിസ്റ്റുഭൂപടത്തിൽ ഇടം നേടിയിട്ട് കാൽനൂറ്റാണ്ടോളമായി.പ്രകൃതിദത്തമായ തടാകങ്ങൾ[പൂക്കോട്]ഏഷ്യയിലെ ഏറ്റവും വലിയ മൺചിറ[ബാണാസുരസാഗർ അണക്കെട്ട്]പാപനാശിനി,തിരുനെല്ലി,പക്ഷിപാതാളം,അതിപുരാതന ജൈനക്ഷേത്രം,വെള്ളച്ചാട്ടങ്ങൾ[സൂചിപ്പാറ],വന്യജീവിസങ്കേതങ്ങൾ[മുത്തങ്ങാ] എന്നിങ്ങനെ സഞ്ചാരികൾക്കായി വയനാട് ഒരുക്കിവെച്ചിട്ടുള്ള വിസ്മയങ്ങളിൽ പ്രഥമസ്ഥാനത്തുള്ളത് എടയ്ക്കൽ ഗുഹ തന്നെയാണ്.1984 ൽ മാത്രമാണ് എടയ്ക്കൽഗുഹ പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്.ഗവേഷകർക്ക് മാത്രമല്ല,സാഹസികസഞ്ചാരികൾക്കും വന്യഭംഗി ആസ്വദിയ്ക്കാനെത്തുന്ന സാധാരണക്കാർക്കും എടയ്ക്കൽ ഒരു അപൂർവ വിസ്മയമായി നിലകൊള്ളുന്നു.
ബ്രിട്ടീഷ് മലബാർ പോലീസ് സൂപ്രണ്ടായിരുന്ന എഫ്.ഫോസറ്റ് മൃഗവേട്ടയ്ക്കിടെ നവീനശിലായുഗത്തിലെ ഒരുകല്ലുളി കണ്ടെത്തിയിടത്തുനിന്നും ആരംഭിയ്ക്കുന്നു എട്യ്ക്കലിന്റെ ആധുനികചരിത്രം.1894 ൽ ആയിരുന്നു ഇത്.കല്ലുളി കണ്ടെത്തിയ ഇടവും ചുറ്റുമുള്ള പ്രദേശങ്ങളും അദ്ദേഹം അരിച്ചുപെറുക്കി.സായ്പിന്റെ ആറാം ഇന്ദ്രിയം അമ്പുകുത്തിമലയുടെ അജയ്യമായ ഔന്നത്യത്തിൽനിഗൂഢവും അഭൌമവുമായ എന്തോ ഒന്നിന്റെ സാന്നിധ്യം അനുഭവിച്ചറിയുകയായിരുന്നു.സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ പ്രകൃതി ഒളിപ്പിച്ചുവച്ചിരുന്ന ഒരു മഹാത്ഭുതം,നീണ്ട പര്യവേഷണത്തിനൊടുവിൽ ഫൊസറ്റ് സായ്പിന്റെ സാഹസികതയ്ക്കു മുൻപിൽ കീഴടങ്ങി. കോഴിക്കോട്ടുനിന്നും സുൽത്താൻബത്തേരിയ്ക്കുള്ള മൂന്നുമണിയ്ക്കൂർ ബസ്സ് യാത്ര വ്യത്യസ്തമായ ഒരനുഭവം ആണ്.ഇഴഞ്ഞുനീങ്ങുന്ന വാഹനം,ഒൻപതു കൊടും വളവുകളോടുകൂടിയ വയനാടൻ ചുരത്തെ മെല്ലെ കീഴടക്കുമ്പോൾ,കൽ‌പ്പറ്റയുടെ ഹരിതഭംഗി കണ്ണുകൾക്കുമുമ്പിൽ തെളിയുകയായി.കൽ‌പ്പറ്റ്യ്ക്കും സുൽത്താൻബത്തേരിയ്ക്കുമിടയിലാണ് എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തിമല.മലയുടെ അടിവാരം വരെ മറ്റുവാഹനങ്ങൾ ചെല്ലും, പിന്നീറ്റ് ജീപ്പിലാണ് യാത്ര.ഏതാണ്ട് ഒന്നര കിലോമീറ്ററിനപ്പുറം മലയുടെ പള്ളയ്ക്ക് നമ്മെ ഇറക്കിവിട്ടിട്ട് ജീപ്പ് മടങ്ങും.ഇനി യാത്ര കാൽനടയായാണ്.വൻ പാറകൾക്കിടയിലൂടെ നൂണുകടന്നും പൊത്തിപ്പിടിച്ചും മലമുകളിലേയ്ക്ക് കയറണം.അപകടം പതിയിരിയ്ക്കുന്ന ഇടങ്ങളിൽ കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്.ഏതാണ്ട് ഒരു കിലോമീറ്റർ കുത്തനെ കയറിക്കഴിയുമ്പോൾ ഗുഹാമുഖം ദൃശ്യമാകും.
ഗുഹയ്ക്കുള്ളിലേയ്ക്കുകടക്കുമ്പോൾ സഞ്ചാരികളെ എതിരേൽക്കുന്നത് ആദിമമായ അനുഭൂതികളൂം ഗന്ധങ്ങളും സ്പർശങ്ങളുമൊക്കെയാണ്. മുപ്പതിനായിരം വർഷങ്ങൾക്കുമുമ്പെന്നോ ഉണ്ടായ ഒരു ഭൂചലനത്തിന്റെ സൃഷ്ടിയത്രേ ഈ ഗുഹ.ആനയോളം വലിപ്പമുള്ള പാറക്കല്ലുകൾ അടർന്ന് താഴേയ്ക്കു പതിച്ചപ്പോൾ അവയ്ക്ക് ഇടയിൽ സ്വാഭാവികമായി രൂപപ്പെട്ട വലിയ ഒരു വിടവാണ് ഈ ഗുഹ.ഗുഹയ്ക്കുള്ളിൽ നിന്നുകൊണ്ട് മുകളിലേയ്ക്കു നോക്കുമ്പോൾ നെഞ്ച് ഒന്നു പിടയ്ക്കും.വലിയ ഒരു പാറക്കല്ല് ഏതുനിമിഷവും താഴേയ്ക്കു വീഴാമെന്ന ഭാവത്തിൽ തങ്ങിയിരിയ്ക്കുകയാണ്, തലയ്ക്കു മുകളിൽ.
ഭീമാകാരങ്ങളായ മൂന്നുപാറകളാണ് ഗുഹയുടെ ചുവരുകൾ.മുകൾത്തട്ടാവട്ടെ അവയ്ക്കുമേൽ തങ്ങിയിരിയ്ക്കുന്ന മറ്റൊരു ഭീമൻ പാറക്കല്ലും.ഇത്തരത്തിൽ‌പ്പെട്ട ഗുഹ ലോകത്ത് എടയ്ക്കൽ മാത്രമാണുള്ളത്.ഫ്രാൻസിലെ ലായ്ക്കോ,സ്പെയിനിലെ അൾട്ടാമിറ,ഇന്ത്യയിലെ അജന്താ,എല്ലോറാ തുടങ്ങിയവയൊക്കെയുംപ്രകൃത്യാ രൂപപ്പെട്ടവയാണ്.എടയ്ക്കൽ ആവട്ടെ ഭൂചലനത്തിന്റെ ഫലമായിപാറക്കല്ലുകൾ അടർന്നുരുണ്ടുവീണുണ്ടായതും.ഗുഹയ്ക്കുള്ളിൽ നിന്നും പാറകളുടെ വിടവിലൂടെ താഴേയ്ക്കു നോക്കുമ്പോൾ മുപ്പതിനായിരം വർഷങ്ങൾക്കുമുൻപ് ഉണ്ടായതായി കരുതപ്പെടുന്ന ഒരു വൻ ഭൂചലനത്തിന്റെ ഭീകരദൃശ്യം ഭാവനയെ കിടിലം കൊള്ളിച്ചുകൊണ്ട് മനസ്സിലേയ്ക്ക് ഇരമ്പിയെത്തും.
പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുപോന്ന ഒരു ഗോത്രസംസ്കൃതിയുടെ ശേഷിപ്പുകളാണ് ഗുഹയുടെ ചുവരുകളിലെ കൊത്തുചിത്രങ്ങൾ.കല്ലുളികൊണ്ട് കോറിയിട്ടവരകളിൽ തലപ്പാവും ആഭരണങ്ങളും ധരിച്ച് കൈയുയർത്തിനിൽക്കുന്ന മനുഷ്യരൂപങ്ങൾ ഉണ്ട്.ഗോത്രസംസ്ക്കാരത്തിന്റെ അടയാളങ്ങളായി ആന,നായ്ക്കൾ,കൈവണ്ടികൾ,അമ്പും വില്ലും,നൃത്തച്ചുവടുകളുമായി നിൽക്കുന്ന സ്ത്രീരൂപം,എന്നിവ ആലേഖനം ചെയ്തിരിയ്ക്കുന്നു.ചിത്രങ്ങളും ലിഖിതങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളിൽ രചിക്കപ്പെട്ടവയാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.ക്രിസ്തുവിനുശേഷം രണ്ട്,അഞ്ച് നൂറ്റാണ്ടികൾക്കിടയിലാണ് ഇവയുടെ രചനാകാലമെന്ന് കരുതപ്പെടുന്നു.വടക്കൻ ബ്രാഹ്മിയിൽ എഴുതിയ കേരളത്തിലെ ആദ്യത്തെ സംസ്കൃതലിഖിതവും ഗുഹയ്ക്കുള്ളിൽ കാണാം.ശ്രീ വിഷ്ണുവർമ്മാ കുടുംബിയ കുലവർധനസ്യ ലിഖിതം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ആറായിരത്തോളം വർഷങ്ങൾക്കു മുന്നേ ഈ ഗുഹയിൽ മനുഷ്യവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു.
ആദിമമനുഷ്യന്റെ ചൂടും ചൂരും ഏറ്റുവാങ്ങിയ ശിലകളിൽ സ്പർശിയ്ക്കുമ്പോൾ വിരൽത്തുമ്പിലൂടെ തണുപ്പും മരവിപ്പുമരിച്ചരിച്ചുകയറുന്നത് അനുഭവപ്പെടും.പത്തുരണ്ടായിരം വർഷങ്ങൾക്കുപുറകിൽ,ഈ ഗുഹാമുഖത്ത് പ്രതിധ്വനിച്ച കല്ലുളികളുടെ മുഴക്കം കാതിൽ വന്നലയ്ക്കും.പ്രാകൃതമായ ഏതോ ഭാഷയിൽ കല്ലിനുള്ളിലെ ഹൃദയം നമ്മോട് എന്തൊക്കയൊ സംവദിയ്ക്കാൻ ശ്രമിയ്ക്കും.
ഗുഹയ്ക്കുപുറത്ത് എപ്പോഴും നല്ല തണുത്ത കാറ്റുണ്ട്.നാലായിരം അടി ഉയരത്തിൽ വയനാടിന്റെ വന്യഭംഗി മുഴുവൻ നുകരാം.അങ്ങുദൂരെ പഴശ്ശിത്തമ്പുരാൻ പണ്ടു പടയോട്ടം നയിച്ച വനഗർഭങ്ങൾ.....കുറിച്യപ്പടയുടെ വിഷശരങ്ങൾ മൂളിപ്പറന്ന ഒളിയിടങ്ങൾ...ഐതിഹ്യങ്ങളും ചരിത്രവും ഇടകലർന്നു കിടക്കുകയാണ്,ആ ഇരുണ്ട ഇടങ്ങളിൽ.മറുഭാഗത്താവട്ടെ തിരുനെല്ലിക്കാടുകളുടെ അനന്ത വിശാലത.പാപനാശിനിയിൽ ആയിരം വട്ടം മുങ്ങിനിവർന്നാലും കഴുകിക്കളയുവാനാവാത്തപാപക്കറയുമണിഞ്ഞ് നിൽക്കുന്ന ഭരണകൂടഭീകരതയുടെ കഥകളാണ് ആ കൊടും കാടുകൾക്ക് പറയുവാനുള്ളത്.ഒപ്പം നിറതോക്കിനുമുന്നിൽ വിരിമാറു കാട്ടിയ മനുഷ്യ സ്നേഹത്തിന്റെ മഹാ ഗാഥകളും. തലതിരിഞ്ഞലോകത്തെ നേർക്കാഴ്ചയാക്കി മാറ്റുവാൻ തലകീഴായി തൂങ്ങിക്കിടക്കുന്ന പിതൃക്കളുടെ തട്ടകത്തിലേയ്ക്ക്-പക്ഷി പാതാളത്തിലേയ്ക്ക്- ചിറകടിച്ചുപറക്കുന്ന കടവാവൽ ക്കൂട്ടങ്ങൾ,അങ്ങുദൂരെ ആകാശച്ചെരിവിൽ കരിമേഘങ്ങളായി വഴുതിയിറങ്ങുന്ന കാഴ്ച കണ്ടുകൊണ്ട് മലയിറങ്ങാം......
എടയ്ക്കൽ ഗുഹ കണ്ട് അമ്പുകുത്തിമലയിറങ്ങുമ്പോൾ കാതിൽ വന്ന് മന്ത്രിയ്ക്കുന്ന ചെറുകാറ്റ് ആശ്ചര്യപ്പെടും....നിത്യസഞ്ചാരികൾക്കായി വയനാട്,അതിന്റെ വന്യഗർഭത്തിൽ ഒളിച്ചുവച്ചിട്ടുള്ള വിസ്മയക്കാഴ്ച്ചകൾ ഇനി എന്തൊക്കെ......................!!!!!!!!!!!!!!!!

