“എഴുതുന്നതല്ല,എഴുതെഴുതുവരുന്നതാണ് എഴുത്ത്”കവർ പൊട്ടിച്ച് കടലാസ് നിവർത്തുമ്പോഴേ കണ്ണിൽപ്പെട്ടത് ഈ വരികൾ.മാതൃഭൂമിയിലെ ബാലപംക്തിയിലേയ്ക്ക് ഒരു കവിത അയച്ച്,ഓരോ ആഴ്ചയും പത്രത്തോടൊപ്പം വരാന്തയിൽ പറന്നു വീഴുന്ന മാതൃഭൂമി വാരികകൾ ആകാംക്ഷയോടെ മറിച്ചുനോക്കിയും നിരാശപ്പെട്ടും ഇരിയ്ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആ കവർ കിട്ടിയത്.ആവേശത്തോടെ പൊട്ടിച്ചു. അത്യാകാംക്ഷയോടെ വായിച്ചു.....എന്റെ കവിത മടങ്ങിവന്നിരിയ്ക്കുന്നു...!വരികൾക്കിടയിൽ നിറയെ,കുറിപ്പുകൾ...തിരുത്തുകൾ...“.....എഴുതുന്നതല്ല എഴുതെഴുതുന്നതാണ്....“ എന്ന് സ്വന്തം കുട്ടേട്ടൻ.കുട്ടേട്ടൻ കുഞ്ഞുണ്ണിമാഷാണെന്നറിയുന്നത് പിന്നെയും കുറെ കവിതകൾ തിരുത്തുസഹിതം മടക്കിക്കിട്ടിയതിനു ശേഷമാണ്.1980 കളിലായിരുന്നു അത്.
പിന്നെ ദിനം പ്രതി കവിതകൾ തുരുതുരെ പറക്കുകയായിരുന്നു കോഴിക്കോട്ടേയ്ക്ക്....ശരീരത്തില്‍ നിറയെ പരുക്കുകളുമായി മിക്കവയും മടക്കത്തപാലില്‍ തിരിച്ചുപറന്നു,വരികള്‍ക്കിടയില്‍ നിറയെ,വികലമായ അക്ഷരങ്ങളില്‍ കുഞ്ഞുണ്ണിമാഷിന്റെ തിരുത്തലുകള്‍.. ഏറെത്താമസിയാതെ ലാല്‍.കെ.ചിറക്കടവ് എന്നപേരില്‍ കവിതകളും കഥകളും ബാലപംക്തിയില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.എന്റെ നാട് കോത്താഴമെന്നപേരിൽ വിശ്വപ്രസിദ്ധമായിരുന്നു...!കോത്താഴംകഥകള്‍ കുറേയധികം പ്രസിദ്ധീകരിക്കപ്പെട്ടു, ഇക്കാലത്ത്. ഏറെ പ്രതികരണങ്ങള്‍ വായനക്കാര്‍ എഴുതുന്നു എന്ന പംക്തിയില്‍ വന്നിരുന്നു.1982-88 കാലം.അന്ന് ബാലപംക്തിയില്‍ എഴുതിയിരുന്നവരില്‍ ചിലപേരുകൾ ഓർമ്മയിലുണ്ട് ആനന്ദ്ചെറായി,ശ്രീവിദ്യ കൊടവലത്ത്,എം.അബ്ദുള്ള കോഴിക്കോട്,ഗിരീഷ് പുളിക്കല്‍,വി.കെ.ബാബു മേപ്പയൂര്‍...പിന്നെ,കെ.വി.ബേബിയും ഡി.സന്തോഷും ഇപ്പോളും എഴുതിക്കാണുന്നുണ്ട്...മറ്റുള്ളവരിലാരെങ്കിലും ലോകം മുഴുവൻ പടർന്ന ഈ വലക്കണ്ണിയില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടപ്പുണ്ടെങ്കില്‍ ഒരു ചെറിയ പിടച്ചിലിലൂടെ സാന്നിദ്ധ്യമറിയിക്കുമെന്ന് ആശിക്കട്ടെ പിന്നീടെന്നോ കുഞ്ഞുണ്ണിമാഷ് മാത്രുഭൂമി വിട്ടു.ഞാൻ വായനയും.എന്റെ എഴുത്തിന്റെ വഴികളിൽകൊടുംവേനല്‍ പടർന്നുകയറി.എഴുത്തിനെ ഞാനും എന്നെ എഴുത്തും കൈവിട്ടു.ബിരുദം,ബിരുദാനന്തരബിരുദം,കൊടും പ്രേമം,പ്രേമഭംഗം,പ്രവാസം,കടുകെണ്ണമണക്കുന്ന കാണ് പൂരിലെ തെരുവുകള്‍....ചരിത്രപ്രസിദ്ധമായ കാണ് പൂര് ഡി.എ.വി കോളേജ്......നാട്ടിലേക്കുള്ള മടക്കം-ബി.എഡ്...ജോലി,വിവാഹം,കുട്ടി-കുട്ടികള്‍..പതിയെപ്പതിയെ അക്ഷരങ്ങളുടെ നഷ്ടവസന്തത്തിനുമേല്‍ പുതുമഴപെയ്ത് ചെറുനാമ്പുകള്‍ മുളച്ചുതുടങ്ങി...മടങ്ങിവരവില്‍ എന്നെ കണ്ടെത്തിയ ഗുരുക്കന്മാര്...സ്നേഹിതര്‍..ജോസ് പനച്ചിപ്പുറം[പനച്ചി-മനോരമ]എന്‍.ആര്.എസ്.ബാബു[കലാകൌമുദി]കമല്‍ റാം സജീവ്[മാത്രുഭൂമി]കെ.വി. രാമകൃഷ്ണൻമാഷ്,ചെണ്ടവിദ്വാനും ദാർശനികകവിയുമായ മനോജ് കുറൂര്‍,അങ്ങനെ എത്രപേര്‍........!
