[തികച്ചും വ്യക്തിപരം]
പുതിയപുതിയ അര്‍ഥതലങ്ങള്‍ തേടുന്ന പദസമൂഹമാണ് കവിത.വിളക്കിച്ചേര്‍ക്കലിന്റെ രമ്യത പദങ്ങളേയും അര്‍ഥങ്ങളേയും ഭാവത്തിന്റെ അവാച്യസൌന്ദര്യമേഖലയിലേയ്ക്കുയര്‍ത്തുന്നു.കവിത ഒരു സ്വകാര്യാനുഭവം മാത്രമാണ്,തികച്ചും. സമൂഹജീവി എന്നനിലയില്‍ കവിയ്ക്ക് സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരിക്കണം.എന്നാല്‍ കവിതയ്ക്ക് അതുണ്ടായിരിക്കണമെന്നു ശാഠ്യപ്പെട്ടു കൂടാ.ഉണ്ടായാൽ നന്ന്.കവിതകൊണ്ട് സമൂഹത്തെ മാറ്റിമറിക്കാമെന്ന അഹങ്കാരമൊന്നും പുതുലോകത്തെ കവിക്കില്ല.രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും ലോകമെമ്പാടുംതന്നെ സാഹിത്യം നടത്തിയിട്ടുള്ള വിജയകരമായ ഇടപെടലുകളെ നിഷേധിക്കുന്നില്ല.അവ ചരിത്രത്തിന്റെ ഭാഗമാണ്.എന്നാല്‍ പുതിയ ലോകത്തില്‍ അതിനു സമാനതകള്‍ കണ്ടെത്താനാവില്ല. കവിതകളോടൊട്ടിനില്‍ക്കുന്നത് ഒരു ചെറിയലോകം മാത്രമാണിപ്പോള്‍......ലോകം വലുതും സങ്കീര്‍ണ്ണവുമായി വളരുംതോറും കവിതയുടെ മണ്ഡലം ചെറുതാവുകയാണ് ചെയ്യുന്നത്.അതാണ് യാഥാര്‍ഥ്യം.കവിത വായിക്കുന്നവരുടെ എണ്ണം പോലും അനുദിനം കുറഞ്ഞുവരുന്ന ഒരു സമൂഹത്തില്‍,ഭാരിച്ച ചുമതലകളൊന്നുംതന്നെ കവിതയ്ക്ക് നിര്‍വ്വഹിക്കാനില്ല,അഥവാനിര്‍വ്വഹിക്കാനാവില്ല; അതുകൊണ്ട് കവിത ആത്യന്തികമായി ഒരു സ്വകാര്യാനുഭവം മാത്രമാണ്‍.താല്‍പ്പര്യമുള്ളവക്ക് അതില്‍ പങ്കുചേരാവുന്നതാണ്‍.
അത്തരക്കാര്‍ക്കായി................................
“എന്റെ കവിത“
[ആനുകാലികങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടവയാണ് ,എല്ലാം.ബൂലോകവായനയ്ക്കായി സമർപ്പിയ്ക്കുന്നു]
സങ്കടജലം
[2003 നവംബര്‍9-15 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്]
കുടത്തില്‍ സങ്കടജലം നിറച്ചുഞാന്‍
മടങ്ങിച്ചെല്ലുന്ന വഴിക്കണ്ണും കാത്ത-
ങ്ങിരിക്കയാണു രണ്ടനാഥ ജന്മങ്ങള്‍!
നരച്ചപീലികള്‍,തുറിച്ചകണ്ണുകള്‍;
നിറച്ചിരുട്ടിന്റെ നിഴലനക്കങ്ങള്‍....
നിശ്ശബ്ദശ്ശബ്ദങ്ങളടച്ചുവെച്ചൊരു
കുടംകണക്കിരുള്‍ പടര്‍ന്നകാനനം.
അകലത്തിലേതോ ദുരന്തങ്ങള്‍,വന്യ-
മലറുന്നുണ്ടുഗ്ര മ്രുഗത്തിന്‍ഭാഷയില്‍
തനിച്ചിരിക്കുവാന്‍ ഭയന്നു കൈപിടി-
ച്ചണച്ചൊരോര്‍മ്മകള്‍,വ്യഥകളൊക്കയും
നരച്ചനെഞ്ചിന്റെ മണങ്ങളിലൊട്ടി-
പ്പിടിച്ചിരിക്കുന്നതറിഞ്ഞു ഞാന്‍,കുടം-
ജലത്തിലാഴ്ത്തുമ്പോള്‍; കണക്കുകൂട്ടലില്‍
പിഴച്ചുപോയൊരു ന്രുപന്റെ കൈയിലെ
കുലച്ചവില്ലൊരു കുസ്രുതികാട്ടുമ്പോള്‍
എനിയ്ക്കു നെഞ്ചകം തുളഞ്ഞുപോയ്;ശരം-
മരത്തില്‍ച്ചെന്നേറ്റു വിറച്ചുനില്‍ക്കുന്നു....