Monday, March 29, 2010

പ്രിയ.എ.എസ്സ്.നായരാണോ?

കോട്ടയത്ത് ആര്യാസ്സ് വെജിറ്റേറിയനിൽ മസാലദോശ കഴിച്ചുകൊണ്ടിരിക്കേ,രണ്ടു വലിയ ഉരുണ്ട കണ്ണുകൾ കയറിവരുന്നു.ആ കണ്ണുകളുടേയും തലയുടേയും ഭാരം താങ്ങുവാൻ കെൽ‌പ്പില്ലാത്ത,വല്ലാതെ മെല്ലിച്ച ഒരു ശരീരവും.ഒറ്റനോട്ടത്തിൽത്തന്നെ ആളെ മനസ്സിലായി.പുറകിൽ കുറച്ചുദൂരെ ഒരു സീറ്റിലാണ് അവരിരുന്നത്.ഭർത്താവും കുട്ടിയും കൂടെയുണ്ട്.ഞാൻ എഴുന്നേറ്റ് അരികിൽച്ചെന്നു.
‘’പ്രിയ.എ.എസ്സ്.അല്ലേ....?"
അതെയെന്ന് തലയാട്ടി.ഒരു പാവ തലയാട്ടുമ്പോലെ.മനോജ് കുറൂറിന്റെ സുഹൃത്താണ്ഞാനെന്ന് ഒട്ടുഗമയോടെ സ്വയം പരിചയപ്പെടുത്തി.അൽ‌പ്പം കഥയും കവിതയുമൊക്കെയുണ്ടെന്ന് വിനയം നടിച്ച് പറഞ്ഞു.പ്രിയയുടെ ഭർത്താവ് കൈ നീട്ടി...
"പേര്...?"
"ഉണ്ണി.."
"ഉണ്ണിയല്ല...ഉണ്ണിനായർ.." പ്രിയയ്ക്കും ഭർത്താവിനും ഇടയിലിരുന്ന് ഐസ്ക്രീം നുണയുന്ന അവരുടെ മോൻ പറഞ്ഞു.
അപ്പോൾ പ്രിയ ചിരിച്ചു,ആദ്യമായി.വിളറിയ ഒരു വെയിൽനാളം പോലെ.ഞാനും ചിരിച്ചുപോയി.പിന്നെ മോന്റെ തലയിൽ വാത്സല്യത്തോടെ ഒന്നു തൊട്ടു.
"കാണാം..."
"കാണാം........"
ഞാൻ എന്റെ സീറ്റിലേയ്ക്കു മടങ്ങി.
"ആരാണത്?" എന്റെ ഭാര്യ ചോദിച്ചു.
"പ്രിയ എ.എസ്സ്..ബുദ്ധിജീവി,കഥാകാരി....ഒന്നാംതരം കഥകൾ എഴുതിയിട്ടുണ്ട്."
"ഓ........."
"പ്രിയയുടെ മോൻ മിടുക്കനാണ്...അച്ഛൻ പറഞ്ഞപേര് അവൻ തിരുത്തി...ഉണ്ണിയെന്നല്ല ഉണ്ണിയുടെകൂട്ടത്തിൽ ഒരു നായർ കൂടിയുണ്ടെന്ന്...."
"അപ്പോൾ പ്രിയ എ.എസ്സ്.നായരാവില്ല,അല്ലേ..? "പത്താം ക്ലാസ്സുകാരിയായ എന്റെ മകൾ ചോക്ലേറ്റ് സ്കൂപ് നുണഞ്ഞുകൊണ്ട് ചോദിച്ചു.
"അതെന്താ ?"അതിലെ യുക്തി എനിയ്ക്കു മനസ്സിലായില്ല.
"അല്ലാ...ഈ സാഹിത്യകാരന്മാരും ബുദ്ധിജീവികളുമൊക്കെ വലിയ പുരോഗമനക്കാരായിരിയ്ക്കുമല്ലൊ.സ്വന്തം കാസ്റ്റിൽനിന്നായിരിയ്ക്കില്ലല്ലോ അവരൊക്കെ കല്യാണം കഴിയ്ക്കുക.....?"മകളുടെയൊരു സി.ബി.എസ്സ്.സ്സി.ബുദ്ധി!!!!
ഞാൻ ഉറക്കെ ഒരു ചിരി ചിരിച്ചു..ആര്യാസ് വെജിറ്റേറിയൻ അപ്പാടെ കുലുങ്ങി.
"പക്ഷേ അവര് കാഴ്ചയിലൊരു പാവമാണല്ലോ..അവർക്ക് അടികൂടാനൊന്നും കഴിയുമെന്ന് തോന്നുന്നില്ല..." എന്റെ ഭാര്യ. പറഞ്ഞു.
"അടികൂടുകയോ...? "ഞാനന്തം വിട്ടു.
"ങ്ഹാ..അഴീക്കോടിനേയും സക്കറിയായേം ടി.പദ്മനാഭനേയും ഒക്കെപ്പോലെ പേപ്പറുകളിൽക്കൂടിയും മാസികയിൽക്കൂടിയും ബഹളം വയ്ക്കുകയും അടികൂടുകയും ഒക്കെ ച്ചെയ്യാൻ ഇവർക്കുപറ്റുമെന്നു തോന്നുന്നില്ല..കാഴ്ചയിൽ ഒരു പാവം....."
"പോടീ.....!!!!!!!!"ഞാനവളുടെ പരിമിതമായ സാഹിത്യ പരിജ്ഞാനത്തിനിട്ട് ഒരു ആട്ട് കൊടുത്തു.
സാഹിത്യകാരന്മാരും ബുദ്ധിജീവികളുമൊക്കെ പൊതുവെ കൈയ്യാങ്കളിക്കാരാണെന്നാണ് അവളുടെ ധാരണ.
ഇതിനിടയിൽ,ഏറെ പ്രതീക്ഷയോടെ ഇരുന്ന എന്നെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ പ്രിയയും കുടുംബവും കൌണ്ടറിലെത്തി പണം കൊടുത്ത് പുറത്തിറങ്ങി.
അപ്പോൾ എന്റെ ഭാര്യ ഉറക്കെ ഒരു ചിരിചിരിച്ചു.ആര്യാസ് വെജിറ്റേറിയൻ ഒരിയ്ക്കൽക്കൂടി കുലുങ്ങി.
"ജാഡയ്ക്കൊരുകുറവും ഇല്ല...അച്ഛന്റെ മുഖത്തേയ്ക്കൊന്നു നോക്കിക്കേ...മഞ്ഞപ്രകാശം..പാവം അച്ഛൻ ഇല്ലേ മോളേ..?"
ഈ കുട്ടികളും പെണ്ണുങ്ങളുമൊക്കെ എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്.....
ഞാൻ ആലോചിയ്ക്കുകയായിരുന്നു.
സത്യത്തിൽ പ്രിയ.എ.എസ്സ് നായരായിരിക്കുമോ..................................................................????

Saturday, March 13, 2010

കർമണ്യേ വാധികാരസ്തേ...

