Saturday, December 27, 2008

കോട്ടയം-കുമളി റോഡ്


കോട്ടയം ചരിത്രപ്രസിദ്ധമാണ്.അക്ഷരനഗരിയെന്ന് ആലങ്കാരികഭാഷ.1970കളിലേയും80കളിലേയും കോട്ടയത്തിന്റെ ചരിത്രം വായനയുടെ ജനകീയവൽക്കരണത്തിന്റെ ചരിത്രം കൂടിയാണ്.ഈ കാലഘട്ടത്തിൽ ,ജനപ്രിയ നോവലിസ്റ്റുകളുടേയും കഥകാരന്മാരുടെയും ഒരു നീണ്ടനിരതന്നെ കോട്ടയത്തുണ്ടായിരുന്നു.കോട്ടയം പട്ടണത്തിൽ നിന്നുമാത്രം ഏതാണ്ട് മുപ്പതിലധികം ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.മംഗളം,മനോരമ,മാമാങ്കം,മലയാളം,മനസ്വിനി,മനോരാജ്യം...എന്നിങ്ങനെ.മുഖ്യധാരാസാഹിത്യകാരന്മാരാൽ "മ വാരികകൾ" എന്നാക്ഷേപിക്കപ്പെട്ട ഇവ, അക്ഷരങ്ങളുടെ വർണ്ണ അലുക്കുകളെ സാധാരണക്കാരന്റെ ഹൃദയങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നതിൽ അസാധാരണ കരവിരുതാണ് കാട്ടിയത്. മലയാളിയുടെ ആർതർ കോനൻ ഡോയലോ,ബ്രാം സ്റ്റോക്കറോ ഒക്കെ ആയിരുന്നു, അപസർപ്പകകഥാകാരൻ കോട്ടയം പുഷ്പനാഥ്.........കോട്ടയത്തിന്റെ നാലതിരുകൾ വിട്ട് പുറത്തുസഞ്ചരിച്ചിട്ടേയില്ലാത്ത അദ്ദേഹത്തിന്റെ തൂലിക ന്യൂയോർക്കും,ഈജിപ്റ്റും,ലണ്ടനും പോലെയുള്ള മഹാനഗരങ്ങളുടേയും രാജ്യങ്ങളുടേയും ഭൂമിശാസ്ത്രം കടുകിടതെറ്റാതെ കഥകളിൽ വരഞ്ഞിട്ടു. കാനം ഈ.ജെ. യുടേയും മുട്ടത്തുവർക്കിയുടേയും ഒക്കെ കർമ്മ മണ്ഡലവും കോട്ടയമായിരുന്നു.തകഴി,കാരൂർ,പൊൻ കുന്നം വർക്കി,പൊൻ കുന്നം ദാമോദരൻ[ജയചന്ദ്രൻ ഈണമിട്ട പച്ചപ്പനംതത്തേ..യുടെയും മറ്റും കർത്താവ്] എന്നിങ്ങനെ കോട്ടയത്തിന് എത്രയെത്ര അക്ഷരമുത്തച്ഛന്മാർ....!!!!!അയ്മനത്തിന്റെ കഥയെഴുതി സായ്പിന്റെ ബുക്കർപ്രൈസ് വാങ്ങിയ അരുന്ധതി റോയ്, ക്രിസ്ത്യൻ പിന്തുടർച്ചാവകാ‍ശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സമ്പാദിച്ചതിലൂടെ പ്രസിദ്ധയായ മേരി റോയ് മലയാളികളെ വായനയുടെ രീതിശാസ്ത്രവും അതിനുപിന്നിലെ സാമ്പത്തികശാസ്ത്രവും പഠിപ്പിച്ച ഡി.സി.കിഴക്കേമുറി,കെ.ആർ.നാരായണൻ,ഈ.സി.ജി സുദർശൻ എന്നിങ്ങനെ കോട്ടയത്തിന്റെ പ്രശസ്തരായ സന്തതികൾ എത്രയെത്ര...!!!! 19 ,20, നൂറ്റാണ്ടുകളിൽ വിദേശമിഷനറി പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു,കോട്ടയം...കേരളത്തിലെ ഏറ്റവും പഴക്കമുള്ള കലാശാല കോട്ടയത്താണുള്ളത്. സി.എം.എസ്സ്.കോളേജും സ്കൂളും.അച്ചു ക്കൂടത്തിന്റെ ആശാൻ ബഞ്ചമിൻ ബെയ്ലി........അനന്തമായി നീളുകയാണ് കോട്ടയത്തിന്റെ പെരുമകളുടെ ലിസ്റ്റ്..............!!!