എഴുത്തും വായനയും ഭേദപ്പെട്ട ശമ്പളവുമായിഭാര്യയോടും അദ്ധ്യാപകജോലിയോടും സമരസപ്പെട്ട് കഴിയുമ്പോളാണ് കോട്ടയത്ത് സംസ്ഥാനയുവജനോത്സവം വരുന്നത്[1994?95?].മീനടം ഉണ്ണികൃഷ്ണൻസാറിനോടൊപ്പം ഞാനും ഫുഡ് കമ്മറ്റിയിൽ അംഗമായി.മലമേല്‍ നീലകണ്ഠൻ നമ്പൂതിരിയുടെ നളപാകം വിളമ്പിയും വിരുന്നൂട്ടിയും ഊണ്‍പന്തലില്‍ നില്ക്കുമ്പോള്, ഒഴിഞ്ഞ കോണില്‍ ഇലയുടെമുന്നില്‍ പാല്‍പ്പായസം ആസ്വദിക്കുന്നൂ സാക്ഷാല്‍ കുഞ്ഞുണ്ണിമാഷ്![അന്ന് നെഞ്ചിനുള്ളിലൂടെ കടന്നുപോയ വിദ്യുത് തരംഗം ഓര്‍മ്മകളില്‍ ഇന്നും മിന്നല്‍ പ്പിണരുകളായി പുളയുന്നുണ്ട്].പറ്റെ വെട്ടിയ മുടി; നരച്ചകുറ്റിത്താടി;ബട്ടണുകളില്ലാത്ത അരക്കൈയ്യന് ഒറ്റക്കുപ്പായം,മുട്ടിനല്‍പ്പം താഴെനില്ക്കുന്ന ഒറ്റമുണ്ട്[എനിക്കു പൊക്കം കുറവാണ്,എന്നെ വെറുതെ പൊക്കരുതേ..]കൂട്ടിന് മുഷിഞ്ഞ ഒരു തുണിസഞ്ചി മാത്രം
അടുത്തുചെന്ന് കാലില്‍തൊട്ടു തൊഴുതു...പേരു പറഞ്ഞു.ഓര്‍മ്മയില്ല.എന്നേപ്പോലെ എത്രപേര്‍!സാധാരണമട്ടിലുള്ള പ്രതികരണം....ചുരുക്കം ചില വാക്കുകള്‍...അടുത്തുനിന്ന് വീണ്ടും വീണ്ടും പാല്‍പ്പായസം വിളമ്പിക്കൊടുത്തു.മനസ്സു നിറഞ്ഞു....മതിയായി;ജന്മം മുഴുവന്‍ പറഞ്ഞും ചെയ്തും കൂട്ടിയ അപരാധങ്ങള്‍ക്ക് ഒരു പ്രായ്ശ്ചിത്തം ചെയ്യുമ്പോലെ----വീണ്ടും ആ ജ്ഞാനവൃദ്ധന്റെ കാലില്‍തൊട്ടുതൊഴുതു....പിടിച്ചെഴുന്നേൽപ്പിച്ച്കൊണ്ടുപോയി കൈ കഴുകിച്ചു.ആരൊക്കെയോ തിരിച്ചറിഞ്ഞു......ആരൊക്കെയോ വണങ്ങി.അഭിമാനത്തോടെ ഒട്ട് അഹങ്കാരത്തോടെ ശുഷ്കിച്ച ആകൈത്തലം പിടിച്ചുകൊണ്ട് ഞാന്‍ തലയുയര്‍ത്തിനടന്നു
കുഞ്ഞുണ്ണിമാഷ്.....എന്റെ കുഞ്ഞുണ്ണിമാഷ്...!
ആകാശത്തിനുപുറകില്‍,അനന്തതയില്‍ ജ്വലിച്ചുനില്ക്കുന്ന ഒത്തിരിനക്ഷത്രങ്ങളില്‍ ഒന്നായിമാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് കുഞ്ഞുണ്ണിമാഷ്
എനിക്ക് ഒത്തിരി സങ്കടമുണ്ട്............................................................................
വായനയുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു തുടങ്ങിയ എന്റെ കുഞ്ഞുങ്ങൾക്ക് കുട്ടേട്ടനായി ഒരു കുഞ്ഞുണ്ണിമാഷ് ഇല്ലല്ലോ,ഇപ്പോള്‍............................................
“തിരിച്ചുവരാനിനിയാവാത്ത യാത്രികരാ-
ണുദിച്ചുനില്‍ക്കുന്നേതോ നക്ഷത്രലോകങ്ങളില്‍
കിഴക്കെച്ചെരിവിലെ യൊറ്റനക്ഷത്രം മാത്ര-
മിടയ്കെന്‍ നെഞ്ചില്‍ വീണു പൊള്ളുന്നതറിവൂ ഞാന്‍.....”