കൊടും പുത്രശോകം നിറച്ചൊരു കുടം
ചിതയ്ക്കുള്ളില്‍ വീണു ചിതറിടുമ്പൊഴും
വഴിക്കണ്ണും കാത്തിട്ടിരിക്കയാണാന്ധ്യം
വിധിച്ച കണ്ണുമായനാഥ ജന്മങ്ങള്‍........
ഉച്ച
[2007 ജൂണ്‍ 17-മാതൃഭൂമി ആഴ്ചപ്പതിപ്പ്]
നിഴല്‍ക്കൂട്ടുപോലുമില്ലാത്തനേരം,
നിരാലംബമെങ്കിലും-
നിവര്‍ന്നുനിന്നുകത്തുന്ന മെഴുതിരിയായി,
ഉരുകിയൊലിക്കുന്നേരം.....
പടിഞ്ഞാട്ടു നിഴല്‍ക്കൈ നീട്ടിയാല്‍
പ്രഭാതത്തെ തൊടാം
കിഴക്കോട്ടായാല്‍
സായന്തനത്തേയും.
പാദങ്ങള്‍ പറിച്ചുവെക്കാനാവില്ലെന്നതാണ്-
പ്രശ്നം.
എങ്കിലും,
ഒരു നിലപാടുണ്ടല്ലോയെന്ന സമാധാനം.....
ഉച്ചിയില്‍ വീണ തീജ്ജ്വാലയില്‍
നില്‍ക്കുന്നിടത്തുതന്നെ
ഉരുകിത്തീരാനാണ്‍-
വിധി.
പല്ലി
[കലാകൌമുദി വാരിക2002 നവംബര്‍ 10]
നേരുവിളിച്ചുപറഞ്ഞതിനല്ലോ
നാവു മുറിച്ചുകളഞ്ഞൂ..?
വാലു മുറിച്ചുകളഞ്ഞതിനാലിനി
വാലാട്ടാതെ കഴിക്കാം
വാലുകിടന്നുപിടയ്കുമ്പോള്‍ നിന്‍-
നാവില്‍ കൊതി പെരുകുമ്പോള്‍
ഓടിയൊളിക്കാന്‍ കണ്ടല്‍ക്കാടുകള്‍
തേടുകയാണെന്‍ ഹ്രുദയം.
നേരും നെറിയും നെഞ്ചുമുരച്ചീ-
ചോരപ്പാടു രചിക്കേ,
സൂര്യനുറങ്ങിയ ചുവരില്‍ വൈദ്യുത-
ദീപം കണ്ണുമിഴിക്കേ
പ്രാണനുടുമ്പായ് ഭിത്തിയിലള്ളീ-
കാലുകളിടറീടുന്നൂ...
വാലുമുറിച്ചൊരു നേരിന്‍ ചൊല്ലുകള്‍
കാതിലിരമ്പീടുന്നൂ.
പാരൊന്നാകെ ഭരിച്ചവരാണെന്‍
പൂര്‍വ്വികര്‍,ഉരഗശ്രേഷ്ടര്‍
മോന്തായത്തെ ത്താങ്ങുകയത്രേ
വാഴ്വിതിലെന്റെ നിയോഗം...!
വ്രണിതം
മാതൃഭൂമി
ആഴ്ച്ചപ്പതിപ്പ്2008ഫിബ്രവരി17]
നിലാവുവീണ പാതയില്‍
നീണ്ടുപതിഞ്ഞനിഴലറ്റത്ത്
കുത്തനെയൊരാള്‍....
കഥകളില്‍നിന്നും വഴിപിരിഞ്ഞിറങ്ങി-
അലയുന്ന കാമുകന്‍,ഭ്രാന്തന്‍;
അഥവാകള്ളന്‍...?
കാമുകനെങ്കില്‍ കൈത്തലം
ഹ്രുദയത്തോടു ചേര്‍ത്തുപിടിച്ചിരിക്കും.