ചെറുബാല്യത്തിൽത്തന്നെ കള്ളനെന്നു പേരു വീണ കാർവർണ്ണൻ കൈതവത്തിന്റെ പ്രത്യക്ഷദൈവമായിരുന്നു.കൃഷ്ണന്റെ ജീവിതത്തിലെ നിത്യസാന്നിദ്ധ്യമായിരുന്നു കള്ളത്തരം.കള്ളക്കൃഷ്ണാ എന്ന വിളി മുഴങ്ങിയിട്ടുള്ളത് എവിടെനിന്നൊക്കെ?വാത്സല്യത്തിന്റെ പരകോടിയിൽനിന്ന്;പ്രേമത്തിന്റെ പാരവശ്യത്തിൽ നിന്ന്;ഭക്തിയുടെ പാരമ്യതയിൽനിന്ന്.കുറൂരമ്മയും കുചേലനും ഭക്തമീരയുമൊക്കെ ഈ സംബോധനയുടെ മന്ത്രശക്തി ആവോളം അറിഞ്ഞനുഭവിച്ചിട്ടുള്ളവരാണ്.ഹൈന്ദവദൈവങ്ങൾക്കിടയിൽ കൌശലം ആയുധമാക്കിയിട്ടുള്ളവർ വേറെയില്ലെന്നുതന്നെ പറയാം,കൃഷ്ണനല്ലാതെ.
കന്യകമാരുടെ പുടവയും ഹൃദയവും കവർന്ന്,പിടികിട്ടാക്കൊമ്പത്തു കയറിയിരുന്ന്,പരിഹാസമുതിർത്തകൃഷ്ണൻ,കളിവിട്ട് കള്ളത്തരം തൊഴിലാക്കിയത് മഹാഭാരതയുദ്ധാരംഭം മുതലാണ്.സഹായാഭ്യർഥനയുമായി ദുര്യോധനനും പാണ്ഡുപുത്രരും വരുമെന്ന് കള്ളക്കണ്ണിൽക്കണ്ട്,ശയ്യയിൽ ഉറക്കം നടിച്ചുകിടന്നു ,കൃഷ്ണൻ.യുദ്ധമദ്ധ്യേ ആയുധം കൈകൊണ്ടു തൊടില്ലെന്ന് ദുര്യോധനനു കൊടുത്തവാക്ക് തെറ്റിയ്ക്കുവാൻ കൃഷ്ണന് ഒരു മടിയുമുണ്ടായില്ല.ജയദ്രഥനുമായുള്ള ഏറ്റുമുട്ടൽ നീണ്ടുപോയപ്പോൾ ചക്രായുധമെടുത്ത് സൂര്യനെ മറച്ചില്ലായിരുന്നെങ്കിൽ മദ്ധ്യമപാണ്ഡവന്റെ ഗതിയെന്താകുമായിരുന്നു?പെങ്ങളെ ബലാൽക്കാരമായിതേരിൽക്കയറ്റിക്കൊണ്ടുപോകുവാൻ മറ്റൊരുവന് കൂട്ടുനിന്ന ചരിത്രപുരുഷന്മാർ വേറേയുണ്ടാവില്ല,ലോകത്തിൽ.ധർമ്മസമരമെന്ന് ഓമനപ്പേരുള്ള കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവപക്ഷത്തിന് ജയമുണ്ടാകുവാനായി കൃഷ്ണൻ കാട്ടിയ കൌശലങ്ങളുടെ കഥകൾ എഴുതിയാൽ ഒരു കഥാസ്സരിത്സാഗരത്തോളം വരും.അധർമ്മത്തെ ജയിയ്ക്കുവാൻ തരം പോലെ ചിലപ്പോൾ ചില അധർമ്മങ്ങൾ ഒക്കെ യാകാമെന്ന വ്യക്തമായ സന്ദേശം കൃഷ്ണന്റെ ചെയ്തികളിൽ സ്പഷ്ടമാണ്.തേർത്തട്ടിൽതളർന്നുവീണ അർജ്ജുനന് വീര്യം പകരാനായി കൃഷ്ണൻ ഉപദേശിച്ച ഭഗവത്ഗീത വാസ്തവത്തിൽ വൈരുധ്യങ്ങളുടെ നീതിശാസ്ത്രമായാണ് ഒരു ശരാശരി മനുഷ്യന് അനുഭവപ്പെടുക.ലാഘവബുദ്ധിയോടെ ഗീതയെ സമീപിച്ചാൽ കൂടുതൽ സന്ദേഹിയാവാനേ നമുക്കു വിധിയുണ്ടാവൂ.“കർമ്മണ്യേ വാധികാരസ്തേ...“എന്ന പ്രസിദ്ധമായ ഗീതാവാക്യം യാദവരാജന്റെ കൌശലത്തിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ്.കർമ്മം ചെയ്യുക,ഫലം ഇച്ഛിക്കരുത്...ഇത് വാസ്തവത്തിൽ ഒരു മുൻ കൂർ ജാമ്യമെടുക്കലാണ്.കർമ്മത്തിന് അർഹമായ ഫലം എല്ലായ്പ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല എന്ന നിഗൂഡാർഥം വരികൾക്കിടയിൽ വായിയ്ക്കാനാവും. സത്കർമ്മത്തിന് സത്ഫലവും ദുഷ്ക്കർമ്മത്തിന് ദുഷ്ഫലവുമെന്ന ലളിതമായ നീതിശാസ്ത്രമാണ് ഒരു ശരാശരിമനുഷ്യന്റെ ബുദ്ധിയ്ക്കു വഴങ്ങുക.പ്രപഞ്ചശക്തിയിൽനിന്നും അവൻ പ്രതീക്ഷിയ്ക്കുന്നതും അതാണ്.എന്നാൽ പലപ്പോഴും മറിച്ചാണ് അനുഭവം.ഏറ്റവും വലിയ പുണ്യാത്മാവായിരുന്ന ശ്രീരാമകൃഷ്ണപരമഹംസന്റെ അന്ത്യം വേദനതിന്നുകൊണ്ടായിരുന്നു.തൊണ്ടയും നാവും പുഴുത്ത് ,ഒരു ജന്മത്തിന്റെ വേദനമുഴുവൻ ഒന്നിച്ചനുഭവിച്ച്.ശരീരമാണ് വേദനിയ്ക്കുന്നതെന്നും ആത്മാവിന് വേദനയും സുഖവുമൊന്നുമില്ലെന്നുമൊക്കെ വാദിച്ച് ആത്മീയവാദികൾക്ക് രക്ഷപെടാൻ കഴിഞ്ഞേയ്ക്കും.എന്നാൽ ലൌകികജീവിതം നയിയ്ക്കാൻ വിധിയ്ക്കപ്പെട്ട സാധാരണമനുഷ്യന് ആത്മീയതയുടെ ഉത്തരങ്ങൾ പലപ്പോഴും ദഹിച്ചെന്നു വരില്ല.
ദ്വാപരയുഗത്തിലെ കൃഷ്ണനിൽ നിന്നും വളരെയൊന്നും വ്യത്യസ്തനായിരുന്നില്ല ത്രേതായുഗത്തിലെ ശ്രീരാമൻ.മര്യാദാരാമനും ഉത്തമപുരുഷനുമായിരുന്ന ശ്രീരാമചന്ദ്രന്റെ കഥ അടിമുടി അഴിച്ചിട്ടു പരിശോധിച്ചാൽ നേരുകേടുകളുടെ ഒരു ഘോഷയാത്രതന്നെ കാണുവാൻ സാധിയ്ക്കും.മുജ്ജന്മത്തിൽ‌പ്പോലും ശത്രു അല്ലാതിരുന്ന ബാലിയെ രാമൻ ഒളിയമ്പെയ്തുകൊന്നത് സുഗ്രീവനുമായി സന്ധി ചെയ്യുവാൻ മാത്രമായിരുന്നു.ഭാര്യയെ വീണ്ടെടുക്കുക എന്ന സ്വാർഥമോഹമായിരുന്നുവല്ലോ ബാലിവധത്തിനുപിന്നിലെ പ്രേരണ.ലക്ഷക്കണക്കിനു വാനരങ്ങളെ കുരുതികൊടുത്ത് രാക്ഷസകുലത്തെ മുച്ചൂടും മുടിച്ച് നേടിയ വിജയത്തിനു പിന്നാലെ ഒരു രണ്ടാം മധുവിധു. അതിന്റെ മധുരം മായും മുമ്പെ രാമന് സംശയരോഗം തുടങ്ങി.പൂർണ്ണഗർഭിണിയായ സീതയെ കാട്ടിലുപേക്ഷിയ്ക്കുമ്പോളും രാമൻ നീതിമാനാണ്.ഏതു നീതിശാസ്ത്രമാണ് രാമന്റെ ഈ പ്രവർത്തിയ്ക്കു തുണയാകുന്നത്? കാനനവാസകാലത്ത് സീതയും ലക്ഷ്മണനുമായി അവിഹിതബന്ധമുണ്ടായിരുന്നെന്ന് പ്രജകളിലൊരുവൻ ആരോപിച്ചിരുന്നെങ്കിൽ രാമൻ സ്വസഹോദരനെ ശിരച്ഛേദം ചെയ്യുമായിരുന്നുവോ?വാൽമീകിരാമായണം ഇവിടെയൊക്കെ അർഥഗർഭമായ നിശബ്ദത പാലിയ്ക്കുന്നു.എഴുത്തച്ഛനാവട്ടെ രാമനെ ദൈവമാക്കിയവതരിപ്പിച്ച് കണ്ണടച്ചിരുട്ടാക്കുകയാണ് ചെയ്യുന്നത്. ധർമ്മാധർമ്മങ്ങളും സത്യാസത്യങ്ങളുമൊക്കെ ആപേക്ഷികമാണെന്ന സന്ദേശമാണ് രാമായണവും ഗീതയുമൊക്കെ ഒരു ശരശരിമനുഷ്യനു നൽകുന്നത്.കാലവും ദേശവും സമയവുമൊക്കെ ആപേക്ഷികമാണെന്ന് ആധുനികശാസ്ത്രവും ഐൻസ്റ്റീനും വാദിയ്ക്കുന്നു.തെറ്റും ശരിയും ആപേക്ഷികമാണെന്നാണ് കള്ളക്കൃഷ്ണന്റെ പക്ഷം.ദാസിയ്ക്ക് ഉത്തരീയം ധരിയ്ക്കാനവകാശമില്ലെന്നതായിരുന്നു ദുര്യോധനന്റെ ശരി.അതിനാൽ അതഴിച്ചുമാറ്റാനയാൾ സഹോദരനോട് കൽ‌പ്പിച്ചു. എന്നാൽ പാണ്ഡവപക്ഷത്തിന് ഇതു ശരിയായിരുന്നില്ല.കാരണം “പാണ്ഡവ“പത്നിയായിരുന്നല്ലോ പാഞ്ചാലി.ഒരുവന്റെ ശരി മറ്റൊരുവനു തെറ്റാകുന്നു.ഞാൻ ചെയ്യുന്നതൊക്കെ എനിയ്ക്കു ശരി.ഗദായുദ്ധത്തിൽ അരയ്ക്കു താഴെ താഡിയ്ക്കരുതെന്നാണ് നിയമം.അതാണ് ശരി.എന്നാൽ നിർണ്ണായക നിമിഷത്തിൽ കൃഷ്ണൻ ആ ശരിയ്ക്കുനേരെ കണ്ണടച്ചുകളഞ്ഞു.തുടയ്ക്കടിച്ചില്ലെങ്കിൽ ഭീമന്റെ തല ദുര്യോധനന്റെ ഗദാഘാതമേറ്റ് ചമ്മന്തിയാകുമായിരുന്നു.അതിനാൽ“ശരി“യേതെന്ന് കൃഷ്ണൻ തന്റെ തുടയിലടിച്ച്കാണിച്ചുകൊടുത്തു.ഹോ....,എങ്കിലും എന്റെ കള്ളക്കൃഷ്ണാ...!
ഉവ്വ്..കള്ളച്ചിരിചിരിയ്ക്കയാണ് കൃഷ്ണൻ,സന്ദേശം വളരെ വ്യക്തമാണ്.
ധർമ്മാധർമ്മങ്ങളുടേയും സത്യാസത്യങ്ങളുടേയും പുണ്യപാപങ്ങളുടേയുമൊക്കെ സമ്മിശ്രതയാണ് ജീവിതവുംലോകവും.സൂക്ഷ്മമായി ചിന്തിയ്ക്കുമ്പോൾ ലോകഗതിയ്ക്ക് പ്രത്യേക വ്യവസ്ഥയൊന്നും തന്നെയില്ല.അത് അങ്ങനെയൊക്കെയങ്ങ് നടക്കുന്നു.സത്യവും ധർമ്മവും നീതിയുമൊക്കെ സയൻസിലെ അബ്സൊല്യൂട്ട് സീറോ പോലെയാണ്.ഒരിയ്ക്കലും പൂർണ്ണാർഥത്തിൽ എത്തിപ്പെടാൻ സാധിയ്ക്കാത്തത്.ലൌകികജീവിതത്തിന്റെ അടിസ്ഥാനപ്രമാണംതന്നെ കാട്ടുനീതിയത്രേ.ബലവാൻ രാജാവ്.അവൻ ചെയ്യുന്നത് ശരി....
ഭഗവത്ഗീത വായിച്ച് ആരും സന്ദേഹപ്പെടേണ്ട.“കർമ്മണ്യേ വാധികാരസ്തേ...“കൃഷ്ണൻ ഗൂഡമായിചിരിയ്ക്കുകയാണ്.കള്ളച്ചിരി........

