Saturday, December 27, 2008

കോട്ടയം-കുമളി റോഡ്


കോട്ടയം ചരിത്രപ്രസിദ്ധമാണ്.അക്ഷരനഗരിയെന്ന് ആലങ്കാരികഭാഷ.1970കളിലേയും80കളിലേയും കോട്ടയത്തിന്റെ ചരിത്രം വായനയുടെ ജനകീയവൽക്കരണത്തിന്റെ ചരിത്രം കൂടിയാണ്.ഈ കാലഘട്ടത്തിൽ ,ജനപ്രിയ നോവലിസ്റ്റുകളുടേയും കഥകാരന്മാരുടെയും ഒരു നീണ്ടനിരതന്നെ കോട്ടയത്തുണ്ടായിരുന്നു.കോട്ടയം പട്ടണത്തിൽ നിന്നുമാത്രം ഏതാണ്ട് മുപ്പതിലധികം ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.മംഗളം,മനോരമ,മാമാങ്കം,മലയാളം,മനസ്വിനി,മനോരാജ്യം...എന്നിങ്ങനെ.മുഖ്യധാരാസാഹിത്യകാരന്മാരാൽ "മ വാരികകൾ" എന്നാക്ഷേപിക്കപ്പെട്ട ഇവ, അക്ഷരങ്ങളുടെ വർണ്ണ അലുക്കുകളെ സാധാരണക്കാരന്റെ ഹൃദയങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നതിൽ അസാധാരണ കരവിരുതാണ് കാട്ടിയത്. മലയാളിയുടെ ആർതർ കോനൻ ഡോയലോ,ബ്രാം സ്റ്റോക്കറോ ഒക്കെ ആയിരുന്നു, അപസർപ്പകകഥാകാരൻ കോട്ടയം പുഷ്പനാഥ്.........കോട്ടയത്തിന്റെ നാലതിരുകൾ വിട്ട് പുറത്തുസഞ്ചരിച്ചിട്ടേയില്ലാത്ത അദ്ദേഹത്തിന്റെ തൂലിക ന്യൂയോർക്കും,ഈജിപ്റ്റും,ലണ്ടനും പോലെയുള്ള മഹാനഗരങ്ങളുടേയും രാജ്യങ്ങളുടേയും ഭൂമിശാസ്ത്രം കടുകിടതെറ്റാതെ കഥകളിൽ വരഞ്ഞിട്ടു. കാനം ഈ.ജെ. യുടേയും മുട്ടത്തുവർക്കിയുടേയും ഒക്കെ കർമ്മ മണ്ഡലവും കോട്ടയമായിരുന്നു.തകഴി,കാരൂർ,പൊൻ കുന്നം വർക്കി,പൊൻ കുന്നം ദാമോദരൻ[ജയചന്ദ്രൻ ഈണമിട്ട പച്ചപ്പനംതത്തേ..യുടെയും മറ്റും കർത്താവ്] എന്നിങ്ങനെ കോട്ടയത്തിന് എത്രയെത്ര അക്ഷരമുത്തച്ഛന്മാർ....!!!!!അയ്മനത്തിന്റെ കഥയെഴുതി സായ്പിന്റെ ബുക്കർപ്രൈസ് വാങ്ങിയ അരുന്ധതി റോയ്, ക്രിസ്ത്യൻ പിന്തുടർച്ചാവകാ‍ശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സമ്പാദിച്ചതിലൂടെ പ്രസിദ്ധയായ മേരി റോയ് മലയാളികളെ വായനയുടെ രീതിശാസ്ത്രവും അതിനുപിന്നിലെ സാമ്പത്തികശാസ്ത്രവും പഠിപ്പിച്ച ഡി.സി.കിഴക്കേമുറി,കെ.ആർ.നാരായണൻ,ഈ.സി.ജി സുദർശൻ എന്നിങ്ങനെ കോട്ടയത്തിന്റെ പ്രശസ്തരായ സന്തതികൾ എത്രയെത്ര...!!!! 19 ,20, നൂറ്റാണ്ടുകളിൽ വിദേശമിഷനറി പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു,കോട്ടയം...കേരളത്തിലെ ഏറ്റവും പഴക്കമുള്ള കലാശാല കോട്ടയത്താണുള്ളത്. സി.എം.എസ്സ്.കോളേജും സ്കൂളും.അച്ചു ക്കൂടത്തിന്റെ ആശാൻ ബഞ്ചമിൻ ബെയ്ലി........അനന്തമായി നീളുകയാണ് കോട്ടയത്തിന്റെ പെരുമകളുടെ ലിസ്റ്റ്..............!!!
കോട്ടയത്ത്നിന്നും കുമളിയിലേയ്ക്ക് കെ. കെ. റോഡിലൂടെ സഞ്ചരിക്കുമ്പോൾ പറുദീസയിലേയ്ക്കുള്ള വഴി എന്ന ചുവരെഴുത്തു കാണാം. കോട്ടയത്തിനും കുമളിയ്ക്കുമിടയിൽ മലനിരകളെ ചുറ്റിയും സമതലങ്ങളെ പുണർന്നും വളഞ്ഞും പുളഞ്ഞും ഈ റോഡ് എൻ.എച്ച് 220 ആയി രൂപം മാറിയിട്ടുണ്ട് ഇപ്പോൾ. സായ്പന്മാർക്ക് സുഖമായി സഞ്ചരിക്കുവാൻ ലോകബാങ്ക് കോടികളാണ് ഈ റോഡിൽ വാരിപ്പൂശിയിരിയ്ക്കുന്നത്.മലഞ്ചരക്ക് വ്യാപാരകേന്ദ്രമായ പൊൻ കുന്നം,ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിയ്ക്കുന്ന കാഞ്ഞിരപ്പള്ളി,പ്രകൃതിമനോഹരിയായ വാഗമൺ,കോലാഹലമേട്,പാഞ്ചാലിമേട്,തേക്കടി ടൈഗർ റിസേർവ്വ്,ഡാമുകളുടെ മുതുമുത്തച്ഛൻ മുല്ലപ്പെരിയാർ,ഇടുക്കി ആർച്ച് ഡാമും മൂലമറ്റം പവ്വർ ഹൌസ്സും-..................കെ.കെ. റോഡ് യാത്രികരെ കൊണ്ടുചെന്നെത്തിയ്ക്കുന്ന അതിശയങ്ങളുടെ പറുദീസകൾ........!!!!!!!
പൊൻ കുന്നത്തുനിന്നും,ബസ്സിൽ അച്ഛന്റെ മടിയിലിരുന്ന് തേക്കടിയ്ക്കു യാത്ര ചെയ്യുമ്പോളാണ്, ആദ്യമായി സായ്പിന്റേയും കാട്ടുമൂപ്പന്റേയും കഥ കേട്ടത്.ഉറക്കങ്ങളുടെ കൂട്ടുകാരനായി ഈ കഥ എന്നെ ഒത്തിരി രാത്രികളിൽ തഴുകിയിട്ടുണ്ട്.പൊടിപ്പും തൊങ്ങലും വെച്ച് കഥ പറയുവാനും കഥകളും ഉപകഥകളുമായി നീട്ടിക്കൊണ്ടുപോകുവാനും വിരുതനായിരുന്നു എന്റെ അച്ഛൻ.കഥകളെ ഹൃദയത്തിലേയ്ക്ക് ചേർത്ത്പിടിച്ചുതുടങ്ങിയ നാളുകളിൽ ഒരിയ്ക്കൽ അച്ഛൻ എനിയ്ക്ക് ‘ഒരു ദേശത്തിന്റെ കഥ’ സമ്മാനമായി വാങ്ങിത്തന്നു.സ്കൂൾ ലൈബ്രറിയുടെ ചാർജ്ജ് വഹിച്ചിരുന്ന അച്ഛൻ വലിയ പുസ്തകക്കെട്ടുമായാണ് എന്നും വീട്ടിൽ വന്നുകയറുക.വായന ഭ്രാന്തായിമാറിയപ്പോൾ പാഠപുസ്തകങ്ങൾ പൊടിപിടിച്ചു.വിക്ടർ ഹ്യൂഗോയുടെ പാവങ്ങളും,എം.ടി.യുടെ അസുരവിത്തും നാലുകെട്ടുമൊക്കെ ഭ്രാന്തമായ ആവേശത്തോടെയാണ് വായിച്ചുതീർത്തത്.’അരനാഴികനേരത്തിലെ’ ആദ്യനാലുപുറങ്ങൾ വള്ളിപുള്ളിവിടാതെ ഓർമ്മയിൽ നിന്നും എടുത്തെഴുതാൻ എനിയ്ക്കു കഴിയും.-ഭ്രാന്തിന്റെ ഏതോ വഴിത്തിരിവിൽ വെച്ച് ഇടതുകാലിലെ കഥയുടെ മന്ത് കവിതയുടെ രൂപത്തിൽ വലതുകാലിലേയ്ക്ക് മാറി.കഥ കൈവിട്ടുപോയതിൽ വൈക്ലബ്ബ്യമുണ്ടെങ്കിലും കവിതയിലൂടെയും കഥപറയാമെന്ന തിരിച്ചറിവു് ആശ്വാസത്തിനായി കൂട്ടിനെത്തി.
എഴുപതുകഴിഞ്ഞിരിയ്ക്കുന്നൂ,എന്റെ അച്ഛനിപ്പോൾ. രണ്ടാം ക്ലാസ്സുകാരിയായ എന്റെ മകൾക്ക് കഥപറഞ്ഞുകൊടുക്കുന്നതിനിടയിൽ അച്ഛൻ ചിലപ്പോൾ പൊടുന്നനെ വഴിതെറ്റിയലയാറുണ്ട്. നാവിൽ നിന്നും വഴുതിപ്പോകുന്ന വാക്കുകൾ ഓർമ്മയുടെ ഇരുണ്ട ഇടനാഴിയിൽ വീണുകിടക്കുന്നത് അച്ഛൻ നിസ്സഹായനായി കണ്ടറിയും.പകുതിയിൽ വെച്ച് മുറിഞ്ഞുപോയ കഥയെക്കുറിച്ചുള്ള പരാതിയുമായി മകൾ വരുമ്പോൾ എന്റെ നെഞ്ചിൽ പഴയ ഒരായിരം കഥകളുടെ നെരിപ്പോടുകൾ എരിഞ്ഞുകത്തും.ഓർമ്മകളെ കാർന്നുതിന്നുന്ന മാരകരോഗത്തിന് അച്ഛന്റെ മസ്തിഷ്ക്കം പൂർണ്ണമായും കീഴടങ്ങും മുമ്പേ അച്ഛനുവേണ്ടി ഈ കവിത കുറിച്ചിടട്ടെ,ഞാൻ......
മറവിയുടെ ഒരു ദുർഭൂതം എന്റെ വഴിയിലും ,എന്നേക്കാത്ത് മറഞ്ഞിരിപ്പുണ്ടല്ലോ....



