നാട്ടിൻപുറങ്ങൾ പുരാണപ്രസിദ്ധങ്ങളാണ്.ചിറക്കടവിന്റെ പുരാവൃത്തങ്ങളിൽ നർമ്മോക്തികൾക്കാണ് പ്രാമുഖ്യം.നിഷ്ക്കളങ്കരായ ശുദ്ധനാട്ടിൻപുറത്തുകാർക്ക് പിണഞ്ഞ കൊച്ചുകൊച്ച് അമളികളേക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ ചിറക്കടവിന്റെ പുരാവൃത്തങ്ങളായി അന്യദേശങ്ങളിൽപ്പോലും പ്രചരിച്ചിട്ടുണ്ട്.കൂവത്താഴെ സ്വയംഭൂവായ ദേശപരദേവതയേക്കുറിച്ചുള്ള പരാമർശമാണോ അതോ കോലു കൊണ്ട് ആദ്യമായി താഴ് [കോൽത്താഴ്]രൂപകൽപ്പനചെയ്ത പഴയ എൻ ജിനീയറിങ്ങ് വൈദഗ്ധ്യത്തിന്റെ രേഖപ്പെടുത്തലാണോ,കോത്താഴം എന്ന ചിറക്കടവിന്റെ അപരനാമത്തിനു പിന്നിലുള്ളതെന്നത് ഇന്നും ഒരു തർക്കവിഷയമാണ്.
മറുനാട്ടിലുള്ള ചിറക്കടവുകാരന് മകരം പിറന്നാൽ മനസ്സിനുള്ളിൽ ഒരു പിടപ്പാണ്.പത്ത് ഉത്സവവും കൂടാനായിനാട്ടിലേയ്ക്കുള്ള യാത്ര അവന് ഒരു തീർഥയാത്രയുടെ സുഖവും സ്വാസ്ഥ്യവുമാണ് പകരുന്നത്.തീവണ്ടി കോയമ്പത്തൂർ സ്റ്റേഷനും കടന്ന് ഓടിത്തുടങ്ങുമ്പോൾ ദൂരെ ഖസാക്കിന്റെ ഇതിഹാസകാരന്റെ കരിമ്പനത്തലപ്പുകൾ കണ്ടു തുടങ്ങും. ഷൊർണ്ണൂരെത്തുമ്പോൾ റെയിൽ വേ സ്റ്റേഷനിൽനിന്നും ഉയരുന്ന ചായ...ചായ...ദോശ.....വട... വിളികൾ അയാൾക്ക് ഗൃഹാതുരമായ ഒരുവരവേൽപ്പ് ഒരുക്കും.അവിടം മുതൽ സ്മരണകളുടെ കിതപ്പിനും കുതിപ്പിനും ചൂളംവിളികൾക്കും ഒപ്പമാണയാളുടെ യാത്ര.ചിറക്കടവ് അമ്പലത്തിന്റെ പടിഞ്ഞാറെ നടയിലെ കേശവച്ചേട്ടന്റെ ചായക്കടയിലെ മൊരിഞ്ഞ ദോശയുടേയും വെളിച്ചെണ്ണയിൽ താളിച്ച് കടുകുവറുത്ത കട്ടച്ചമ്മന്തിയുടേയും രുചിയുടെ ലോകത്തിലേയ്ക്ക് ഒരു മടക്കയാത്ര.ഗോസായിയുടെ ഉണക്കച്ചപ്പാത്തിയ്ക്കും പരിപ്പുകറിയ്ക്കും ഒട്ടുനാളത്തേയ്ക്ക് വിട...............