Tuesday, March 2, 2010

പ്രണയം -ചില വിരുദ്ധചിന്തകൾ

പറയാനൊന്നും ബാക്കിയില്ലാത്ത വാക്കാണ് പ്രണയം.പറഞ്ഞുപറഞ്ഞ് തേഞ്ഞുതീർന്ന വാക്ക് കവികൾ അതിനെ ആകെ കശക്കിക്കളഞ്ഞു.കാഥികർ പരത്തിപ്പറഞ്ഞ് അതിന്റെ മാംസളതയെ മുഴുവൻ ഉരുക്കിക്കളഞ്ഞു..തത്വചിന്തകരാവട്ടെ ചേർച്ചയില്ലാത്ത കുപ്പായങ്ങൾ ഇടുവിച്ച് അതിന് ഒരു കോമാളിയുടെ രൂപഭാവങ്ങൾ നൽകി.
മാംസനിബദ്ധമല്ല രാഗം എന്നത് ലോകത്തെ ഏറ്റവും ശുദ്ധമായ ഭോഷ്ക്കാണ്.പ്രണയങ്ങളുടെ സഫലീകരണംലൈംഗികതയിലാണെന്നു പറയുമ്പോൾഒരുപക്ഷേ പ്രണയാദർശികൾ എതിർത്തേക്കാം.പ്രത്യുൽ‌പ്പാദനോപാധി മാത്രമായാണ് പ്രകൃതി പ്രണയത്തെ ഒരുക്കിയിരിയ്ക്കുന്നത്.മനുഷ്യൻ അതിനെ ഒരു വിനോദോപാധികൂടിയാക്കി മാറ്റി.ഒരേ ലിംഗക്കാർക്കിടയിലെ പ്രണയം പോലും ലൈംഗികതയിൽ അധിഷ്ഠിതമാണ്.
ഇഷ്ടം എന്ന വികാരം തന്നെ വസ്തു കേന്ദ്രീകൃതമാണ്.വസ്തുകേന്ദ്രീകൃതമല്ലാത്ത ഒരു തരം വികാരവും നിലനിൽ‌പ്പില്ലാത്തവയുമാണ്.ഗന്ധം,രുചി,കാഴ്ച,ശബ്ദം,സ്പർശം എന്നിവയിലൂടെ മാത്രമേ ഇഷ്ടം എന്നവികാരം രൂപപ്പെടുകയുള്ളൂ.അമൂർത്തമായ ഒന്നിനേയും മനുഷ്യന് ഇഷ്ടപ്പെടാനാവില്ല.അഥവാ അങ്ങിനെയൊന്നിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽത്തന്നെ അത് മൂർത്ത രൂപത്തിൽ നിന്നും ഉടലെടുത്ത ഒരു അമൂർത്തതയാവും.ഒരിയ്ക്കലും കാണാത്ത,കേൾക്കാത്ത,സ്പർശിയ്ക്കാത്ത,ഗന്ധിയ്ക്കാത്ത,രുചിയ്ക്കാത്ത രണ്ടു വ്യക്തികൾക്കിടയിൽ പ്രണയം സാദ്ധ്യമല്ല.പ്രണയം അടിമുടി മാംസ നിബദ്ധമാണെന്നതിന് മറ്റുതെളിവുകൾ എന്തിന്?ഈശ്വരനെ പ്രണയിച്ചവരെ നമുക്ക് വിടുക.അത് പ്രണയമല്ല.ചിത്തഭ്രമത്തിന്റെ ഒരു വകഭേദം മാത്രമാണ്.
അനശ്വര പ്രണയം എന്നതും അടിസ്ഥനമില്ലാത്ത ഒരു സങ്കൽ‌പ്പം മാത്രമാന്.ഒരു മനുഷ്യന്റെ മരണത്തോടെ അവനെ സംബന്ധിയ്ക്കുന്ന എല്ലാം അവസാനിയ്ക്കുകയാണ്.മരണത്തിനപ്പുറം പ്രണയത്തെ നീട്ടിക്കൊണ്ടുപോകാമെന്ന ചിന്തതന്നെ വിഡ്ഢിത്തമാണ്.എന്തിനു മരണത്തിനപ്പുറം, മരണംവരെപ്പോലും എത്രപേർക്ക് പ്രണയത്തെ നെഞ്ചോട്ചേർത്തുപിടിയ്ക്കാൻ കഴിയാറുണ്ട്?സ്ഥായിയായ ഒരു ഭാവത്തിലൊ അവസ്ഥയിലോ എക്കാലവും മനുഷ്യ മനസ്സിനെ തളച്ചിടാനാവില്ല.ചഞ്ചലമാണു മനുഷ്യ മനസ്സ്.ഈ നിമിഷത്തിൽ മനസ്സിലങ്കുരിച്ച ഒരു വികാരത്തെ,ഭാവത്തെ അടുത്ത നിമിഷം വരെയെങ്കിലും അതേ തീവ്രതയോടെ നിലനിർത്തുവാൻ എത്ര പേർക്ക് കഴിയുന്നുണ്ട്?എല്ലാം നശ്വരമെന്ന സിദ്ധാന്തത്തിൽ നിന്നും പ്രണയത്തിനുമാത്രം ഒരൊഴിവ് സാദ്ധ്യമല്ലതന്നെ.
അനുഭൂതികൾ പങ്കിടാനായി രണ്ടു വ്യക്തികൾക്കിടയിൽ ഉഭയസമ്മതപ്രകാരം നിർമ്മിയ്ക്കപ്പെടുന്ന ഒരു കരാർ മാത്രമാണ് പ്രണയം.എങ്കിലും അതു നില നിൽക്കുന്നിടത്തോളംകാലം അതു പകരുന്ന അനുഭൂതി അത്ഭുതകരം തന്നെ.
സ്വാർത്ഥമാണ് പ്രണയം.മറ്റൊരാളിനെ മാനസികമായും ശാരീരികമായും സ്വന്തമാക്കാനുള്ള തീവ്രാഭിവാഞ്ചയാണിത്.മറ്റൊരാളീന്റേയോ മറ്റൊന്നിന്റേയോ ഗന്ധം,സ്പർശം,രുചി,ദർശനം ഇവ എപ്പൊഴും ആഗ്രഹിയ്ക്കുന്ന അവസ്ഥയാണിത്.ആഗ്രഹമെന്ന വാക്കിന്റെ ആന്തരാർഥം സ്വാർഥമെന്നല്ലാതെ മറ്റെന്താണ്?ആകയാൽ പ്രണയം ശുദ്ധ സ്വാർഥമാകുന്നു.മനുഷ്യരുടെ ലോകത്ത് സ്വാർഥമല്ലാത്തഎന്താണുള്ളത്?അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം സ്വാർഥമല്ലെന്നാണ് ചിലരുടെ വാദം. തന്റെ കുഞ്ഞിന് താൻ നൽകുന്ന എല്ലാം,സ്നേഹമടക്കം,ലഭിയ്ക്കുമെന്നുറപ്പുണ്ടെങ്കിലും,ഏതെങ്കിലും അമ്മ അതിനെ തന്നിൽ നിന്നും അകലെ മറ്റൊരിടത്ത് ആയിരിയ്ക്കുവാൻ സമ്മതിയ്ക്കുമോ?
പ്രണയം ഒരേ സമയം,ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കും വികാരവുമാണെങ്കിലും ഒപ്പം അത് ലോകത്തിലെ ഏറ്റവും അഭിശപ്തമായ എന്തോ ഒന്നു കൂടിയാണ്.ഒരു മനുഷ്യജീവി അനുഭവിയ്ക്കുന്ന ഏറ്റവും കടുത്ത നൈരാശ്യമത്രെ പ്രണയനൈരാശ്യം.അത് ഏതാണ്ട് മരണത്തോളം തന്നെ ഭീകരവും തീവ്രവുമാണ്.പ്രണയത്തിന്റെ സന്തതസഹചാരിയായ കൂടപ്പിറപ്പാണ്,പ്രണയനൈരാശ്യം.പ്രണയം പൂവണിയാഞ്ഞാൽ ത്നൈരാശ്യത്തിനു കാരണമാകാം.എന്നാൽ പൂവണിയപ്പെട്ട പ്രണയവും നൈരാശ്യത്തിൽ നിന്നും മുക്തമല്ല.
പ്രണയം സ്വാർഥവും നശ്വരവുമാണെന്ന് മനസിലാക്കുന്ന നിമിഷമാണ് പ്രണയി ഏറ്റവും കടുത്ത നൈരാശ്യത്തിന് അടിപ്പെട്ടുപോകുന്നത്...........!!!!

Saturday, December 27, 2008

കോട്ടയം-കുമളി റോഡ്


കോട്ടയം ചരിത്രപ്രസിദ്ധമാണ്.അക്ഷരനഗരിയെന്ന് ആലങ്കാരികഭാഷ.1970കളിലേയും80കളിലേയും കോട്ടയത്തിന്റെ ചരിത്രം വായനയുടെ ജനകീയവൽക്കരണത്തിന്റെ ചരിത്രം കൂടിയാണ്.ഈ കാലഘട്ടത്തിൽ ,ജനപ്രിയ നോവലിസ്റ്റുകളുടേയും കഥകാരന്മാരുടെയും ഒരു നീണ്ടനിരതന്നെ കോട്ടയത്തുണ്ടായിരുന്നു.കോട്ടയം പട്ടണത്തിൽ നിന്നുമാത്രം ഏതാണ്ട് മുപ്പതിലധികം ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.മംഗളം,മനോരമ,മാമാങ്കം,മലയാളം,മനസ്വിനി,മനോരാജ്യം...എന്നിങ്ങനെ.മുഖ്യധാരാസാഹിത്യകാരന്മാരാൽ "മ വാരികകൾ" എന്നാക്ഷേപിക്കപ്പെട്ട ഇവ, അക്ഷരങ്ങളുടെ വർണ്ണ അലുക്കുകളെ സാധാരണക്കാരന്റെ ഹൃദയങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നതിൽ അസാധാരണ കരവിരുതാണ് കാട്ടിയത്. മലയാളിയുടെ ആർതർ കോനൻ ഡോയലോ,ബ്രാം സ്റ്റോക്കറോ ഒക്കെ ആയിരുന്നു, അപസർപ്പകകഥാകാരൻ കോട്ടയം പുഷ്പനാഥ്.........കോട്ടയത്തിന്റെ നാലതിരുകൾ വിട്ട് പുറത്തുസഞ്ചരിച്ചിട്ടേയില്ലാത്ത അദ്ദേഹത്തിന്റെ തൂലിക ന്യൂയോർക്കും,ഈജിപ്റ്റും,ലണ്ടനും പോലെയുള്ള മഹാനഗരങ്ങളുടേയും രാജ്യങ്ങളുടേയും ഭൂമിശാസ്ത്രം കടുകിടതെറ്റാതെ കഥകളിൽ വരഞ്ഞിട്ടു. കാനം ഈ.ജെ. യുടേയും മുട്ടത്തുവർക്കിയുടേയും ഒക്കെ കർമ്മ മണ്ഡലവും കോട്ടയമായിരുന്നു.തകഴി,കാരൂർ,പൊൻ കുന്നം വർക്കി,പൊൻ കുന്നം ദാമോദരൻ[ജയചന്ദ്രൻ ഈണമിട്ട പച്ചപ്പനംതത്തേ..യുടെയും മറ്റും കർത്താവ്] എന്നിങ്ങനെ കോട്ടയത്തിന് എത്രയെത്ര അക്ഷരമുത്തച്ഛന്മാർ....!!!!!അയ്മനത്തിന്റെ കഥയെഴുതി സായ്പിന്റെ ബുക്കർപ്രൈസ് വാങ്ങിയ അരുന്ധതി റോയ്, ക്രിസ്ത്യൻ പിന്തുടർച്ചാവകാ‍ശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സമ്പാദിച്ചതിലൂടെ പ്രസിദ്ധയായ മേരി റോയ് മലയാളികളെ വായനയുടെ രീതിശാസ്ത്രവും അതിനുപിന്നിലെ സാമ്പത്തികശാസ്ത്രവും പഠിപ്പിച്ച ഡി.സി.കിഴക്കേമുറി,കെ.ആർ.നാരായണൻ,ഈ.സി.ജി സുദർശൻ എന്നിങ്ങനെ കോട്ടയത്തിന്റെ പ്രശസ്തരായ സന്തതികൾ എത്രയെത്ര...!!!! 19 ,20, നൂറ്റാണ്ടുകളിൽ വിദേശമിഷനറി പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു,കോട്ടയം...കേരളത്തിലെ ഏറ്റവും പഴക്കമുള്ള കലാശാല കോട്ടയത്താണുള്ളത്. സി.എം.എസ്സ്.കോളേജും സ്കൂളും.അച്ചു ക്കൂടത്തിന്റെ ആശാൻ ബഞ്ചമിൻ ബെയ്ലി........അനന്തമായി നീളുകയാണ് കോട്ടയത്തിന്റെ പെരുമകളുടെ ലിസ്റ്റ്..............!!!
കോട്ടയത്ത്നിന്നും കുമളിയിലേയ്ക്ക് കെ. കെ. റോഡിലൂടെ സഞ്ചരിക്കുമ്പോൾ പറുദീസയിലേയ്ക്കുള്ള വഴി എന്ന ചുവരെഴുത്തു കാണാം. കോട്ടയത്തിനും കുമളിയ്ക്കുമിടയിൽ മലനിരകളെ ചുറ്റിയും സമതലങ്ങളെ പുണർന്നും വളഞ്ഞും പുളഞ്ഞും ഈ റോഡ് എൻ.എച്ച് 220 ആയി രൂപം മാറിയിട്ടുണ്ട് ഇപ്പോൾ. സായ്പന്മാർക്ക് സുഖമായി സഞ്ചരിക്കുവാൻ ലോകബാങ്ക് കോടികളാണ് ഈ റോഡിൽ വാരിപ്പൂശിയിരിയ്ക്കുന്നത്.മലഞ്ചരക്ക് വ്യാപാരകേന്ദ്രമായ പൊൻ കുന്നം,ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിയ്ക്കുന്ന കാഞ്ഞിരപ്പള്ളി,പ്രകൃതിമനോഹരിയായ വാഗമൺ,കോലാഹലമേട്,പാഞ്ചാലിമേട്,തേക്കടി ടൈഗർ റിസേർവ്വ്,ഡാമുകളുടെ മുതുമുത്തച്ഛൻ മുല്ലപ്പെരിയാർ,ഇടുക്കി ആർച്ച് ഡാമും മൂലമറ്റം പവ്വർ ഹൌസ്സും-..................കെ.കെ. റോഡ് യാത്രികരെ കൊണ്ടുചെന്നെത്തിയ്ക്കുന്ന അതിശയങ്ങളുടെ പറുദീസകൾ........!!!!!!!
പൊൻ കുന്നത്തുനിന്നും,ബസ്സിൽ അച്ഛന്റെ മടിയിലിരുന്ന് തേക്കടിയ്ക്കു യാത്ര ചെയ്യുമ്പോളാണ്, ആദ്യമായി സായ്പിന്റേയും കാട്ടുമൂപ്പന്റേയും കഥ കേട്ടത്.ഉറക്കങ്ങളുടെ കൂട്ടുകാരനായി ഈ കഥ എന്നെ ഒത്തിരി രാത്രികളിൽ തഴുകിയിട്ടുണ്ട്.പൊടിപ്പും തൊങ്ങലും വെച്ച് കഥ പറയുവാനും കഥകളും ഉപകഥകളുമായി നീട്ടിക്കൊണ്ടുപോകുവാനും വിരുതനായിരുന്നു എന്റെ അച്ഛൻ.കഥകളെ ഹൃദയത്തിലേയ്ക്ക് ചേർത്ത്പിടിച്ചുതുടങ്ങിയ നാളുകളിൽ ഒരിയ്ക്കൽ അച്ഛൻ എനിയ്ക്ക് ‘ഒരു ദേശത്തിന്റെ കഥ’ സമ്മാനമായി വാങ്ങിത്തന്നു.സ്കൂൾ ലൈബ്രറിയുടെ ചാർജ്ജ് വഹിച്ചിരുന്ന അച്ഛൻ വലിയ പുസ്തകക്കെട്ടുമായാണ് എന്നും വീട്ടിൽ വന്നുകയറുക.വായന ഭ്രാന്തായിമാറിയപ്പോൾ പാഠപുസ്തകങ്ങൾ പൊടിപിടിച്ചു.വിക്ടർ ഹ്യൂഗോയുടെ പാവങ്ങളും,എം.ടി.യുടെ അസുരവിത്തും നാലുകെട്ടുമൊക്കെ ഭ്രാന്തമായ ആവേശത്തോടെയാണ് വായിച്ചുതീർത്തത്.’അരനാഴികനേരത്തിലെ’ ആദ്യനാലുപുറങ്ങൾ വള്ളിപുള്ളിവിടാതെ ഓർമ്മയിൽ നിന്നും എടുത്തെഴുതാൻ എനിയ്ക്കു കഴിയും.-ഭ്രാന്തിന്റെ ഏതോ വഴിത്തിരിവിൽ വെച്ച് ഇടതുകാലിലെ കഥയുടെ മന്ത് കവിതയുടെ രൂപത്തിൽ വലതുകാലിലേയ്ക്ക് മാറി.കഥ കൈവിട്ടുപോയതിൽ വൈക്ലബ്ബ്യമുണ്ടെങ്കിലും കവിതയിലൂടെയും കഥപറയാമെന്ന തിരിച്ചറിവു് ആശ്വാസത്തിനായി കൂട്ടിനെത്തി.
എഴുപതുകഴിഞ്ഞിരിയ്ക്കുന്നൂ,എന്റെ അച്ഛനിപ്പോൾ. രണ്ടാം ക്ലാസ്സുകാരിയായ എന്റെ മകൾക്ക് കഥപറഞ്ഞുകൊടുക്കുന്നതിനിടയിൽ അച്ഛൻ ചിലപ്പോൾ പൊടുന്നനെ വഴിതെറ്റിയലയാറുണ്ട്. നാവിൽ നിന്നും വഴുതിപ്പോകുന്ന വാക്കുകൾ ഓർമ്മയുടെ ഇരുണ്ട ഇടനാഴിയിൽ വീണുകിടക്കുന്നത് അച്ഛൻ നിസ്സഹായനായി കണ്ടറിയും.പകുതിയിൽ വെച്ച് മുറിഞ്ഞുപോയ കഥയെക്കുറിച്ചുള്ള പരാതിയുമായി മകൾ വരുമ്പോൾ എന്റെ നെഞ്ചിൽ പഴയ ഒരായിരം കഥകളുടെ നെരിപ്പോടുകൾ എരിഞ്ഞുകത്തും.ഓർമ്മകളെ കാർന്നുതിന്നുന്ന മാരകരോഗത്തിന് അച്ഛന്റെ മസ്തിഷ്ക്കം പൂർണ്ണമായും കീഴടങ്ങും മുമ്പേ അച്ഛനുവേണ്ടി ഈ കവിത കുറിച്ചിടട്ടെ,ഞാൻ......
മറവിയുടെ ഒരു ദുർഭൂതം എന്റെ വഴിയിലും ,എന്നേക്കാത്ത് മറഞ്ഞിരിപ്പുണ്ടല്ലോ....