കോട്ടയം-കുമളി റോഡ്
കാട്ടുമൂപ്പന്റെ തലയ്ക്കുള്ളിൽ
പുളഞ്ഞ ഒരു ഇടിവാളാണ്,
മലകളുടെ ശിരോരേഖകളായത് .
വെള്ളക്കാരൻ ചൂണ്ടിയ ഇടങ്ങളിലൂടെ
കറുത്ത ഒരു നാടപോലെ ,
കയറ്റിറക്കങ്ങളിൽ വലിഞ്ഞുനീണ്ടും ,
വളവുകളിൽ ചുരുങ്ങിയും ചുരുണ്ടും
റബ്ബർ മരങ്ങൾക്കിടയിലൂടെ ,
ഇഴഞ്ഞിഴഞ്ഞ്;
ഒടുക്കം കോട്ടയത്തെത്തും മുമ്പേ-
കാടന്റെ തലച്ചോർ-
സായ്പിന്റെ തീയുണ്ടകൾ തിന്നുതീർത്തിരുന്നു.
ഇപ്പോൾ തേക്കടിയ്ക്കു പോകുന്ന സായ്പന്മാർ,
പകലിരുണ്ടാൽ യാത്ര തുടരാറില്ല.
മത്തായിക്കൊക്കയിൽ നിന്നും
പിടഞ്ഞുയരുന്ന കാട്ടുമൂപ്പന്റെ നിലവിളി
ദൂരെ പാഞ്ചാലിമേട്ടിൽ മാറ്റൊലിക്കൊള്ളുന്നത്
ഞങ്ങളിൽ ചിലർ കേട്ടിട്ടുണ്ട്.
കാട്ടുമൂപ്പന്റെ ആറാംതലമുറയത്രെ
കരുണൻ........
ഞങ്ങളുടെ ആത്മസുഹൃത്ത്!
പഠിപ്പുകഴിഞ്ഞ്
പ്രത്യയശാസ്ത്രത്തിൽ ഡോക്ടറേറ്റെടുത്തു.
കുറച്ചുനാൾ ഒരു കുത്തക കമ്മ്യൂണിസ്റ്റ് കമ്പനിയിൽ
ശമ്പളമില്ലാതെ ജോലി ചെയ്തു.
ഒടുക്കം വി.ആർ.എസ്സ് എടുത്ത്
നാട്ടുകലുങ്കുകളിൽ ഞങ്ങളോടൊപ്പം
മണിക്കൂർ ശമ്പളത്തിൽ
പകലിരവുകളെ
അലസം കൊന്നുകൊണ്ടിരിയ്ക്കേ-
പെട്ടെന്നൊരുനാൾ ,
ടൂറിസം വകുപ്പിൽ ഒരു ഗൈഡായി-
അപ്രത്യക്ഷനായി!!!!
ഹേ സഞ്ചാരികളേ
ഈ വഴി വരുമ്പോൾ
കോട്ടയം-കുമളി റോഡിന്റെയോരത്ത് -
എവിടെയെങ്കിലും
കരുണനെക്കണ്ടാൽ
ഞങ്ങളെ അറിയിക്കാൻ മറക്കരുത്.
ഒരു പക്ഷേ‌
അഗാധമായ കൊക്കയിലേയ്ക്ക് കൈചൂണ്ടിക്കൊണ്ട്‌
ഒരു സായ്പിനോട് ചങ്ങാത്തപ്പെട്ട്;
പുകമഞ്ഞിനോടൊപ്പം;
പാഞ്ചാലിമേടിന്റെ രോദനത്തിലലിഞ്ഞ്......
റോഡിന്റെയോരത്ത്......
അഥവാ ഓർമ്മകളുടെ ചാരത്ത്
എവിടെയെങ്കിലും......?
*ഹൈറേഞ്ചിലെ ദുർഘടമലനിരകളിലേയ്ക്കുള്ള വഴികണ്ടെത്താൻ വെള്ളക്കാരനെ സഹായിച്ചത് ഒരു കാട്ടുമൂപ്പനത്രേ.പിന്നീട് ആ വഴി കെ.കെ. റോഡായി.ഇപ്പോൾ എൻ.എച്ച് 220 എന്ന നാഷണൽ ഹൈവേയും.കാട്ടുമൂപ്പനെ ഒടുക്കം സായ്പ് വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പഴമൊഴി

Tuesday, July 22, 2008

കവിത നിര്‍വ്വചിക്കപ്പെടുന്നു.............