കോട്ടയത്ത്നിന്നും കുമളിയിലേയ്ക്ക് കെ. കെ. റോഡിലൂടെ സഞ്ചരിക്കുമ്പോൾ പറുദീസയിലേയ്ക്കുള്ള വഴി എന്ന ചുവരെഴുത്തു കാണാം. കോട്ടയത്തിനും കുമളിയ്ക്കുമിടയിൽ മലനിരകളെ ചുറ്റിയും സമതലങ്ങളെ പുണർന്നും വളഞ്ഞും പുളഞ്ഞും ഈ റോഡ് എൻ.എച്ച് 220 ആയി രൂപം മാറിയിട്ടുണ്ട് ഇപ്പോൾ. സായ്പന്മാർക്ക് സുഖമായി സഞ്ചരിക്കുവാൻ ലോകബാങ്ക് കോടികളാണ് ഈ റോഡിൽ വാരിപ്പൂശിയിരിയ്ക്കുന്നത്.മലഞ്ചരക്ക് വ്യാപാരകേന്ദ്രമായ പൊൻ കുന്നം,ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിയ്ക്കുന്ന കാഞ്ഞിരപ്പള്ളി,പ്രകൃതിമനോഹരിയായ വാഗമൺ,കോലാഹലമേട്,പാഞ്ചാലിമേട്,തേക്കടി ടൈഗർ റിസേർവ്വ്,ഡാമുകളുടെ മുതുമുത്തച്ഛൻ മുല്ലപ്പെരിയാർ,ഇടുക്കി ആർച്ച് ഡാമും മൂലമറ്റം പവ്വർ ഹൌസ്സും-..................കെ.കെ. റോഡ് യാത്രികരെ കൊണ്ടുചെന്നെത്തിയ്ക്കുന്ന അതിശയങ്ങളുടെ പറുദീസകൾ........!!!!!!!
പൊൻ കുന്നത്തുനിന്നും,ബസ്സിൽ അച്ഛന്റെ മടിയിലിരുന്ന് തേക്കടിയ്ക്കു യാത്ര ചെയ്യുമ്പോളാണ്, ആദ്യമായി സായ്പിന്റേയും കാട്ടുമൂപ്പന്റേയും കഥ കേട്ടത്.ഉറക്കങ്ങളുടെ കൂട്ടുകാരനായി ഈ കഥ എന്നെ ഒത്തിരി രാത്രികളിൽ തഴുകിയിട്ടുണ്ട്.പൊടിപ്പും തൊങ്ങലും വെച്ച് കഥ പറയുവാനും കഥകളും ഉപകഥകളുമായി നീട്ടിക്കൊണ്ടുപോകുവാനും വിരുതനായിരുന്നു എന്റെ അച്ഛൻ.കഥകളെ ഹൃദയത്തിലേയ്ക്ക് ചേർത്ത്പിടിച്ചുതുടങ്ങിയ നാളുകളിൽ ഒരിയ്ക്കൽ അച്ഛൻ എനിയ്ക്ക് ‘ഒരു ദേശത്തിന്റെ കഥ’ സമ്മാനമായി വാങ്ങിത്തന്നു.സ്കൂൾ ലൈബ്രറിയുടെ ചാർജ്ജ് വഹിച്ചിരുന്ന അച്ഛൻ വലിയ പുസ്തകക്കെട്ടുമായാണ് എന്നും വീട്ടിൽ വന്നുകയറുക.