കോട്ടയം-കുമളി റോഡ്
കാട്ടുമൂപ്പന്റെ തലയ്ക്കുള്ളിൽ
പുളഞ്ഞ ഒരു ഇടിവാളാണ്,
മലകളുടെ ശിരോരേഖകളായത് .
വെള്ളക്കാരൻ ചൂണ്ടിയ ഇടങ്ങളിലൂടെ
കറുത്ത ഒരു നാടപോലെ ,
കയറ്റിറക്കങ്ങളിൽ വലിഞ്ഞുനീണ്ടും ,
വളവുകളിൽ ചുരുങ്ങിയും ചുരുണ്ടും
റബ്ബർ മരങ്ങൾക്കിടയിലൂടെ ,
ഇഴഞ്ഞിഴഞ്ഞ്;
ഒടുക്കം കോട്ടയത്തെത്തും മുമ്പേ-
കാടന്റെ തലച്ചോർ-
സായ്പിന്റെ തീയുണ്ടകൾ തിന്നുതീർത്തിരുന്നു.
ഇപ്പോൾ തേക്കടിയ്ക്കു പോകുന്ന സായ്പന്മാർ,
പകലിരുണ്ടാൽ യാത്ര തുടരാറില്ല.
മത്തായിക്കൊക്കയിൽ നിന്നും
പിടഞ്ഞുയരുന്ന കാട്ടുമൂപ്പന്റെ നിലവിളി
ദൂരെ പാഞ്ചാലിമേട്ടിൽ മാറ്റൊലിക്കൊള്ളുന്നത്
ഞങ്ങളിൽ ചിലർ കേട്ടിട്ടുണ്ട്.
കാട്ടുമൂപ്പന്റെ ആറാംതലമുറയത്രെ
കരുണൻ........
ഞങ്ങളുടെ ആത്മസുഹൃത്ത്!
പഠിപ്പുകഴിഞ്ഞ്
പ്രത്യയശാസ്ത്രത്തിൽ ഡോക്ടറേറ്റെടുത്തു.
കുറച്ചുനാൾ ഒരു കുത്തക കമ്മ്യൂണിസ്റ്റ് കമ്പനിയിൽ
ശമ്പളമില്ലാതെ ജോലി ചെയ്തു.
ഒടുക്കം വി.ആർ.എസ്സ് എടുത്ത്
നാട്ടുകലുങ്കുകളിൽ ഞങ്ങളോടൊപ്പം
മണിക്കൂർ ശമ്പളത്തിൽ
പകലിരവുകളെ
അലസം കൊന്നുകൊണ്ടിരിയ്ക്കേ-
പെട്ടെന്നൊരുനാൾ ,
ടൂറിസം വകുപ്പിൽ ഒരു ഗൈഡായി-
അപ്രത്യക്ഷനായി!!!!
ഹേ സഞ്ചാരികളേ
ഈ വഴി വരുമ്പോൾ
കോട്ടയം-കുമളി റോഡിന്റെയോരത്ത് -
എവിടെയെങ്കിലും
കരുണനെക്കണ്ടാൽ
ഞങ്ങളെ അറിയിക്കാൻ മറക്കരുത്.
ഒരു പക്ഷേ‌
അഗാധമായ കൊക്കയിലേയ്ക്ക് കൈചൂണ്ടിക്കൊണ്ട്‌
ഒരു സായ്പിനോട് ചങ്ങാത്തപ്പെട്ട്;
പുകമഞ്ഞിനോടൊപ്പം;
പാഞ്ചാലിമേടിന്റെ രോദനത്തിലലിഞ്ഞ്......
റോഡിന്റെയോരത്ത്......
അഥവാ ഓർമ്മകളുടെ ചാരത്ത്
എവിടെയെങ്കിലും......?
*ഹൈറേഞ്ചിലെ ദുർഘടമലനിരകളിലേയ്ക്കുള്ള വഴികണ്ടെത്താൻ വെള്ളക്കാരനെ സഹായിച്ചത് ഒരു കാട്ടുമൂപ്പനത്രേ.പിന്നീട് ആ വഴി കെ.കെ. റോഡായി.ഇപ്പോൾ എൻ.എച്ച് 220 എന്ന നാഷണൽ ഹൈവേയും.കാട്ടുമൂപ്പനെ ഒടുക്കം സായ്പ് വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പഴമൊഴി

Tuesday, July 22, 2008

കവിത നിര്‍വ്വചിക്കപ്പെടുന്നു.............

[തികച്ചും വ്യക്തിപരം]
പുതിയപുതിയ അര്‍ഥതലങ്ങള്‍ തേടുന്ന പദസമൂഹമാണ് കവിത.വിളക്കിച്ചേര്‍ക്കലിന്റെ രമ്യത പദങ്ങളേയും അര്‍ഥങ്ങളേയും ഭാവത്തിന്റെ അവാച്യസൌന്ദര്യമേഖലയിലേയ്ക്കുയര്‍ത്തുന്നു.കവിത ഒരു സ്വകാര്യാനുഭവം മാത്രമാണ്,തികച്ചും. സമൂഹജീവി എന്നനിലയില്‍ കവിയ്ക്ക് സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരിക്കണം.എന്നാല്‍ കവിതയ്ക്ക് അതുണ്ടായിരിക്കണമെന്നു ശാഠ്യപ്പെട്ടു കൂടാ.ഉണ്ടായാൽ നന്ന്.കവിതകൊണ്ട് സമൂഹത്തെ മാറ്റിമറിക്കാമെന്ന അഹങ്കാരമൊന്നും പുതുലോകത്തെ കവിക്കില്ല.രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും ലോകമെമ്പാടുംതന്നെ സാഹിത്യം നടത്തിയിട്ടുള്ള വിജയകരമായ ഇടപെടലുകളെ നിഷേധിക്കുന്നില്ല.അവ ചരിത്രത്തിന്റെ ഭാഗമാണ്.എന്നാല്‍ പുതിയ ലോകത്തില്‍ അതിനു സമാനതകള്‍ കണ്ടെത്താനാവില്ല. കവിതകളോടൊട്ടിനില്‍ക്കുന്നത് ഒരു ചെറിയലോകം മാത്രമാണിപ്പോള്‍......ലോകം വലുതും സങ്കീര്‍ണ്ണവുമായി വളരുംതോറും കവിതയുടെ മണ്ഡലം ചെറുതാവുകയാണ് ചെയ്യുന്നത്.അതാണ് യാഥാര്‍ഥ്യം.കവിത വായിക്കുന്നവരുടെ എണ്ണം പോലും അനുദിനം കുറഞ്ഞുവരുന്ന ഒരു സമൂഹത്തില്‍,ഭാരിച്ച ചുമതലകളൊന്നുംതന്നെ കവിതയ്ക്ക് നിര്‍വ്വഹിക്കാനില്ല,അഥവാനിര്‍വ്വഹിക്കാനാവില്ല; അതുകൊണ്ട് കവിത ആത്യന്തികമായി ഒരു സ്വകാര്യാനുഭവം മാത്രമാണ്‍.താല്‍പ്പര്യമുള്ളവക്ക് അതില്‍ പങ്കുചേരാവുന്നതാണ്‍.
അത്തരക്കാര്‍ക്കായി................................