കള്ളനെങ്കിലോ,
കൈയ്ക്കുള്ളില്‍-
കനകമോഠാരയോ
ഒളിപ്പിച്ചിരിക്കും.
കൈനീട്ടിത്തൊട്ടപ്പോള്‍
നനവാണറിഞ്ഞത്;
മുറിഞ്ഞഹ്രുദയത്തിന്റെ മരവിപ്പും
ചോരയുടെ പശപ്പും....
നിഴലറ്റത്ത്
നേര്‍ത്തുനേര്‍ത്തില്ലാതെയാവുന്ന
ഇയാള്‍,
മറ്റാരുമല്ല...
ചങ്ങാതിതന്നെ.
പുഴകള്‍ ഒഴുകിയ വഴികള്‍
[കലാകൌമുദിവാരിക2004മെയ്2-4]
പുഴകള്‍ ഒഴുകിയ വഴികള്‍; ഓരം ചേര്‍ന്നു-
നിരന്നചെറു ഞാവല്‍ മരങ്ങള്‍,ചുടുകണ്ണീര്‍-
ക്കണങ്ങള്‍ കൊഴിഞ്ഞപോല്‍ പഴങ്ങള്‍,തളംകെട്ടി-
ക്കിടക്കും ഗതകാലസ്മ്രുതികള്‍ സുക്രുതികള്‍.....
പിടഞ്ഞുകളിക്കാത്ത പരല്‍മീനുകള്‍,തപ-
സ്സിളകി,പ്പറക്കാത്ത കൊറ്റികള്‍,വ്രുഥാചൂണ്ട-
ക്കൊളുത്തില്‍ കൊരുത്തുടല്‍ പിടയ്ക്കും സമയത്തെ
അലസം കൊല്ലാനാരുമില്ലാത്ത കടവുകള്‍.
ഇനിയുമണയാത്ത കനല്‍ക്കട്ടകള്‍,ചാര-
മിളകിപ്പറക്കുന്ന നെഞ്ചിലെച്ചൊരിമണല്‍...
കഴിഞ്ഞരാവിലഗ്നി വലം വെച്ചാര്‍ത്തു കൈകോര്‍-
ത്തുടമ്പു ചേര്‍ത്തു നിന്നില്‍ മദിച്ചകൌമാരങ്ങള്‍.
വ്രണങ്ങള്‍ നീളെ,ചെറുകുഴികള്‍ക്കുള്ളില്‍ ചലം-
പുരണ്ടുകിടക്കുന്നതാരുടെശിരോവസ്ത്രം?
ഉടഞ്ഞുകിടക്കുന്ന മണ്‍കുടം,മണല്‍ പ്പുറം
ഉദകക്രിയയ്ക്കിനിയേതുണ്ടു കണ്ണീര്‍ക്കയം?
പുഴപണ്ടൊഴുകിയ വഴിയിലിപ്പോള്‍,ഇല-
കൊഴിഞ്ഞ മരത്തിന്റെ കുടിനീര്‍ തേടും നിഴല്‍
അലക്ഷ്യമാരോവലിച്ചെറിഞ്ഞ’പെപ്സിക്കുപ്പി’!
വിരസമതു കൊത്തിയുടയ്ക്കും കുളക്കോഴി......................
കോളേജ് വരാന്ത
[മംഗളം വാരിക ഓണപ്പതിപ്പ് 2008
ഇരുണ്ട ഓർമ്മകളിലൂടെ
നടന്നുപോകുമ്പോൾ
വരാന്തയോ ഇടനാഴിയോ
എന്നു ഭ്രമിച്ചുപോകുന്നു.
പട്ടുപാവാടയുടെ തുമ്പത്ത്
ചുംബിക്കുന്ന
പാദസരത്തിന്റെ പ്രണയസീൽക്കാരം
ഇടനാഴിയിലാണ്
മുഴങ്ങിയിരുന്നത്...
തുറന്നുകിടന്ന വരാന്തകൾ
അവസാനിയ്ക്കുന്നിടത്ത്
ആശങ്കകൾ കൂട്ടം കൂടിനിന്നിരുന്നു...
ഒന്നാം വർഷപ്പരീക്ഷയുടെ
മാർക്ക് ലിസ്റ്റ്....
ഇനിയും ഒപ്പിട്ടുകിട്ടാത്ത
പ്രാക്ടിക്കൽ റിക്കോർഡ്.
ജാള്യമേതുമില്ലാതെ
പറന്നുകളിക്കുന്ന
പഴയമാഗസിന്റെ ഒരേട്...