വായന ഭ്രാന്തായിമാറിയപ്പോൾ പാഠപുസ്തകങ്ങൾ പൊടിപിടിച്ചു.വിക്ടർ ഹ്യൂഗോയുടെ പാവങ്ങളും,എം.ടി.യുടെ അസുരവിത്തും നാലുകെട്ടുമൊക്കെ ഭ്രാന്തമായ ആവേശത്തോടെയാണ് വായിച്ചുതീർത്തത്.’അരനാഴികനേരത്തിലെ’ ആദ്യനാലുപുറങ്ങൾ വള്ളിപുള്ളിവിടാതെ ഓർമ്മയിൽ നിന്നും എടുത്തെഴുതാൻ എനിയ്ക്കു കഴിയും.-ഭ്രാന്തിന്റെ ഏതോ വഴിത്തിരിവിൽ വെച്ച് ഇടതുകാലിലെ കഥയുടെ മന്ത് കവിതയുടെ രൂപത്തിൽ വലതുകാലിലേയ്ക്ക് മാറി.കഥ കൈവിട്ടുപോയതിൽ വൈക്ലബ്ബ്യമുണ്ടെങ്കിലും കവിതയിലൂടെയും കഥപറയാമെന്ന തിരിച്ചറിവു് ആശ്വാസത്തിനായി കൂട്ടിനെത്തി.
എഴുപതുകഴിഞ്ഞിരിയ്ക്കുന്നൂ,എന്റെ അച്ഛനിപ്പോൾ. രണ്ടാം ക്ലാസ്സുകാരിയായ എന്റെ മകൾക്ക് കഥപറഞ്ഞുകൊടുക്കുന്നതിനിടയിൽ അച്ഛൻ ചിലപ്പോൾ പൊടുന്നനെ വഴിതെറ്റിയലയാറുണ്ട്. നാവിൽ നിന്നും വഴുതിപ്പോകുന്ന വാക്കുകൾ ഓർമ്മയുടെ ഇരുണ്ട ഇടനാഴിയിൽ വീണുകിടക്കുന്നത് അച്ഛൻ നിസ്സഹായനായി കണ്ടറിയും.പകുതിയിൽ വെച്ച് മുറിഞ്ഞുപോയ കഥയെക്കുറിച്ചുള്ള പരാതിയുമായി മകൾ വരുമ്പോൾ എന്റെ നെഞ്ചിൽ പഴയ ഒരായിരം കഥകളുടെ നെരിപ്പോടുകൾ എരിഞ്ഞുകത്തും.ഓർമ്മകളെ കാർന്നുതിന്നുന്ന മാരകരോഗത്തിന് അച്ഛന്റെ മസ്തിഷ്ക്കം പൂർണ്ണമായും കീഴടങ്ങും മുമ്പേ അച്ഛനുവേണ്ടി ഈ കവിത കുറിച്ചിടട്ടെ,ഞാൻ......
മറവിയുടെ ഒരു ദുർഭൂതം എന്റെ വഴിയിലും ,എന്നേക്കാത്ത് മറഞ്ഞിരിപ്പുണ്ടല്ലോ....



കോട്ടയം-കുമളി റോഡ്
കാട്ടുമൂപ്പന്റെ തലയ്ക്കുള്ളിൽ
പുളഞ്ഞ ഒരു ഇടിവാളാണ്,
മലകളുടെ ശിരോരേഖകളായത് .