“എന്റെ കവിത“
[ആനുകാലികങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടവയാണ് ,എല്ലാം.ബൂലോകവായനയ്ക്കായി സമർപ്പിയ്ക്കുന്നു]
സങ്കടജലം
[2003 നവംബര്‍9-15 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്]
കുടത്തില്‍ സങ്കടജലം നിറച്ചുഞാന്‍
മടങ്ങിച്ചെല്ലുന്ന വഴിക്കണ്ണും കാത്ത-
ങ്ങിരിക്കയാണു രണ്ടനാഥ ജന്മങ്ങള്‍!
നരച്ചപീലികള്‍,തുറിച്ചകണ്ണുകള്‍;
നിറച്ചിരുട്ടിന്റെ നിഴലനക്കങ്ങള്‍....
നിശ്ശബ്ദശ്ശബ്ദങ്ങളടച്ചുവെച്ചൊരു
കുടംകണക്കിരുള്‍ പടര്‍ന്നകാനനം.
അകലത്തിലേതോ ദുരന്തങ്ങള്‍,വന്യ-
മലറുന്നുണ്ടുഗ്ര മ്രുഗത്തിന്‍ഭാഷയില്‍
തനിച്ചിരിക്കുവാന്‍ ഭയന്നു കൈപിടി-
ച്ചണച്ചൊരോര്‍മ്മകള്‍,വ്യഥകളൊക്കയും
നരച്ചനെഞ്ചിന്റെ മണങ്ങളിലൊട്ടി-
പ്പിടിച്ചിരിക്കുന്നതറിഞ്ഞു ഞാന്‍,കുടം-
ജലത്തിലാഴ്ത്തുമ്പോള്‍; കണക്കുകൂട്ടലില്‍
പിഴച്ചുപോയൊരു ന്രുപന്റെ കൈയിലെ
കുലച്ചവില്ലൊരു കുസ്രുതികാട്ടുമ്പോള്‍
എനിയ്ക്കു നെഞ്ചകം തുളഞ്ഞുപോയ്;ശരം-
മരത്തില്‍ച്ചെന്നേറ്റു വിറച്ചുനില്‍ക്കുന്നു....
കൊടും പുത്രശോകം നിറച്ചൊരു കുടം
ചിതയ്ക്കുള്ളില്‍ വീണു ചിതറിടുമ്പൊഴും
വഴിക്കണ്ണും കാത്തിട്ടിരിക്കയാണാന്ധ്യം
വിധിച്ച കണ്ണുമായനാഥ ജന്മങ്ങള്‍........
ഉച്ച
[2007 ജൂണ്‍ 17-മാതൃഭൂമി ആഴ്ചപ്പതിപ്പ്]
നിഴല്‍ക്കൂട്ടുപോലുമില്ലാത്തനേരം,
നിരാലംബമെങ്കിലും-
നിവര്‍ന്നുനിന്നുകത്തുന്ന മെഴുതിരിയായി,
ഉരുകിയൊലിക്കുന്നേരം.....
പടിഞ്ഞാട്ടു നിഴല്‍ക്കൈ നീട്ടിയാല്‍
പ്രഭാതത്തെ തൊടാം
കിഴക്കോട്ടായാല്‍
സായന്തനത്തേയും.
പാദങ്ങള്‍ പറിച്ചുവെക്കാനാവില്ലെന്നതാണ്-
പ്രശ്നം.
എങ്കിലും,
ഒരു നിലപാടുണ്ടല്ലോയെന്ന സമാധാനം.....
ഉച്ചിയില്‍ വീണ തീജ്ജ്വാലയില്‍
നില്‍ക്കുന്നിടത്തുതന്നെ
ഉരുകിത്തീരാനാണ്‍-
വിധി.
പല്ലി
[കലാകൌമുദി വാരിക2002 നവംബര്‍ 10]
നേരുവിളിച്ചുപറഞ്ഞതിനല്ലോ
നാവു മുറിച്ചുകളഞ്ഞൂ..?
വാലു മുറിച്ചുകളഞ്ഞതിനാലിനി
വാലാട്ടാതെ കഴിക്കാം
വാലുകിടന്നുപിടയ്കുമ്പോള്‍ നിന്‍-
നാവില്‍ കൊതി പെരുകുമ്പോള്‍
ഓടിയൊളിക്കാന്‍ കണ്ടല്‍ക്കാടുകള്‍
തേടുകയാണെന്‍ ഹ്രുദയം.
നേരും നെറിയും നെഞ്ചുമുരച്ചീ-
ചോരപ്പാടു രചിക്കേ,
സൂര്യനുറങ്ങിയ ചുവരില്‍ വൈദ്യുത-
ദീപം കണ്ണുമിഴിക്കേ
പ്രാണനുടുമ്പായ് ഭിത്തിയിലള്ളീ-
കാലുകളിടറീടുന്നൂ...
വാലുമുറിച്ചൊരു നേരിന്‍ ചൊല്ലുകള്‍
കാതിലിരമ്പീടുന്നൂ.
പാരൊന്നാകെ ഭരിച്ചവരാണെന്‍
പൂര്‍വ്വികര്‍,ഉരഗശ്രേഷ്ടര്‍
മോന്തായത്തെ ത്താങ്ങുകയത്രേ
വാഴ്വിതിലെന്റെ നിയോഗം...!
വ്രണിതം
മാതൃഭൂമി
ആഴ്ച്ചപ്പതിപ്പ്2008ഫിബ്രവരി17]
നിലാവുവീണ പാതയില്‍
നീണ്ടുപതിഞ്ഞനിഴലറ്റത്ത്
കുത്തനെയൊരാള്‍....
കഥകളില്‍നിന്നും വഴിപിരിഞ്ഞിറങ്ങി-
അലയുന്ന കാമുകന്‍,ഭ്രാന്തന്‍;
അഥവാകള്ളന്‍...?
കാമുകനെങ്കില്‍ കൈത്തലം
ഹ്രുദയത്തോടു ചേര്‍ത്തുപിടിച്ചിരിക്കും.
കള്ളനെങ്കിലോ,
കൈയ്ക്കുള്ളില്‍-
കനകമോഠാരയോ
ഒളിപ്പിച്ചിരിക്കും.
കൈനീട്ടിത്തൊട്ടപ്പോള്‍
നനവാണറിഞ്ഞത്;
മുറിഞ്ഞഹ്രുദയത്തിന്റെ മരവിപ്പും
ചോരയുടെ പശപ്പും....
നിഴലറ്റത്ത്
നേര്‍ത്തുനേര്‍ത്തില്ലാതെയാവുന്ന
ഇയാള്‍,
മറ്റാരുമല്ല...
ചങ്ങാതിതന്നെ.
പുഴകള്‍ ഒഴുകിയ വഴികള്‍
[കലാകൌമുദിവാരിക2004മെയ്2-4]
പുഴകള്‍ ഒഴുകിയ വഴികള്‍; ഓരം ചേര്‍ന്നു-
നിരന്നചെറു ഞാവല്‍ മരങ്ങള്‍,ചുടുകണ്ണീര്‍-
ക്കണങ്ങള്‍ കൊഴിഞ്ഞപോല്‍ പഴങ്ങള്‍,തളംകെട്ടി-
ക്കിടക്കും ഗതകാലസ്മ്രുതികള്‍ സുക്രുതികള്‍.....
പിടഞ്ഞുകളിക്കാത്ത പരല്‍മീനുകള്‍,തപ-
സ്സിളകി,പ്പറക്കാത്ത കൊറ്റികള്‍,വ്രുഥാചൂണ്ട-
ക്കൊളുത്തില്‍ കൊരുത്തുടല്‍ പിടയ്ക്കും സമയത്തെ
അലസം കൊല്ലാനാരുമില്ലാത്ത കടവുകള്‍.
ഇനിയുമണയാത്ത കനല്‍ക്കട്ടകള്‍,ചാര-
മിളകിപ്പറക്കുന്ന നെഞ്ചിലെച്ചൊരിമണല്‍...
കഴിഞ്ഞരാവിലഗ്നി വലം വെച്ചാര്‍ത്തു കൈകോര്‍-
ത്തുടമ്പു ചേര്‍ത്തു നിന്നില്‍ മദിച്ചകൌമാരങ്ങള്‍.
വ്രണങ്ങള്‍ നീളെ,ചെറുകുഴികള്‍ക്കുള്ളില്‍ ചലം-
പുരണ്ടുകിടക്കുന്നതാരുടെശിരോവസ്ത്രം?
ഉടഞ്ഞുകിടക്കുന്ന മണ്‍കുടം,മണല്‍ പ്പുറം
ഉദകക്രിയയ്ക്കിനിയേതുണ്ടു കണ്ണീര്‍ക്കയം?
പുഴപണ്ടൊഴുകിയ വഴിയിലിപ്പോള്‍,ഇല-
കൊഴിഞ്ഞ മരത്തിന്റെ കുടിനീര്‍ തേടും നിഴല്‍
അലക്ഷ്യമാരോവലിച്ചെറിഞ്ഞ’പെപ്സിക്കുപ്പി’!
വിരസമതു കൊത്തിയുടയ്ക്കും കുളക്കോഴി......................

കോളേജ് വരാന്ത
[മംഗളം വാരിക ഓണപ്പതിപ്പ് 2008
ഇരുണ്ട ഓർമ്മകളിലൂടെ
നടന്നുപോകുമ്പോൾ
വരാന്തയോ ഇടനാഴിയോ
എന്നു ഭ്രമിച്ചുപോകുന്നു.
പട്ടുപാവാടയുടെ തുമ്പത്ത്
ചുംബിക്കുന്ന
പാദസരത്തിന്റെ പ്രണയസീൽക്കാരം
ഇടനാഴിയിലാണ്
മുഴങ്ങിയിരുന്നത്...
തുറന്നുകിടന്ന വരാന്തകൾ
അവസാനിയ്ക്കുന്നിടത്ത്
ആശങ്കകൾ കൂട്ടം കൂടിനിന്നിരുന്നു...
ഒന്നാം വർഷപ്പരീക്ഷയുടെ
മാർക്ക് ലിസ്റ്റ്....
ഇനിയും ഒപ്പിട്ടുകിട്ടാത്ത
പ്രാക്ടിക്കൽ റിക്കോർഡ്.
ജാള്യമേതുമില്ലാതെ
പറന്നുകളിക്കുന്ന
പഴയമാഗസിന്റെ ഒരേട്...
പ്രണയമെന്ന് അവൾ മാത്രവും
കവിതയെന്ന് മറ്റുള്ളവരും
ധരിക്കാത്തതിന്
കവിയെന്തു പിഴച്ചു..?
[ജീവിതത്തിൽ നിന്നും മറ്റും
ചീന്തിയെടുത്തതല്ലാത്തതിനാൽ
അതിന്റെ അരികുകളിൽ
ചോര പൊടിഞ്ഞിരുന്നില്ല]
അടഞ്ഞുകിടന്ന ജനൽ‌പ്പാളികളിലും
കതകുകളിലും
ചിറകിട്ടടിക്കുന്നകാറ്റ്
ഇലകൊഴിഞ്ഞ കാമ്പസ് മരങ്ങളുടെ
നൊമ്പരങ്ങൾ മുഴുവനും
അടിച്ചുപറത്തിക്കൊണ്ടുപൊയ്ക്കഴിഞ്ഞിരുന്നു.....
അരണ്ടവെളിച്ചത്തിലലിഞ്ഞ്
വരാന്തകളിലും ഇടനാഴിയിലും
പ്രേതാത്മാവിനേപ്പോലെ
അലഞ്ഞുനടപ്പുണ്ട്,ഗദ്ഗതം.
ഒരിക്കലും തീരാത്ത ഒരവധിക്കാലത്തിന്റെ
മുഴക്കം..........................................................................
നിഴൽ‌പ്പേടി
കലാകൌമുദിആഗസ്റ്റ് മുപ്പത്തിയൊന്ന് 2008
പഴംകഥകളുടെ ചുമലിൽ
കൈവെച്ച്-
മെല്ലെ നടക്കുമ്പോൾ
പാതവക്കത്തെ പൊന്തയിൽ
കാറ്റു മുരണ്ടു...
ഇരുളിന്റെ നഖങ്ങൾ
ഉള്ളിലേയ്ക്കു വലിച്ചുവെച്ച്
വലിയൊരു കാട്ടുപൂച്ചയേപ്പോലെ
മലയിറങ്ങിവരികയാണ്
വർഷകാലസന്ധ്യ.
മരച്ചില്ലകളിൽ നിന്ന്
ഊർന്നുകിടക്കുന്ന
നിഴലിന്റേയും വെളിച്ചത്തിന്റേയും
നീണ്ടവാലുകൾ...
ഇരയുടെ മേലുള്ള
ചാടിവീഴലിന്റെ
മുന്നൊരുക്കത്തിൽ
മെല്ലെ കാറ്റിലിളകുകയാണ്
കനത്ത ഊഞ്ഞാൽ വള്ളി....
പിന്തിരിഞ്ഞു നോക്കരുത്.
നടക്കുക,
സൂര്യൻ മറ്റൊരു പൊന്തയിൽ
മറയുന്ന നിമിഷത്തേയും ധ്യാനിച്ച്......
പിന്നിൽ നിന്നും
ഏതു നിമിഷവും
ചാടി വീണുമരിച്ചേക്കാം
സ്വന്തം നിഴൽ.....!
ബോദ്ധ്യം
[കലാകൌമുദി 2009മാർച്ച് ഒന്ന് ]
പൂവുകൾക്കിടയിലെ ദൂരമാണ്
പറവകളുടെ സമയം.
സമയം കൊല്ലികളാണ് പുഴുക്കൾ...
അവ നിറങ്ങളൊക്കെയും കരണ്ടുതീർക്കുന്നു.
ദുഖത്തിനു കറുപ്പ്,ദുരന്തത്തിനു ചുവപ്പ്
വൈധവ്യത്തിനു വെളുപ്പ്
കാമത്തിനു നീലം,ഭോഗത്തിനു പീതം...
എന്നിങ്ങനെ പറവകളാണ്
നിറങ്ങൾക്ക് നിരർത്ഥകങ്ങളായ
അർത്ഥങ്ങൾ കൽ‌പ്പിച്ചുകൂട്ടുന്നത്.
പുഴുക്കൾ വർണ്ണാന്ധരാണ്.
വിശപ്പാണവരുടെ തത്വശാസ്ത്രം.
ശലഭത്തിന്റെ കൊഴിഞ്ഞ ചിറകുകൾ
മാളങ്ങളിലേയ്ക്കു് വലിച്ചുകൊണ്ടുപോകുന്ന-
എറുമ്പുകളാണ്‌ ;
പുഴുക്കൾ ചിറകില്ലാത്ത പറവകൾ തന്നെയെന്ന്
നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.