[തികച്ചും വ്യക്തിപരം]
പുതിയപുതിയ അര്‍ഥതലങ്ങള്‍ തേടുന്ന പദസമൂഹമാണ് കവിത.വിളക്കിച്ചേര്‍ക്കലിന്റെ രമ്യത പദങ്ങളേയും അര്‍ഥങ്ങളേയും ഭാവത്തിന്റെ അവാച്യസൌന്ദര്യമേഖലയിലേയ്ക്കുയര്‍ത്തുന്നു.കവിത ഒരു സ്വകാര്യാനുഭവം മാത്രമാണ്,തികച്ചും. സമൂഹജീവി എന്നനിലയില്‍ കവിയ്ക്ക് സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരിക്കണം.എന്നാല്‍ കവിതയ്ക്ക് അതുണ്ടായിരിക്കണമെന്നു ശാഠ്യപ്പെട്ടു കൂടാ.ഉണ്ടായാൽ നന്ന്.കവിതകൊണ്ട് സമൂഹത്തെ മാറ്റിമറിക്കാമെന്ന അഹങ്കാരമൊന്നും പുതുലോകത്തെ കവിക്കില്ല.രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും ലോകമെമ്പാടുംതന്നെ സാഹിത്യം നടത്തിയിട്ടുള്ള വിജയകരമായ ഇടപെടലുകളെ നിഷേധിക്കുന്നില്ല.അവ ചരിത്രത്തിന്റെ ഭാഗമാണ്.എന്നാല്‍ പുതിയ ലോകത്തില്‍ അതിനു സമാനതകള്‍ കണ്ടെത്താനാവില്ല. കവിതകളോടൊട്ടിനില്‍ക്കുന്നത് ഒരു ചെറിയലോകം മാത്രമാണിപ്പോള്‍......ലോകം വലുതും സങ്കീര്‍ണ്ണവുമായി വളരുംതോറും കവിതയുടെ മണ്ഡലം ചെറുതാവുകയാണ് ചെയ്യുന്നത്.അതാണ് യാഥാര്‍ഥ്യം.കവിത വായിക്കുന്നവരുടെ എണ്ണം പോലും അനുദിനം കുറഞ്ഞുവരുന്ന ഒരു സമൂഹത്തില്‍,ഭാരിച്ച ചുമതലകളൊന്നുംതന്നെ കവിതയ്ക്ക് നിര്‍വ്വഹിക്കാനില്ല,അഥവാനിര്‍വ്വഹിക്കാനാവില്ല; അതുകൊണ്ട് കവിത ആത്യന്തികമായി ഒരു സ്വകാര്യാനുഭവം മാത്രമാണ്‍.താല്‍പ്പര്യമുള്ളവക്ക് അതില്‍ പങ്കുചേരാവുന്നതാണ്‍.
അത്തരക്കാര്‍ക്കായി................................