പ്രണയമെന്ന് അവൾ മാത്രവും
കവിതയെന്ന് മറ്റുള്ളവരും
ധരിക്കാത്തതിന്
കവിയെന്തു പിഴച്ചു..?
[ജീവിതത്തിൽ നിന്നും മറ്റും
ചീന്തിയെടുത്തതല്ലാത്തതിനാൽ
അതിന്റെ അരികുകളിൽ
ചോര പൊടിഞ്ഞിരുന്നില്ല]
അടഞ്ഞുകിടന്ന ജനൽപ്പാളികളിലും
കതകുകളിലും
ചിറകിട്ടടിക്കുന്നകാറ്റ്
ഇലകൊഴിഞ്ഞ കാമ്പസ് മരങ്ങളുടെ
നൊമ്പരങ്ങൾ മുഴുവനും
അടിച്ചുപറത്തിക്കൊണ്ടുപൊയ്ക്കഴിഞ്ഞിരുന്നു.....
അരണ്ടവെളിച്ചത്തിലലിഞ്ഞ്
വരാന്തകളിലും ഇടനാഴിയിലും
പ്രേതാത്മാവിനേപ്പോലെ
അലഞ്ഞുനടപ്പുണ്ട്,ഗദ്ഗതം.
ഒരിക്കലും തീരാത്ത ഒരവധിക്കാലത്തിന്റെ
മുഴക്കം..........................................................................
നിഴൽപ്പേടി
കലാകൌമുദിആഗസ്റ്റ് മുപ്പത്തിയൊന്ന് 2008
പഴംകഥകളുടെ ചുമലിൽ
കൈവെച്ച്-
മെല്ലെ നടക്കുമ്പോൾ
പാതവക്കത്തെ പൊന്തയിൽ
കാറ്റു മുരണ്ടു...
ഇരുളിന്റെ നഖങ്ങൾ
ഉള്ളിലേയ്ക്കു വലിച്ചുവെച്ച്
വലിയൊരു കാട്ടുപൂച്ചയേപ്പോലെ
മലയിറങ്ങിവരികയാണ്
വർഷകാലസന്ധ്യ.
മരച്ചില്ലകളിൽ നിന്ന്
ഊർന്നുകിടക്കുന്ന
നിഴലിന്റേയും വെളിച്ചത്തിന്റേയും
നീണ്ടവാലുകൾ...
ഇരയുടെ മേലുള്ള
ചാടിവീഴലിന്റെ
മുന്നൊരുക്കത്തിൽ
മെല്ലെ കാറ്റിലിളകുകയാണ്
കനത്ത ഊഞ്ഞാൽ വള്ളി....
പിന്തിരിഞ്ഞു നോക്കരുത്.
നടക്കുക,
സൂര്യൻ മറ്റൊരു പൊന്തയിൽ
മറയുന്ന നിമിഷത്തേയും ധ്യാനിച്ച്......
പിന്നിൽ നിന്നും
ഏതു നിമിഷവും
ചാടി വീണുമരിച്ചേക്കാം
സ്വന്തം നിഴൽ.....!
ബോദ്ധ്യം
[കലാകൌമുദി 2009മാർച്ച് ഒന്ന് ]
പൂവുകൾക്കിടയിലെ ദൂരമാണ്
പറവകളുടെ സമയം.
സമയം കൊല്ലികളാണ് പുഴുക്കൾ...
അവ നിറങ്ങളൊക്കെയും കരണ്ടുതീർക്കുന്നു.
ദുഖത്തിനു കറുപ്പ്,ദുരന്തത്തിനു ചുവപ്പ്
വൈധവ്യത്തിനു വെളുപ്പ്
കാമത്തിനു നീലം,ഭോഗത്തിനു പീതം...
എന്നിങ്ങനെ പറവകളാണ്
നിറങ്ങൾക്ക് നിരർത്ഥകങ്ങളായ
അർത്ഥങ്ങൾ കൽപ്പിച്ചുകൂട്ടുന്നത്.
പുഴുക്കൾ വർണ്ണാന്ധരാണ്.
വിശപ്പാണവരുടെ തത്വശാസ്ത്രം.
ശലഭത്തിന്റെ കൊഴിഞ്ഞ ചിറകുകൾ
മാളങ്ങളിലേയ്ക്കു് വലിച്ചുകൊണ്ടുപോകുന്ന-
എറുമ്പുകളാണ് ;
പുഴുക്കൾ ചിറകില്ലാത്ത പറവകൾ തന്നെയെന്ന്
നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.