Tuesday, May 27, 2008

കുഞ്ഞുണ്ണിമാഷ്-ഒരു ഓര്‍മ്മച്ചിത്രം.......

“എഴുതുന്നതല്ല,എഴുതെഴുതുവരുന്നതാണ് എഴുത്ത്”കവർ പൊട്ടിച്ച് കടലാസ് നിവർത്തുമ്പോഴേ കണ്ണിൽ‌പ്പെട്ടത് ഈ വരികൾ.മാതൃഭൂമിയിലെ ബാലപംക്തിയിലേയ്ക്ക് ഒരു കവിത അയച്ച്,ഓരോ ആഴ്ചയും പത്രത്തോടൊപ്പം വരാന്തയിൽ പറന്നു വീഴുന്ന മാതൃഭൂമി വാരികകൾ ആകാംക്ഷയോടെ മറിച്ചുനോക്കിയും നിരാശപ്പെട്ടും ഇരിയ്ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആ കവർ കിട്ടിയത്.ആവേശത്തോടെ പൊട്ടിച്ചു. അത്യാകാംക്ഷയോടെ വായിച്ചു.....എന്റെ കവിത മടങ്ങിവന്നിരിയ്ക്കുന്നു...!വരികൾക്കിടയിൽ നിറയെ,കുറിപ്പുകൾ...തിരുത്തുകൾ...“.....എഴുതുന്നതല്ല എഴുതെഴുതുന്നതാണ്....“ എന്ന് സ്വന്തം കുട്ടേട്ടൻ.കുട്ടേട്ടൻ കുഞ്ഞുണ്ണിമാഷാണെന്നറിയുന്നത് പിന്നെയും കുറെ കവിതകൾ തിരുത്തുസഹിതം മടക്കിക്കിട്ടിയതിനു ശേഷമാണ്.1980 കളിലായിരുന്നു അത്.
പിന്നെ ദിനം പ്രതി കവിതകൾ തുരുതുരെ പറക്കുകയായിരുന്നു കോഴിക്കോട്ടേയ്ക്ക്....ശരീരത്തില്‍ നിറയെ പരുക്കുകളുമായി മിക്കവയും മടക്കത്തപാലില്‍ തിരിച്ചുപറന്നു,വരികള്‍ക്കിടയില്‍ നിറയെ,വികലമായ അക്ഷരങ്ങളില്‍ കുഞ്ഞുണ്ണിമാഷിന്റെ തിരുത്തലുകള്‍.. ഏറെത്താമസിയാതെ ലാല്‍.കെ.ചിറക്കടവ് എന്നപേരില്‍ കവിതകളും കഥകളും ബാലപംക്തിയില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.എന്റെ നാട് കോത്താഴമെന്നപേരിൽ വിശ്വപ്രസിദ്ധമായിരുന്നു...!കോത്താഴംകഥകള്‍ കുറേയധികം പ്രസിദ്ധീകരിക്കപ്പെട്ടു, ഇക്കാലത്ത്. ഏറെ പ്രതികരണങ്ങള്‍ വായനക്കാര്‍ എഴുതുന്നു എന്ന പംക്തിയില്‍ വന്നിരുന്നു.1982-88 കാലം.അന്ന് ബാലപംക്തിയില്‍ എഴുതിയിരുന്നവരില്‍ ചിലപേരുകൾ ഓർമ്മയിലുണ്ട് ആനന്ദ്ചെറായി,ശ്രീവിദ്യ കൊടവലത്ത്,എം.അബ്ദുള്ള കോഴിക്കോട്,ഗിരീഷ് പുളിക്കല്‍,വി.കെ.ബാബു മേപ്പയൂര്‍...പിന്നെ,കെ.വി.ബേബിയും ഡി.സന്തോഷും ഇപ്പോളും എഴുതിക്കാണുന്നുണ്ട്...മറ്റുള്ളവരിലാരെങ്കിലും ലോകം മുഴുവൻ പടർന്ന ഈ വലക്കണ്ണിയില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടപ്പുണ്ടെങ്കില്‍ ഒരു ചെറിയ പിടച്ചിലിലൂടെ സാന്നിദ്ധ്യമറിയിക്കുമെന്ന് ആശിക്കട്ടെ പിന്നീടെന്നോ കുഞ്ഞുണ്ണിമാഷ് മാത്രുഭൂമി വിട്ടു.ഞാൻ വായനയും.എന്റെ എഴുത്തിന്റെ വഴികളിൽകൊടുംവേനല്‍ പടർന്നുകയറി.എഴുത്തിനെ ഞാനും എന്നെ എഴുത്തും കൈവിട്ടു.ബിരുദം,ബിരുദാനന്തരബിരുദം,കൊടും പ്രേമം,പ്രേമഭംഗം,പ്രവാസം,കടുകെണ്ണമണക്കുന്ന കാണ്‍ പൂരിലെ തെരുവുകള്‍....ചരിത്രപ്രസിദ്ധമായ കാണ്‍ പൂര്‍ ഡി.എ.വി കോളേജ്......നാട്ടിലേക്കുള്ള മടക്കം-ബി.എഡ്...ജോലി,വിവാഹം,കുട്ടി-കുട്ടികള്‍..പതിയെപ്പതിയെ അക്ഷരങ്ങളുടെ നഷ്ടവസന്തത്തിനുമേല്‍ പുതുമഴപെയ്ത് ചെറുനാമ്പുകള്‍ മുളച്ചുതുടങ്ങി...മടങ്ങിവരവില്‍ എന്നെ കണ്ടെത്തിയ ഗുരുക്കന്മാര്‍...സ്നേഹിതര്‍..ജോസ് പനച്ചിപ്പുറം[പനച്ചി-മനോരമ]എന്‍.ആര്‍.എസ്.ബാബു[കലാകൌമുദി]കമല്‍ റാം സജീവ്[മാത്രുഭൂമി]കെ.വി. രാമകൃഷ്ണൻമാഷ്,ചെണ്ടവിദ്വാനും ദാർശനികകവിയുമായ മനോജ് കുറൂര്‍,അങ്ങനെ എത്രപേര്‍........!
എഴുത്തും വായനയും ഭേദപ്പെട്ട ശമ്പളവുമായിഭാര്യയോടും അദ്ധ്യാപകജോലിയോടും സമരസപ്പെട്ട് കഴിയുമ്പോളാണ് കോട്ടയത്ത് സംസ്ഥാനയുവജനോത്സവം വരുന്നത്[1994?95?].മീനടം ഉണ്ണികൃഷ്ണൻസാറിനോടൊപ്പം ഞാനും ഫുഡ് കമ്മറ്റിയിൽ അംഗമായി.മലമേല്‍ നീലകണ്ഠൻ നമ്പൂതിരിയുടെ നളപാകം വിളമ്പിയും വിരുന്നൂട്ടിയും ഊണ്‍പന്തലില്‍ നില്‍ക്കുമ്പോള്‍, ഒഴിഞ്ഞ കോണില്‍ ഇലയുടെമുന്നില്‍ പാല്‍പ്പായസം ആസ്വദിക്കുന്നൂ സാക്ഷാല്‍ കുഞ്ഞുണ്ണിമാഷ്![അന്ന് നെഞ്ചിനുള്ളിലൂടെ കടന്നുപോയ വിദ്യുത് തരംഗം ഓര്‍മ്മകളില്‍ ഇന്നും മിന്നല്‍ പ്പിണരുകളായി പുളയുന്നുണ്ട്].പറ്റെ വെട്ടിയ മുടി; നരച്ചകുറ്റിത്താടി;ബട്ടണുകളില്ലാത്ത അരക്കൈയ്യന്‍ ഒറ്റക്കുപ്പായം,മുട്ടിനല്‍പ്പം താഴെനില്‍ക്കുന്ന ഒറ്റമുണ്ട്[എനിക്കു പൊക്കം കുറവാണ്,എന്നെ വെറുതെ പൊക്കരുതേ..]കൂട്ടിന് മുഷിഞ്ഞ ഒരു തുണിസഞ്ചി മാത്രം
അടുത്തുചെന്ന് കാലില്‍തൊട്ടു തൊഴുതു...പേരു പറഞ്ഞു.ഓര്‍മ്മയില്ല.എന്നേപ്പോലെ എത്രപേര്‍!സാധാരണമട്ടിലുള്ള പ്രതികരണം....ചുരുക്കം ചില വാക്കുകള്‍...അടുത്തുനിന്ന് വീണ്ടും വീണ്ടും പാല്‍പ്പായസം വിളമ്പിക്കൊടുത്തു.മനസ്സു നിറഞ്ഞു....മതിയായി;ജന്മം മുഴുവന്‍ പറഞ്ഞും ചെയ്തും കൂട്ടിയ അപരാധങ്ങള്‍ക്ക് ഒരു പ്രായ്ശ്ചിത്തം ചെയ്യുമ്പോലെ----വീണ്ടും ആ ജ്ഞാനവൃദ്ധന്റെ കാലില്‍തൊട്ടുതൊഴുതു....പിടിച്ചെഴുന്നേൽ‌പ്പിച്ച്കൊണ്ടുപോയി കൈ കഴുകിച്ചു.ആരൊക്കെയോ തിരിച്ചറിഞ്ഞു......ആരൊക്കെയോ വണങ്ങി.അഭിമാനത്തോടെ ഒട്ട് അഹങ്കാരത്തോടെ ശുഷ്കിച്ച ആകൈത്തലം പിടിച്ചുകൊണ്ട് ഞാന്‍ തലയുയര്‍ത്തിനടന്നു
കുഞ്ഞുണ്ണിമാഷ്.....എന്റെ കുഞ്ഞുണ്ണിമാഷ്...!
ആകാശത്തിനുപുറകില്‍,അനന്തതയില്‍ ജ്വലിച്ചുനില്‍ക്കുന്ന ഒത്തിരിനക്ഷത്രങ്ങളില്‍ ഒന്നായിമാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് കുഞ്ഞുണ്ണിമാഷ്
എനിക്ക് ഒത്തിരി സങ്കടമുണ്ട്............................................................................
വായനയുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു തുടങ്ങിയ എന്റെ കുഞ്ഞുങ്ങൾക്ക് കുട്ടേട്ടനായി ഒരു കുഞ്ഞുണ്ണിമാഷ് ഇല്ലല്ലോ,ഇപ്പോള്‍............................................

“തിരിച്ചുവരാനിനിയാവാത്ത യാത്രികരാ-
ണുദിച്ചുനില്‍ക്കുന്നേതോ നക്ഷത്രലോകങ്ങളില്‍
കിഴക്കെച്ചെരിവിലെ യൊറ്റനക്ഷത്രം മാത്ര-
മിടയ്കെന്‍ നെഞ്ചില്‍ വീണു പൊള്ളുന്നതറിവൂ ഞാന്‍.....”

Tuesday, March 18, 2008

കോത്താഴം,എന്റെ പ്രിയ നാട്...