“എന്റെ കവിത“
[ആനുകാലികങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടവയാണ് ,എല്ലാം.ബൂലോകവായനയ്ക്കായി സമർപ്പിയ്ക്കുന്നു]
സങ്കടജലം
[2003 നവംബര്‍9-15 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്]
കുടത്തില്‍ സങ്കടജലം നിറച്ചുഞാന്‍
മടങ്ങിച്ചെല്ലുന്ന വഴിക്കണ്ണും കാത്ത-
ങ്ങിരിക്കയാണു രണ്ടനാഥ ജന്മങ്ങള്‍!
നരച്ചപീലികള്‍,തുറിച്ചകണ്ണുകള്‍;
നിറച്ചിരുട്ടിന്റെ നിഴലനക്കങ്ങള്‍....
നിശ്ശബ്ദശ്ശബ്ദങ്ങളടച്ചുവെച്ചൊരു
കുടംകണക്കിരുള്‍ പടര്‍ന്നകാനനം.
അകലത്തിലേതോ ദുരന്തങ്ങള്‍,വന്യ-
മലറുന്നുണ്ടുഗ്ര മ്രുഗത്തിന്‍ഭാഷയില്‍
തനിച്ചിരിക്കുവാന്‍ ഭയന്നു കൈപിടി-
ച്ചണച്ചൊരോര്‍മ്മകള്‍,വ്യഥകളൊക്കയും
നരച്ചനെഞ്ചിന്റെ മണങ്ങളിലൊട്ടി-
പ്പിടിച്ചിരിക്കുന്നതറിഞ്ഞു ഞാന്‍,കുടം-
ജലത്തിലാഴ്ത്തുമ്പോള്‍; കണക്കുകൂട്ടലില്‍
പിഴച്ചുപോയൊരു ന്രുപന്റെ കൈയിലെ
കുലച്ചവില്ലൊരു കുസ്രുതികാട്ടുമ്പോള്‍
എനിയ്ക്കു നെഞ്ചകം തുളഞ്ഞുപോയ്;ശരം-
മരത്തില്‍ച്ചെന്നേറ്റു വിറച്ചുനില്‍ക്കുന്നു....
കൊടും പുത്രശോകം നിറച്ചൊരു കുടം
ചിതയ്ക്കുള്ളില്‍ വീണു ചിതറിടുമ്പൊഴും
വഴിക്കണ്ണും കാത്തിട്ടിരിക്കയാണാന്ധ്യം
വിധിച്ച കണ്ണുമായനാഥ ജന്മങ്ങള്‍........
ഉച്ച
[2007 ജൂണ്‍ 17-മാതൃഭൂമി ആഴ്ചപ്പതിപ്പ്]
നിഴല്‍ക്കൂട്ടുപോലുമില്ലാത്തനേരം,
നിരാലംബമെങ്കിലും-
നിവര്‍ന്നുനിന്നുകത്തുന്ന മെഴുതിരിയായി,
ഉരുകിയൊലിക്കുന്നേരം.....
പടിഞ്ഞാട്ടു നിഴല്‍ക്കൈ നീട്ടിയാല്‍
പ്രഭാതത്തെ തൊടാം
കിഴക്കോട്ടായാല്‍
സായന്തനത്തേയും.
പാദങ്ങള്‍ പറിച്ചുവെക്കാനാവില്ലെന്നതാണ്-
പ്രശ്നം.
എങ്കിലും,
ഒരു നിലപാടുണ്ടല്ലോയെന്ന സമാധാനം.....
ഉച്ചിയില്‍ വീണ തീജ്ജ്വാലയില്‍
നില്‍ക്കുന്നിടത്തുതന്നെ
ഉരുകിത്തീരാനാണ്‍-
വിധി.
പല്ലി
[കലാകൌമുദി വാരിക2002 നവംബര്‍ 10]
നേരുവിളിച്ചുപറഞ്ഞതിനല്ലോ
നാവു മുറിച്ചുകളഞ്ഞൂ..?
വാലു മുറിച്ചുകളഞ്ഞതിനാലിനി
വാലാട്ടാതെ കഴിക്കാം
വാലുകിടന്നുപിടയ്കുമ്പോള്‍ നിന്‍-
നാവില്‍ കൊതി പെരുകുമ്പോള്‍
ഓടിയൊളിക്കാന്‍ കണ്ടല്‍ക്കാടുകള്‍
തേടുകയാണെന്‍ ഹ്രുദയം.
നേരും നെറിയും നെഞ്ചുമുരച്ചീ-
ചോരപ്പാടു രചിക്കേ,
സൂര്യനുറങ്ങിയ ചുവരില്‍ വൈദ്യുത-
ദീപം കണ്ണുമിഴിക്കേ
പ്രാണനുടുമ്പായ് ഭിത്തിയിലള്ളീ-
കാലുകളിടറീടുന്നൂ...
വാലുമുറിച്ചൊരു നേരിന്‍ ചൊല്ലുകള്‍
കാതിലിരമ്പീടുന്നൂ.
പാരൊന്നാകെ ഭരിച്ചവരാണെന്‍
പൂര്‍വ്വികര്‍,ഉരഗശ്രേഷ്ടര്‍
മോന്തായത്തെ ത്താങ്ങുകയത്രേ
വാഴ്വിതിലെന്റെ നിയോഗം...!
വ്രണിതം
മാതൃഭൂമി
ആഴ്ച്ചപ്പതിപ്പ്2008ഫിബ്രവരി17]
നിലാവുവീണ പാതയില്‍
നീണ്ടുപതിഞ്ഞനിഴലറ്റത്ത്
കുത്തനെയൊരാള്‍....
കഥകളില്‍നിന്നും വഴിപിരിഞ്ഞിറങ്ങി-
അലയുന്ന കാമുകന്‍,ഭ്രാന്തന്‍;
അഥവാകള്ളന്‍...?
കാമുകനെങ്കില്‍ കൈത്തലം
ഹ്രുദയത്തോടു ചേര്‍ത്തുപിടിച്ചിരിക്കും.
കള്ളനെങ്കിലോ,
കൈയ്ക്കുള്ളില്‍-
കനകമോഠാരയോ
ഒളിപ്പിച്ചിരിക്കും.
കൈനീട്ടിത്തൊട്ടപ്പോള്‍
നനവാണറിഞ്ഞത്;
മുറിഞ്ഞഹ്രുദയത്തിന്റെ മരവിപ്പും
ചോരയുടെ പശപ്പും....
നിഴലറ്റത്ത്
നേര്‍ത്തുനേര്‍ത്തില്ലാതെയാവുന്ന
ഇയാള്‍,
മറ്റാരുമല്ല...
ചങ്ങാതിതന്നെ.
പുഴകള്‍ ഒഴുകിയ വഴികള്‍
[കലാകൌമുദിവാരിക2004മെയ്2-4]
പുഴകള്‍ ഒഴുകിയ വഴികള്‍; ഓരം ചേര്‍ന്നു-
നിരന്നചെറു ഞാവല്‍ മരങ്ങള്‍,ചുടുകണ്ണീര്‍-
ക്കണങ്ങള്‍ കൊഴിഞ്ഞപോല്‍ പഴങ്ങള്‍,തളംകെട്ടി-
ക്കിടക്കും ഗതകാലസ്മ്രുതികള്‍ സുക്രുതികള്‍.....
പിടഞ്ഞുകളിക്കാത്ത പരല്‍മീനുകള്‍,തപ-
സ്സിളകി,പ്പറക്കാത്ത കൊറ്റികള്‍,വ്രുഥാചൂണ്ട-
ക്കൊളുത്തില്‍ കൊരുത്തുടല്‍ പിടയ്ക്കും സമയത്തെ
അലസം കൊല്ലാനാരുമില്ലാത്ത കടവുകള്‍.
ഇനിയുമണയാത്ത കനല്‍ക്കട്ടകള്‍,ചാര-
മിളകിപ്പറക്കുന്ന നെഞ്ചിലെച്ചൊരിമണല്‍...
കഴിഞ്ഞരാവിലഗ്നി വലം വെച്ചാര്‍ത്തു കൈകോര്‍-
ത്തുടമ്പു ചേര്‍ത്തു നിന്നില്‍ മദിച്ചകൌമാരങ്ങള്‍.
വ്രണങ്ങള്‍ നീളെ,ചെറുകുഴികള്‍ക്കുള്ളില്‍ ചലം-
പുരണ്ടുകിടക്കുന്നതാരുടെശിരോവസ്ത്രം?
ഉടഞ്ഞുകിടക്കുന്ന മണ്‍കുടം,മണല്‍ പ്പുറം
ഉദകക്രിയയ്ക്കിനിയേതുണ്ടു കണ്ണീര്‍ക്കയം?
പുഴപണ്ടൊഴുകിയ വഴിയിലിപ്പോള്‍,ഇല-
കൊഴിഞ്ഞ മരത്തിന്റെ കുടിനീര്‍ തേടും നിഴല്‍
അലക്ഷ്യമാരോവലിച്ചെറിഞ്ഞ’പെപ്സിക്കുപ്പി’!
വിരസമതു കൊത്തിയുടയ്ക്കും കുളക്കോഴി......................