വെള്ളക്കാരൻ ചൂണ്ടിയ ഇടങ്ങളിലൂടെ
കറുത്ത ഒരു നാടപോലെ ,
കയറ്റിറക്കങ്ങളിൽ വലിഞ്ഞുനീണ്ടും ,
വളവുകളിൽ ചുരുങ്ങിയും ചുരുണ്ടും
റബ്ബർ മരങ്ങൾക്കിടയിലൂടെ ,
ഇഴഞ്ഞിഴഞ്ഞ്;
ഒടുക്കം കോട്ടയത്തെത്തും മുമ്പേ-
കാടന്റെ തലച്ചോർ-
സായ്പിന്റെ തീയുണ്ടകൾ തിന്നുതീർത്തിരുന്നു.
ഇപ്പോൾ തേക്കടിയ്ക്കു പോകുന്ന സായ്പന്മാർ,
പകലിരുണ്ടാൽ യാത്ര തുടരാറില്ല.
മത്തായിക്കൊക്കയിൽ നിന്നും
പിടഞ്ഞുയരുന്ന കാട്ടുമൂപ്പന്റെ നിലവിളി
ദൂരെ പാഞ്ചാലിമേട്ടിൽ മാറ്റൊലിക്കൊള്ളുന്നത്
ഞങ്ങളിൽ ചിലർ കേട്ടിട്ടുണ്ട്.
കാട്ടുമൂപ്പന്റെ ആറാംതലമുറയത്രെ
കരുണൻ........
ഞങ്ങളുടെ ആത്മസുഹൃത്ത്!
പഠിപ്പുകഴിഞ്ഞ്
പ്രത്യയശാസ്ത്രത്തിൽ ഡോക്ടറേറ്റെടുത്തു.
കുറച്ചുനാൾ ഒരു കുത്തക കമ്മ്യൂണിസ്റ്റ് കമ്പനിയിൽ
ശമ്പളമില്ലാതെ ജോലി ചെയ്തു.
ഒടുക്കം വി.ആർ.എസ്സ് എടുത്ത്
നാട്ടുകലുങ്കുകളിൽ ഞങ്ങളോടൊപ്പം
മണിക്കൂർ ശമ്പളത്തിൽ
പകലിരവുകളെ
അലസം കൊന്നുകൊണ്ടിരിയ്ക്കേ-
പെട്ടെന്നൊരുനാൾ ,
ടൂറിസം വകുപ്പിൽ ഒരു ഗൈഡായി-
അപ്രത്യക്ഷനായി!!!!
ഹേ സഞ്ചാരികളേ
ഈ വഴി വരുമ്പോൾ
കോട്ടയം-കുമളി റോഡിന്റെയോരത്ത് -
എവിടെയെങ്കിലും
കരുണനെക്കണ്ടാൽ
ഞങ്ങളെ അറിയിക്കാൻ മറക്കരുത്.
ഒരു പക്ഷേ‌
അഗാധമായ കൊക്കയിലേയ്ക്ക് കൈചൂണ്ടിക്കൊണ്ട്‌
ഒരു സായ്പിനോട് ചങ്ങാത്തപ്പെട്ട്;
പുകമഞ്ഞിനോടൊപ്പം;
പാഞ്ചാലിമേടിന്റെ രോദനത്തിലലിഞ്ഞ്......
റോഡിന്റെയോരത്ത്......
അഥവാ ഓർമ്മകളുടെ ചാരത്ത്
എവിടെയെങ്കിലും......?
*ഹൈറേഞ്ചിലെ ദുർഘടമലനിരകളിലേയ്ക്കുള്ള വഴികണ്ടെത്താൻ വെള്ളക്കാരനെ സഹായിച്ചത് ഒരു കാട്ടുമൂപ്പനത്രേ.പിന്നീട് ആ വഴി കെ.കെ. റോഡായി.ഇപ്പോൾ എൻ.എച്ച് 220 എന്ന നാഷണൽ ഹൈവേയും.കാട്ടുമൂപ്പനെ ഒടുക്കം സായ്പ് വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പഴമൊഴി