കേട്ടിട്ടുണ്ടോ,കോത്താഴത്തേക്കുറിച്ച്?ബഷീറിയൻ സാഹിത്യം തൊട്ട് ജഗതിയൻ ഫലിതങ്ങളിൽ വരെ പലപ്പോഴും വന്നുപോകാറുള്ള ഒരു ചോദ്യമുണ്ട്."നീ യേത് കോത്താഴത്തുകാരനാടാ?"ലേശം ലജ്ജയോടും ഏറെ അഭിമാനത്തോടുംകൂടി ഞാൻ വെളിപ്പെടുത്തട്ടെ,കോത്താഴം എന്റെ പ്രിയ ജന്മസ്ഥലമാണ്.യഥാർഥനാമം ചിറക്കടവ്.1980കളിൽ കുഞ്ഞുണ്ണിമാഷ്,മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബാലപംക്തി കൈകാര്യം ചെയ്തിരുന്നകാലത്ത്,ലാൽ.കെ.ചിറക്കടവ് എന്നപേരിൽ ചില കോത്താഴം കഥകൾ ഞാൻ എഴുതിയിരുന്നു.ഭൂലോകവിഡ്ഢികളുടെ നാടത്രേ കോത്താഴം!
കോട്ടയത്തുനിന്നും,കെ.കെ. റോഡിലൂടെ[ഇപ്പോൾ എൻ.എച്ച്.220],റബ്ബർ മരങ്ങൾക്കിടയിലൂടെ സുമാർ 35 നാഴിക കിഴക്കോട്ട് സഞ്ചരിച്ചാൽ പൊൻ കുന്നം എന്ന ചെറുപട്ടണത്തിലെത്തും
‘.തേക്കടിക്കും വാഗമണ്ണിനും പോകുന്ന സായ്പന്മാര്‍ മൂത്രമൊഴിയ്ക്കാനും ഇന്ധനമടിയ്ക്കാനും ഇറങ്ങുന്നതവിടെയാണ്‘.ഭൂലോകസാ‍ഹിത്യകാരന്മാരായ പൊന്‍ കുന്നം വര്‍ക്കി, പൊന്‍ കുന്നം ദാമോദരന്‍[പച്ചപ്പനംതത്തേ....രചയിതാവ്] ലോകപൈങ്കിളികളായ കാനം ഈ.ജെ.,മുട്ടത്തുവര്‍ക്കി ഇവരുടെ കർമ്മഭൂമിയും ഹൈറേഞ്ചിന്റെ കവാടമായ പൊന്‍ കുന്നമായിരുന്നു.
ചിറക്കടവ് എന്ന കൊച്ചു നാട്ടിന്‍പുറത്തിന്റെ തലസ്ഥാനമാകുന്നു ഇപ്പറഞ്ഞ പൊന്‍ കുന്നം......................
ചിറക്കടവത്രേ വിശ്വപ്രസിദ്ധമാ‍യ കോത്താഴം!
കോത്താഴത്തിന്റെ പഴമ്പുരാണങ്ങളിൽ ചിലത് കേൾക്കുക...മദ്ധ്യതിരുവിതാംകൂറിൽകോട്ടയം തിരുനക്കര,വൈക്കം ഏറ്റുമാനൂർമഹാദേവക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ സ്വര്‍ണ്ണക്കൊടിമരം സ്വന്തമായുള്ളത്ശങ്കരനാരായണമൂര്‍ത്തി എന്ന ചിറക്കടവ് മഹാദേനു[ശിവൻ]മാത്രം.വലിയൊരു ചിറ[കുളം] കുഴിച്ചമണ്ണുമുഴുവന്‍ കാലക്രമേണ ഒരു കുന്നായി മാറി. ഈ കുന്നിന്മുകളിലാണ് കഴുത്തില്‍ പാമ്പിന്‍ മാലയുമണിഞ്ഞ് ‘മഹാദേവന്റെ ഇരിപ്പ്. ചിറയുടെ കടവ് -ചിറക്കടവ്..ഇനി ചിറക്കടവിന് കോത്താഴമെന്ന് പേര്‍ ലഭിച്ചതിനേക്കുറിച്ച്-ഇവിടെ പണ്ട് എന്നോ ഒരു ആദിവാസിപ്പെണ്ണ് കൂവ[ഭക്ഷ്യ യോഗ്യ മായ ഒരു കിഴങ്ങ്]പറിച്ചപ്പോള്‍ മണ്ണില്‍നിന്നും ചോര പൊടിഞ്ഞത്രേ..നോക്കുമ്പോള്‍ മണ്ണിലങ്ങനെ കിടക്കുന്നു,ഒരു ശിവലിംഗം!“അയ്യോ പാവമെന്ന്” അവൾ....‘ മണ്ണ് മാന്തിയെടുത്ത ശിവലിംഗം പിന്നീട് അവിടെ പ്രതിഷ്ടിക്കപ്പെട്ടു.[ശിവലിംഗമെന്ന നാമത്തില്‍ അല്പം അശ്ലീലമില്ലേയെന്ന് ചെറുബാല്യത്തില്‍ത്തോന്നിയ ശങ്ക എന്നെ ഇപ്പോഴും വിട്ടൊഴിയുന്നില്ല.] അങ്ങനെ കൂവയുടെ താഴെനിന്നും സ്വയംഭുവായ മഹാദേവന്‍ കൂവത്താഴെ മഹാദേവനായും പിന്നീടത് കോത്താഴെ മഹാദേവനായും മാറിയെന്ന് ഐതിഹ്യം.[കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയാല്‍ ഐതിഹ്യം... ഈ വെറും ലാല്‍ എഴുതിയാല്‍ അങ്ങനെ ആവ്വോ?]
ദേശാടനപ്പക്ഷികളുടെ അറിവിലേയ്ക്കായി ചില കാര്യങ്ങൾ...........-കോത്തഴെനിന്നും വാഗമണ്ണിനും കോലാഹലമേടിനും പാഞ്ചാലിമേടിനും ഒരു മണിക്കൂര്‍ യാത്ര.കുമളിക്ക് രണ്ടര മണിക്കൂര്‍.തേക്കടിക്ക് രണ്ടേമുക്കാല്‍...ഇടുക്കി,മുല്ലപ്പെരിയാര്‍ മൂന്ന് മണിക്കൂര്‍[ഞെട്ടരുത്...ഭാവിയില്‍ കോത്താഴം ചരിത്രവിസ്മൃതിയുടെ മലവെള്ളപ്പാച്ചിലിൽ ആണ്ടുപോയേക്കാം ..മോഹഞ്ചോദാരോ....ഹാരപ്പാ...ഹാ....ഹാ..!]
കോത്താഴത്തെ ഞങ്ങളുടെ പിതാമഹര്‍ ഒത്തിരി വിഡ്ഡിത്തങ്ങള്‍ കാട്ടിക്കൂട്ടിയിട്ടുണ്ടെന്ന് സാഹിത്യത്തിലും സിനിമയിലും ചില പരദൂഷണക്കാര്‍ പറഞ്ഞുവച്ചിട്ടുണ്ട് ഒരു സാമ്പിള്‍ ഇതാ....മാര്‍ക്സിന്റെ അപ്പൂപ്പന്‍ ജനിക്കുന്നതിനു മുന്നേ തന്നെ കോത്താഴത്ത് സോഷ്യലിസം ഉണ്ടായിരുന്നു.ഗ്രാമത്തിലെ മുഴുവന്‍ വീടുകള്‍ക്കും വേണ്ട മാങ്ങാ മുഴുവന്‍ ഉപ്പിലിട്ടു സൂക്ഷിച്ചിരുന്നത് ഒരു വലിയ കുളത്തിലായിരുന്നു.കുളത്തില്‍ ഉപ്പു കലക്കി മാങ്ങാമുഴുവന്‍ നിക്ഷേപിക്കുന്നു! പിന്നീട് ആവശ്യമുള്ളപ്പോള്‍ മാങ്ങശേഖരിക്കുവാന്‍ കഴുത്തില്‍ വലിയ ഭരണികളും കെട്ടിവച്ചുകൊണ്ട് ഓരോരുത്തരായി നിലയില്ലാത്ത കുളത്തിലേക്ക് ചാടുന്നു....!ആരും പൊന്തിവന്നില്ലത്രേ......അവർക്കൊക്കെ എന്തുപറ്റിയോ ആവോ...?
ഒരു കോത്താഴംകാരന്‍ ദേശസഞ്ചാരത്തിനുപോയി. പോയവഴിക്ക് നെല്ലിക്ക തിന്നു. തൊട്ടടുത്തുകണ്ട കിണറ്റില്‍നിന്നും വെള്ളവും കോരിക്കുടിച്ചു...വെള്ളത്തിനു മധുരം! മധുരവെള്ളമുള്ള കിണര്‍ കോത്താ‍ഴത്തിനുകൊണ്ടുപോകാനയാള്‍ തീരുമാനിച്ചു .....തിരിച്ചുപോയി,വലിയൊരു കയറും സന്നാഹങ്ങളുമായി വന്നു.കിണര്‍ കെട്ടിവലിച്ചുകൊണ്ടു പോകാമെന്നായിരുന്നു അയാളുടെ ബുദ്ധി...! ബുദ്ധിയില്‍ ഒട്ടും പിന്നാക്കമായിരുന്നില്ല ഞങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍.ഒരു കോത്താഴംകാരൻഅങ്ങാടിയില്‍ നിന്നും പായ് വാങ്ങിച്ചു.പായ് ചുരുട്ടിക്കെട്ടിയാണ് വീട്ടിലെത്തിച്ചത്.രാത്രിയില്‍ കിടക്കാനൊരുങ്ങുമ്പോഴല്ലേ രസം! എന്തു ചെയ്തിട്ടും പായ് നിവര്‍ന്നു വരുന്നില്ല.നിലത്ത് പായ്നിവര്‍ത്തിയിട്ട് കിടക്കാനൊരുങ്ങുമ്പോഴേയ്ക്കും അത് ചുരുണ്ടുപോവും...! ഒടുവിലയാള്‍ പാ‍യുടെ ഒരറ്റം ചവിട്ടിപ്പിടിച്ച് കൈകൊണ്ട് നിവര്‍ത്തി പായോടൊപ്പം നിലത്തേയ്ക്ക് വീണുകൊടുത്തു...! പായ് എങ്ങനെ ചുരുളും...? കോത്താഴം കാരന്റെയടുത്താ പായുടെ വേല...മനസ്സിലിരിയ്ക്കട്ടെ..,ങാഹാ‍...
ഒരുകോത്താഴംകാരനെ പാമ്പു കടിച്ചു.കടിച്ചത് ശിരസ്സില്‍ !വിഷം മുകളിലേയ്ക്കല്ലേ കയറൂ..? പാമ്പിനു പറ്റിയ പറ്റ് നോക്കണേ..!
കോത്താഴം കാരന്‍ ആദ്യമായി കോളറുള്ള ഒരു കുപ്പായമിട്ടു.യാത്രകഴിഞ്ഞ് വീട്ടിലെത്തിയാൽ കുഴലുപോലുള്ളകുപ്പായം തലവഴി ഊരിയെടുക്കും.അടുത്തയാത്രയ്ക്ക് വീണ്ടും ഇടുമ്പോള്‍ കുപ്പായത്തിന് കോളറുണ്ടാവില്ല! പിന്നത്തെ യാത്രയ്ക്ക് കോളറുണ്ടാവും...അടുത്തയാത്രയ്ക്ക് ഉണ്ടാവില്ല...!കുപ്പായം തലവഴി ഊരിയെടുക്കുമ്പോള്‍ പുറംതിരിഞ്ഞ് പോകുമെന്ന ബുദ്ധി പാവത്തിന്റെ മണ്ടയില്‍ ഉദിച്ചില്ല.
കോത്താഴം കഥകള്‍ക്ക് അന്തമില്ല.ശ്രീനിവാസനും പ്രിയനും രാജസേനനും പലതും മോഷ്ടിച്ച് സ്വന്തമാക്കിയിടുണ്ട്.എസ്.കെ.പൊറ്റക്കാടും വി.കെ.എന്നും ഒക്കെ അവയില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടുണ്ട്.നീ എതു കോത്താഴം കാരനാടാ എന്ന ചോദ്യം ഇനി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നോട് അസൂയ തോന്നും..നിങ്ങള്‍ക്കാര്‍ക്കും ഒരു കോത്താഴം കാരനായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ!
എന്റെ നാടിന് ഇങ്ങനെയൊരു പേരുദോഷം വന്നുഭവിയ്ക്കാൻ കാരണമെന്ത്?എല്ലാ നാട്ടിനും ഇത്തരം ചില പുരാണങ്ങൾ പറയാനുണ്ടാവും എന്നാണെന്റെ കണ്ടെത്തൽ!ഗ്രാമ്യതയുടെ വിശുദ്ധിയെ അടയാളപ്പെടുത്തുന്നവയാണ് ഇത്തരം മിത്തുകൾ.പിൻ തലമുറ അതിശയോക്തികലർത്തി പൊലിപ്പിച്ചെടുത്തവ.അങ്ങനെ ചിന്തിയ്ക്കുമ്പോൾ നസ്സറുദ്ദീൻ മുല്ലയും ഹോജയും തെന്നാലിരാമനും ബീർബലുമൊക്കെ അതതു കാലദേശങ്ങളിലെ കോത്താഴത്തുകാരായിരുന്നു എന്നു പറയുന്നതിൽ തെറ്റുണ്ടാ‍വുമെന്നു തോന്നുന്നില്ല.ഉവ്വ്..ഒരു കോത്താഴത്തുകാരനായതിൽ എനിയ്ക്കിപ്പോൾ ശരിയ്ക്കും അഭിമാനം തോന്നുന്നുണ്ട്.