കോളേജ് വരാന്ത
[മംഗളം വാരിക ഓണപ്പതിപ്പ് 2008
ഇരുണ്ട ഓർമ്മകളിലൂടെ
നടന്നുപോകുമ്പോൾ
വരാന്തയോ ഇടനാഴിയോ
എന്നു ഭ്രമിച്ചുപോകുന്നു.
പട്ടുപാവാടയുടെ തുമ്പത്ത്
ചുംബിക്കുന്ന
പാദസരത്തിന്റെ പ്രണയസീൽക്കാരം
ഇടനാഴിയിലാണ്
മുഴങ്ങിയിരുന്നത്...
തുറന്നുകിടന്ന വരാന്തകൾ
അവസാനിയ്ക്കുന്നിടത്ത്
ആശങ്കകൾ കൂട്ടം കൂടിനിന്നിരുന്നു...
ഒന്നാം വർഷപ്പരീക്ഷയുടെ
മാർക്ക് ലിസ്റ്റ്....
ഇനിയും ഒപ്പിട്ടുകിട്ടാത്ത
പ്രാക്ടിക്കൽ റിക്കോർഡ്.
ജാള്യമേതുമില്ലാതെ
പറന്നുകളിക്കുന്ന
പഴയമാഗസിന്റെ ഒരേട്...
പ്രണയമെന്ന് അവൾ മാത്രവും
കവിതയെന്ന് മറ്റുള്ളവരും
ധരിക്കാത്തതിന്
കവിയെന്തു പിഴച്ചു..?
[ജീവിതത്തിൽ നിന്നും മറ്റും
ചീന്തിയെടുത്തതല്ലാത്തതിനാൽ
അതിന്റെ അരികുകളിൽ
ചോര പൊടിഞ്ഞിരുന്നില്ല]
അടഞ്ഞുകിടന്ന ജനൽ‌പ്പാളികളിലും
കതകുകളിലും
ചിറകിട്ടടിക്കുന്നകാറ്റ്
ഇലകൊഴിഞ്ഞ കാമ്പസ് മരങ്ങളുടെ
നൊമ്പരങ്ങൾ മുഴുവനും
അടിച്ചുപറത്തിക്കൊണ്ടുപൊയ്ക്കഴിഞ്ഞിരുന്നു.....
അരണ്ടവെളിച്ചത്തിലലിഞ്ഞ്
വരാന്തകളിലും ഇടനാഴിയിലും
പ്രേതാത്മാവിനേപ്പോലെ
അലഞ്ഞുനടപ്പുണ്ട്,ഗദ്ഗതം.
ഒരിക്കലും തീരാത്ത ഒരവധിക്കാലത്തിന്റെ
മുഴക്കം..........................................................................
നിഴൽ‌പ്പേടി
കലാകൌമുദിആഗസ്റ്റ് മുപ്പത്തിയൊന്ന് 2008
പഴംകഥകളുടെ ചുമലിൽ
കൈവെച്ച്-
മെല്ലെ നടക്കുമ്പോൾ
പാതവക്കത്തെ പൊന്തയിൽ
കാറ്റു മുരണ്ടു...
ഇരുളിന്റെ നഖങ്ങൾ
ഉള്ളിലേയ്ക്കു വലിച്ചുവെച്ച്
വലിയൊരു കാട്ടുപൂച്ചയേപ്പോലെ
മലയിറങ്ങിവരികയാണ്
വർഷകാലസന്ധ്യ.
മരച്ചില്ലകളിൽ നിന്ന്
ഊർന്നുകിടക്കുന്ന
നിഴലിന്റേയും വെളിച്ചത്തിന്റേയും
നീണ്ടവാലുകൾ...
ഇരയുടെ മേലുള്ള
ചാടിവീഴലിന്റെ
മുന്നൊരുക്കത്തിൽ
മെല്ലെ കാറ്റിലിളകുകയാണ്
കനത്ത ഊഞ്ഞാൽ വള്ളി....
പിന്തിരിഞ്ഞു നോക്കരുത്.
നടക്കുക,
സൂര്യൻ മറ്റൊരു പൊന്തയിൽ
മറയുന്ന നിമിഷത്തേയും ധ്യാനിച്ച്......
പിന്നിൽ നിന്നും
ഏതു നിമിഷവും
ചാടി വീണുമരിച്ചേക്കാം
സ്വന്തം നിഴൽ.....!
ബോദ്ധ്യം
[കലാകൌമുദി 2009മാർച്ച് ഒന്ന് ]
പൂവുകൾക്കിടയിലെ ദൂരമാണ്
പറവകളുടെ സമയം.
സമയം കൊല്ലികളാണ് പുഴുക്കൾ...
അവ നിറങ്ങളൊക്കെയും കരണ്ടുതീർക്കുന്നു.
ദുഖത്തിനു കറുപ്പ്,ദുരന്തത്തിനു ചുവപ്പ്
വൈധവ്യത്തിനു വെളുപ്പ്
കാമത്തിനു നീലം,ഭോഗത്തിനു പീതം...
എന്നിങ്ങനെ പറവകളാണ്
നിറങ്ങൾക്ക് നിരർത്ഥകങ്ങളായ
അർത്ഥങ്ങൾ കൽ‌പ്പിച്ചുകൂട്ടുന്നത്.
പുഴുക്കൾ വർണ്ണാന്ധരാണ്.
വിശപ്പാണവരുടെ തത്വശാസ്ത്രം.
ശലഭത്തിന്റെ കൊഴിഞ്ഞ ചിറകുകൾ
മാളങ്ങളിലേയ്ക്കു് വലിച്ചുകൊണ്ടുപോകുന്ന-
എറുമ്പുകളാണ്‌ ;
പുഴുക്കൾ ചിറകില്ലാത്ത പറവകൾ തന്നെയെന്ന്
നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.

Tuesday, May 27, 2008

കുഞ്ഞുണ്ണിമാഷ്-ഒരു ഓര്‍മ്മച്ചിത്രം.......

“എഴുതുന്നതല്ല,എഴുതെഴുതുവരുന്നതാണ് എഴുത്ത്”കവർ പൊട്ടിച്ച് കടലാസ് നിവർത്തുമ്പോഴേ കണ്ണിൽ‌പ്പെട്ടത് ഈ വരികൾ.മാതൃഭൂമിയിലെ ബാലപംക്തിയിലേയ്ക്ക് ഒരു കവിത അയച്ച്,ഓരോ ആഴ്ചയും പത്രത്തോടൊപ്പം വരാന്തയിൽ പറന്നു വീഴുന്ന മാതൃഭൂമി വാരികകൾ ആകാംക്ഷയോടെ മറിച്ചുനോക്കിയും നിരാശപ്പെട്ടും ഇരിയ്ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആ കവർ കിട്ടിയത്.ആവേശത്തോടെ പൊട്ടിച്ചു. അത്യാകാംക്ഷയോടെ വായിച്ചു.....എന്റെ കവിത മടങ്ങിവന്നിരിയ്ക്കുന്നു...!വരികൾക്കിടയിൽ നിറയെ,കുറിപ്പുകൾ...തിരുത്തുകൾ...“.....എഴുതുന്നതല്ല എഴുതെഴുതുന്നതാണ്....“ എന്ന് സ്വന്തം കുട്ടേട്ടൻ.കുട്ടേട്ടൻ കുഞ്ഞുണ്ണിമാഷാണെന്നറിയുന്നത് പിന്നെയും കുറെ കവിതകൾ തിരുത്തുസഹിതം മടക്കിക്കിട്ടിയതിനു ശേഷമാണ്.1980 കളിലായിരുന്നു അത്.
പിന്നെ ദിനം പ്രതി കവിതകൾ തുരുതുരെ പറക്കുകയായിരുന്നു കോഴിക്കോട്ടേയ്ക്ക്....ശരീരത്തില്‍ നിറയെ പരുക്കുകളുമായി മിക്കവയും മടക്കത്തപാലില്‍ തിരിച്ചുപറന്നു,വരികള്‍ക്കിടയില്‍ നിറയെ,വികലമായ അക്ഷരങ്ങളില്‍ കുഞ്ഞുണ്ണിമാഷിന്റെ തിരുത്തലുകള്‍.. ഏറെത്താമസിയാതെ ലാല്‍.കെ.ചിറക്കടവ് എന്നപേരില്‍ കവിതകളും കഥകളും ബാലപംക്തിയില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.എന്റെ നാട് കോത്താഴമെന്നപേരിൽ വിശ്വപ്രസിദ്ധമായിരുന്നു...!കോത്താഴംകഥകള്‍ കുറേയധികം പ്രസിദ്ധീകരിക്കപ്പെട്ടു, ഇക്കാലത്ത്. ഏറെ പ്രതികരണങ്ങള്‍ വായനക്കാര്‍ എഴുതുന്നു എന്ന പംക്തിയില്‍ വന്നിരുന്നു.1982-88 കാലം.അന്ന് ബാലപംക്തിയില്‍ എഴുതിയിരുന്നവരില്‍ ചിലപേരുകൾ ഓർമ്മയിലുണ്ട് ആനന്ദ്ചെറായി,ശ്രീവിദ്യ കൊടവലത്ത്,എം.അബ്ദുള്ള കോഴിക്കോട്,ഗിരീഷ് പുളിക്കല്‍,വി.കെ.ബാബു മേപ്പയൂര്‍...പിന്നെ,കെ.വി.ബേബിയും ഡി.സന്തോഷും ഇപ്പോളും എഴുതിക്കാണുന്നുണ്ട്...മറ്റുള്ളവരിലാരെങ്കിലും ലോകം മുഴുവൻ പടർന്ന ഈ വലക്കണ്ണിയില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടപ്പുണ്ടെങ്കില്‍ ഒരു ചെറിയ പിടച്ചിലിലൂടെ സാന്നിദ്ധ്യമറിയിക്കുമെന്ന് ആശിക്കട്ടെ പിന്നീടെന്നോ കുഞ്ഞുണ്ണിമാഷ് മാത്രുഭൂമി വിട്ടു.ഞാൻ വായനയും.എന്റെ എഴുത്തിന്റെ വഴികളിൽകൊടുംവേനല്‍ പടർന്നുകയറി.എഴുത്തിനെ ഞാനും എന്നെ എഴുത്തും കൈവിട്ടു.ബിരുദം,ബിരുദാനന്തരബിരുദം,കൊടും പ്രേമം,പ്രേമഭംഗം,പ്രവാസം,കടുകെണ്ണമണക്കുന്ന കാണ്‍ പൂരിലെ തെരുവുകള്‍....ചരിത്രപ്രസിദ്ധമായ കാണ്‍ പൂര്‍ ഡി.എ.വി കോളേജ്......നാട്ടിലേക്കുള്ള മടക്കം-ബി.എഡ്...ജോലി,വിവാഹം,കുട്ടി-കുട്ടികള്‍..പതിയെപ്പതിയെ അക്ഷരങ്ങളുടെ നഷ്ടവസന്തത്തിനുമേല്‍ പുതുമഴപെയ്ത് ചെറുനാമ്പുകള്‍ മുളച്ചുതുടങ്ങി...മടങ്ങിവരവില്‍ എന്നെ കണ്ടെത്തിയ ഗുരുക്കന്മാര്‍...സ്നേഹിതര്‍..ജോസ് പനച്ചിപ്പുറം[പനച്ചി-മനോരമ]എന്‍.ആര്‍.എസ്.ബാബു[കലാകൌമുദി]കമല്‍ റാം സജീവ്[മാത്രുഭൂമി]കെ.വി. രാമകൃഷ്ണൻമാഷ്,ചെണ്ടവിദ്വാനും ദാർശനികകവിയുമായ മനോജ് കുറൂര്‍,അങ്ങനെ എത്രപേര്‍........!
എഴുത്തും വായനയും ഭേദപ്പെട്ട ശമ്പളവുമായിഭാര്യയോടും അദ്ധ്യാപകജോലിയോടും സമരസപ്പെട്ട് കഴിയുമ്പോളാണ് കോട്ടയത്ത് സംസ്ഥാനയുവജനോത്സവം വരുന്നത്[1994?95?].മീനടം ഉണ്ണികൃഷ്ണൻസാറിനോടൊപ്പം ഞാനും ഫുഡ് കമ്മറ്റിയിൽ അംഗമായി.മലമേല്‍ നീലകണ്ഠൻ നമ്പൂതിരിയുടെ നളപാകം വിളമ്പിയും വിരുന്നൂട്ടിയും ഊണ്‍പന്തലില്‍ നില്‍ക്കുമ്പോള്‍, ഒഴിഞ്ഞ കോണില്‍ ഇലയുടെമുന്നില്‍ പാല്‍പ്പായസം ആസ്വദിക്കുന്നൂ സാക്ഷാല്‍ കുഞ്ഞുണ്ണിമാഷ്![അന്ന് നെഞ്ചിനുള്ളിലൂടെ കടന്നുപോയ വിദ്യുത് തരംഗം ഓര്‍മ്മകളില്‍ ഇന്നും മിന്നല്‍ പ്പിണരുകളായി പുളയുന്നുണ്ട്].പറ്റെ വെട്ടിയ മുടി; നരച്ചകുറ്റിത്താടി;ബട്ടണുകളില്ലാത്ത അരക്കൈയ്യന്‍ ഒറ്റക്കുപ്പായം,മുട്ടിനല്‍പ്പം താഴെനില്‍ക്കുന്ന ഒറ്റമുണ്ട്[എനിക്കു പൊക്കം കുറവാണ്,എന്നെ വെറുതെ പൊക്കരുതേ..]കൂട്ടിന് മുഷിഞ്ഞ ഒരു തുണിസഞ്ചി മാത്രം
അടുത്തുചെന്ന് കാലില്‍തൊട്ടു തൊഴുതു...പേരു പറഞ്ഞു.ഓര്‍മ്മയില്ല.എന്നേപ്പോലെ എത്രപേര്‍!സാധാരണമട്ടിലുള്ള പ്രതികരണം....ചുരുക്കം ചില വാക്കുകള്‍...അടുത്തുനിന്ന് വീണ്ടും വീണ്ടും പാല്‍പ്പായസം വിളമ്പിക്കൊടുത്തു.മനസ്സു നിറഞ്ഞു....മതിയായി;ജന്മം മുഴുവന്‍ പറഞ്ഞും ചെയ്തും കൂട്ടിയ അപരാധങ്ങള്‍ക്ക് ഒരു പ്രായ്ശ്ചിത്തം ചെയ്യുമ്പോലെ----വീണ്ടും ആ ജ്ഞാനവൃദ്ധന്റെ കാലില്‍തൊട്ടുതൊഴുതു....പിടിച്ചെഴുന്നേൽ‌പ്പിച്ച്കൊണ്ടുപോയി കൈ കഴുകിച്ചു.ആരൊക്കെയോ തിരിച്ചറിഞ്ഞു......ആരൊക്കെയോ വണങ്ങി.അഭിമാനത്തോടെ ഒട്ട് അഹങ്കാരത്തോടെ ശുഷ്കിച്ച ആകൈത്തലം പിടിച്ചുകൊണ്ട് ഞാന്‍ തലയുയര്‍ത്തിനടന്നു
കുഞ്ഞുണ്ണിമാഷ്.....എന്റെ കുഞ്ഞുണ്ണിമാഷ്...!
ആകാശത്തിനുപുറകില്‍,അനന്തതയില്‍ ജ്വലിച്ചുനില്‍ക്കുന്ന ഒത്തിരിനക്ഷത്രങ്ങളില്‍ ഒന്നായിമാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് കുഞ്ഞുണ്ണിമാഷ്
എനിക്ക് ഒത്തിരി സങ്കടമുണ്ട്............................................................................
വായനയുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു തുടങ്ങിയ എന്റെ കുഞ്ഞുങ്ങൾക്ക് കുട്ടേട്ടനായി ഒരു കുഞ്ഞുണ്ണിമാഷ് ഇല്ലല്ലോ,ഇപ്പോള്‍............................................

“തിരിച്ചുവരാനിനിയാവാത്ത യാത്രികരാ-
ണുദിച്ചുനില്‍ക്കുന്നേതോ നക്ഷത്രലോകങ്ങളില്‍
കിഴക്കെച്ചെരിവിലെ യൊറ്റനക്ഷത്രം മാത്ര-
മിടയ്കെന്‍ നെഞ്ചില്‍ വീണു പൊള്ളുന്നതറിവൂ ഞാന്‍.....”

Tuesday, March 18, 2008

കോത്താഴം,എന്റെ പ്രിയ നാട്...


കേട്ടിട്ടുണ്ടോ,കോത്താഴത്തേക്കുറിച്ച്?ബഷീറിയൻ സാഹിത്യം തൊട്ട് ജഗതിയൻ ഫലിതങ്ങളിൽ വരെ പലപ്പോഴും വന്നുപോകാറുള്ള ഒരു ചോദ്യമുണ്ട്."നീ യേത് കോത്താഴത്തുകാരനാടാ?"ലേശം ലജ്ജയോടും ഏറെ അഭിമാനത്തോടുംകൂടി ഞാൻ വെളിപ്പെടുത്തട്ടെ,കോത്താഴം എന്റെ പ്രിയ ജന്മസ്ഥലമാണ്.യഥാർഥനാമം ചിറക്കടവ്.1980കളിൽ കുഞ്ഞുണ്ണിമാഷ്,മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബാലപംക്തി കൈകാര്യം ചെയ്തിരുന്നകാലത്ത്,ലാൽ.കെ.ചിറക്കടവ് എന്നപേരിൽ ചില കോത്താഴം കഥകൾ ഞാൻ എഴുതിയിരുന്നു.ഭൂലോകവിഡ്ഢികളുടെ നാടത്രേ കോത്താഴം!
കോട്ടയത്തുനിന്നും,കെ.കെ. റോഡിലൂടെ[ഇപ്പോൾ എൻ.എച്ച്.220],റബ്ബർ മരങ്ങൾക്കിടയിലൂടെ സുമാർ 35 നാഴിക കിഴക്കോട്ട് സഞ്ചരിച്ചാൽ പൊൻ കുന്നം എന്ന ചെറുപട്ടണത്തിലെത്തും
‘.തേക്കടിക്കും വാഗമണ്ണിനും പോകുന്ന സായ്പന്മാര്‍ മൂത്രമൊഴിയ്ക്കാനും ഇന്ധനമടിയ്ക്കാനും ഇറങ്ങുന്നതവിടെയാണ്‘.ഭൂലോകസാ‍ഹിത്യകാരന്മാരായ പൊന്‍ കുന്നം വര്‍ക്കി, പൊന്‍ കുന്നം ദാമോദരന്‍[പച്ചപ്പനംതത്തേ....രചയിതാവ്] ലോകപൈങ്കിളികളായ കാനം ഈ.ജെ.,മുട്ടത്തുവര്‍ക്കി ഇവരുടെ കർമ്മഭൂമിയും ഹൈറേഞ്ചിന്റെ കവാടമായ പൊന്‍ കുന്നമായിരുന്നു.
ചിറക്കടവ് എന്ന കൊച്ചു നാട്ടിന്‍പുറത്തിന്റെ തലസ്ഥാനമാകുന്നു ഇപ്പറഞ്ഞ പൊന്‍ കുന്നം......................
ചിറക്കടവത്രേ വിശ്വപ്രസിദ്ധമാ‍യ കോത്താഴം!
കോത്താഴത്തിന്റെ പഴമ്പുരാണങ്ങളിൽ ചിലത് കേൾക്കുക...മദ്ധ്യതിരുവിതാംകൂറിൽകോട്ടയം തിരുനക്കര,വൈക്കം ഏറ്റുമാനൂർമഹാദേവക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ സ്വര്‍ണ്ണക്കൊടിമരം സ്വന്തമായുള്ളത്ശങ്കരനാരായണമൂര്‍ത്തി എന്ന ചിറക്കടവ് മഹാദേനു[ശിവൻ]മാത്രം.വലിയൊരു ചിറ[കുളം] കുഴിച്ചമണ്ണുമുഴുവന്‍ കാലക്രമേണ ഒരു കുന്നായി മാറി. ഈ കുന്നിന്മുകളിലാണ് കഴുത്തില്‍ പാമ്പിന്‍ മാലയുമണിഞ്ഞ് ‘മഹാദേവന്റെ ഇരിപ്പ്. ചിറയുടെ കടവ് -ചിറക്കടവ്..ഇനി ചിറക്കടവിന് കോത്താഴമെന്ന് പേര്‍ ലഭിച്ചതിനേക്കുറിച്ച്-ഇവിടെ പണ്ട് എന്നോ ഒരു ആദിവാസിപ്പെണ്ണ് കൂവ[ഭക്ഷ്യ യോഗ്യ മായ ഒരു കിഴങ്ങ്]പറിച്ചപ്പോള്‍ മണ്ണില്‍നിന്നും ചോര പൊടിഞ്ഞത്രേ..നോക്കുമ്പോള്‍ മണ്ണിലങ്ങനെ കിടക്കുന്നു,ഒരു ശിവലിംഗം!“അയ്യോ പാവമെന്ന്” അവൾ....‘ മണ്ണ് മാന്തിയെടുത്ത ശിവലിംഗം പിന്നീട് അവിടെ പ്രതിഷ്ടിക്കപ്പെട്ടു.[ശിവലിംഗമെന്ന നാമത്തില്‍ അല്പം അശ്ലീലമില്ലേയെന്ന് ചെറുബാല്യത്തില്‍ത്തോന്നിയ ശങ്ക എന്നെ ഇപ്പോഴും വിട്ടൊഴിയുന്നില്ല.] അങ്ങനെ കൂവയുടെ താഴെനിന്നും സ്വയംഭുവായ മഹാദേവന്‍ കൂവത്താഴെ മഹാദേവനായും പിന്നീടത് കോത്താഴെ മഹാദേവനായും മാറിയെന്ന് ഐതിഹ്യം.[കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയാല്‍ ഐതിഹ്യം... ഈ വെറും ലാല്‍ എഴുതിയാല്‍ അങ്ങനെ ആവ്വോ?]
ദേശാടനപ്പക്ഷികളുടെ അറിവിലേയ്ക്കായി ചില കാര്യങ്ങൾ...........-കോത്തഴെനിന്നും വാഗമണ്ണിനും കോലാഹലമേടിനും പാഞ്ചാലിമേടിനും ഒരു മണിക്കൂര്‍ യാത്ര.കുമളിക്ക് രണ്ടര മണിക്കൂര്‍.തേക്കടിക്ക് രണ്ടേമുക്കാല്‍...ഇടുക്കി,മുല്ലപ്പെരിയാര്‍ മൂന്ന് മണിക്കൂര്‍[ഞെട്ടരുത്...ഭാവിയില്‍ കോത്താഴം ചരിത്രവിസ്മൃതിയുടെ മലവെള്ളപ്പാച്ചിലിൽ ആണ്ടുപോയേക്കാം ..മോഹഞ്ചോദാരോ....ഹാരപ്പാ...ഹാ....ഹാ..!]
കോത്താഴത്തെ ഞങ്ങളുടെ പിതാമഹര്‍ ഒത്തിരി വിഡ്ഡിത്തങ്ങള്‍ കാട്ടിക്കൂട്ടിയിട്ടുണ്ടെന്ന് സാഹിത്യത്തിലും സിനിമയിലും ചില പരദൂഷണക്കാര്‍ പറഞ്ഞുവച്ചിട്ടുണ്ട് ഒരു സാമ്പിള്‍ ഇതാ....മാര്‍ക്സിന്റെ അപ്പൂപ്പന്‍ ജനിക്കുന്നതിനു മുന്നേ തന്നെ കോത്താഴത്ത് സോഷ്യലിസം ഉണ്ടായിരുന്നു.ഗ്രാമത്തിലെ മുഴുവന്‍ വീടുകള്‍ക്കും വേണ്ട മാങ്ങാ മുഴുവന്‍ ഉപ്പിലിട്ടു സൂക്ഷിച്ചിരുന്നത് ഒരു വലിയ കുളത്തിലായിരുന്നു.കുളത്തില്‍ ഉപ്പു കലക്കി മാങ്ങാമുഴുവന്‍ നിക്ഷേപിക്കുന്നു! പിന്നീട് ആവശ്യമുള്ളപ്പോള്‍ മാങ്ങശേഖരിക്കുവാന്‍ കഴുത്തില്‍ വലിയ ഭരണികളും കെട്ടിവച്ചുകൊണ്ട് ഓരോരുത്തരായി നിലയില്ലാത്ത കുളത്തിലേക്ക് ചാടുന്നു....!ആരും പൊന്തിവന്നില്ലത്രേ......അവർക്കൊക്കെ എന്തുപറ്റിയോ ആവോ...?
ഒരു കോത്താഴംകാരന്‍ ദേശസഞ്ചാരത്തിനുപോയി. പോയവഴിക്ക് നെല്ലിക്ക തിന്നു. തൊട്ടടുത്തുകണ്ട കിണറ്റില്‍നിന്നും വെള്ളവും കോരിക്കുടിച്ചു...വെള്ളത്തിനു മധുരം! മധുരവെള്ളമുള്ള കിണര്‍ കോത്താ‍ഴത്തിനുകൊണ്ടുപോകാനയാള്‍ തീരുമാനിച്ചു .....തിരിച്ചുപോയി,വലിയൊരു കയറും സന്നാഹങ്ങളുമായി വന്നു.കിണര്‍ കെട്ടിവലിച്ചുകൊണ്ടു പോകാമെന്നായിരുന്നു അയാളുടെ ബുദ്ധി...! ബുദ്ധിയില്‍ ഒട്ടും പിന്നാക്കമായിരുന്നില്ല ഞങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍.ഒരു കോത്താഴംകാരൻഅങ്ങാടിയില്‍ നിന്നും പായ് വാങ്ങിച്ചു.പായ് ചുരുട്ടിക്കെട്ടിയാണ് വീട്ടിലെത്തിച്ചത്.രാത്രിയില്‍ കിടക്കാനൊരുങ്ങുമ്പോഴല്ലേ രസം! എന്തു ചെയ്തിട്ടും പായ് നിവര്‍ന്നു വരുന്നില്ല.നിലത്ത് പായ്നിവര്‍ത്തിയിട്ട് കിടക്കാനൊരുങ്ങുമ്പോഴേയ്ക്കും അത് ചുരുണ്ടുപോവും...! ഒടുവിലയാള്‍ പാ‍യുടെ ഒരറ്റം ചവിട്ടിപ്പിടിച്ച് കൈകൊണ്ട് നിവര്‍ത്തി പായോടൊപ്പം നിലത്തേയ്ക്ക് വീണുകൊടുത്തു...! പായ് എങ്ങനെ ചുരുളും...? കോത്താഴം കാരന്റെയടുത്താ പായുടെ വേല...മനസ്സിലിരിയ്ക്കട്ടെ..,ങാഹാ‍...
ഒരുകോത്താഴംകാരനെ പാമ്പു കടിച്ചു.കടിച്ചത് ശിരസ്സില്‍ !വിഷം മുകളിലേയ്ക്കല്ലേ കയറൂ..? പാമ്പിനു പറ്റിയ പറ്റ് നോക്കണേ..!
കോത്താഴം കാരന്‍ ആദ്യമായി കോളറുള്ള ഒരു കുപ്പായമിട്ടു.യാത്രകഴിഞ്ഞ് വീട്ടിലെത്തിയാൽ കുഴലുപോലുള്ളകുപ്പായം തലവഴി ഊരിയെടുക്കും.അടുത്തയാത്രയ്ക്ക് വീണ്ടും ഇടുമ്പോള്‍ കുപ്പായത്തിന് കോളറുണ്ടാവില്ല! പിന്നത്തെ യാത്രയ്ക്ക് കോളറുണ്ടാവും...അടുത്തയാത്രയ്ക്ക് ഉണ്ടാവില്ല...!കുപ്പായം തലവഴി ഊരിയെടുക്കുമ്പോള്‍ പുറംതിരിഞ്ഞ് പോകുമെന്ന ബുദ്ധി പാവത്തിന്റെ മണ്ടയില്‍ ഉദിച്ചില്ല.
കോത്താഴം കഥകള്‍ക്ക് അന്തമില്ല.ശ്രീനിവാസനും പ്രിയനും രാജസേനനും പലതും മോഷ്ടിച്ച് സ്വന്തമാക്കിയിടുണ്ട്.എസ്.കെ.പൊറ്റക്കാടും വി.കെ.എന്നും ഒക്കെ അവയില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടുണ്ട്.നീ എതു കോത്താഴം കാരനാടാ എന്ന ചോദ്യം ഇനി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നോട് അസൂയ തോന്നും..നിങ്ങള്‍ക്കാര്‍ക്കും ഒരു കോത്താഴം കാരനായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ!
എന്റെ നാടിന് ഇങ്ങനെയൊരു പേരുദോഷം വന്നുഭവിയ്ക്കാൻ കാരണമെന്ത്?എല്ലാ നാട്ടിനും ഇത്തരം ചില പുരാണങ്ങൾ പറയാനുണ്ടാവും എന്നാണെന്റെ കണ്ടെത്തൽ!ഗ്രാമ്യതയുടെ വിശുദ്ധിയെ അടയാളപ്പെടുത്തുന്നവയാണ് ഇത്തരം മിത്തുകൾ.പിൻ തലമുറ അതിശയോക്തികലർത്തി പൊലിപ്പിച്ചെടുത്തവ.അങ്ങനെ ചിന്തിയ്ക്കുമ്പോൾ നസ്സറുദ്ദീൻ മുല്ലയും ഹോജയും തെന്നാലിരാമനും ബീർബലുമൊക്കെ അതതു കാലദേശങ്ങളിലെ കോത്താഴത്തുകാരായിരുന്നു എന്നു പറയുന്നതിൽ തെറ്റുണ്ടാ‍വുമെന്നു തോന്നുന്നില്ല.ഉവ്വ്..ഒരു കോത്താഴത്തുകാരനായതിൽ എനിയ്ക്കിപ്പോൾ ശരിയ്ക്കും അഭിമാനം തോന്നുന്നുണ്ട്.