ചിറക്കടവുകാർക്ക് എന്തും ഉത്സവമായിരുന്നു ഒരു കാലത്ത്,വിവാഹവും ചോറൂണും നൂലുകെട്ടും എന്തിന് പുലകുളിയടിയന്തിരം പോലും...കല്യാണത്തിനു സദ്യവട്ടം നാട്ടുകാരുടെ വകയാണ്.ദിവസങ്ങൾക്കുമുമ്പുതന്നെ,മുറ്റത്ത് മെടഞ്ഞ തെങ്ങോലകൾ കൊണ്ടുള്ള കൊട്ടിൽ ഉയരും.പിന്നയങ്ങോട്ട് ഒന്നിലും വീട്ടുകാരന് ഒരു പങ്കും ചുമതലയും ഉണ്ടാവില്ല.കല്യാണം പൊടിപൂരമാക്കാൻ വന്നെത്തിയിട്ടുള്ളവർക്ക് മൂന്നുനേരം വെച്ചു വിളമ്പൽ ഒഴികെ.കല്യാണത്തലേന്ന് കൊട്ടിലിനുള്ളിൽ വലിയ മര ഉരലുകൾ നിരക്കുന്നു.ഒരു ഉരലിൽ രണ്ടുപേരാണ് അരി ഇടിയ്ക്കുക.പൊങ്ങിത്താഴുന്ന ഉലക്കകളുടെ താളാത്മകമായ ചലനത്തിൽ മതിമറന്നുനിൽക്കുന്ന ബാല്യം,പഴമക്കാരുടെ സ്മരണകളിൽ എപ്പോഴുമുണ്ട്.പ്രഥമനും,കാളനും തിളച്ചുമറിയുന്ന അടുപ്പുകൾക്കിടയിൽ വിയർത്തുകുളിച്ച് ഓടിനടക്കുന്ന“ശ്രമക്കാരൻ“ പ്രതിഫലം കണക്കുപറഞ്ഞുവാങ്ങുന്ന വെറും"ചെറമക്കാരൻ"ആയിമാറിയപ്പോൾ വിഭവങ്ങളിലും ചില അസുഖകരങ്ങളായ രുചിഭേദങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത് സമീപകാല ചരിത്രം.
ചിറക്കടവിന് ദേശീയോത്സവം ഒന്നേയുള്ളൂ.അത് മഹാദേവന്റെ തിരുവുത്സവമാണ്.മഞ്ഞുപൊഴിയുന്നമകരമാസക്കാലത്ത്,ഉറക്കമിളപ്പിന്റെ പത്തുരാത്രികൾ.ചിറക്കടവിൽ അത് മാമ്പഴക്കാലം കൂടിയാണ്.ചെറുബാല്യക്കാരെ സംബന്ധിച്ചിടത്തോളം മാമ്പഴക്കാലങ്ങളുടെ മധുരം കെടുത്തിക്കൊണ്ടാണ് പരീക്ഷകൾ വന്നെത്തുക.പരീക്ഷകൾക്കു തൊട്ടു മുന്നിലും മകരത്തണുപ്പിനൊപ്പവുമാണ് ഉത്സവത്തിന്റെ വരവ്.ബാല്യങ്ങൾക്കിത് ബലൂണുകളുടെ കുതൂഹലക്കാഴ്ചകൾ മാത്രമാണെങ്കിൽ കൌമാരങ്ങൾക്ക് പ്രണയവർണ്ണങ്ങളുടെ കുടമാറ്റം കൂടിയാണ്.പച്ചനിറമുള്ള ഒരു പട്ടു പാവാടയ്ക്കു പിന്നാലെ രാവെളുക്കുവോളം നടന്നുതീർത്ത ദൂരങ്ങൾ ഉത്സവപ്പറമ്പുകളേക്കുറിച്ചുള്ള ഗൃഹാതുര സ്മരണകൾക്കുമേൽ ഇന്നും അടയാളപ്പെട്ടു കിടപ്പുണ്ട്. കുറേക്കൂടിപഴയ ചില ഓർമ്മകളിൽ,ദുര്യോധനവധത്തിന്റെ ശീലുകൾ ഒഴുകിപ്പരക്കുന്നുണ്ട്.വല്യമ്മച്ചി[മുത്തശ്ശി]യോടൊപ്പം കളിവിളക്കിന്റെ ചുവട്ടിൽത്തന്നെ ചമ്പ്രം പടിഞ്ഞിരുന്നതും പിന്നെയെപ്പോഴൊ തലചായ്ച്ചതും പുലർച്ചയിൽ കേട്ട ഒരു അലർച്ചയിൽ വയറ്റിലും നെഞ്ചിനുള്ളിലും ഒൻപതാം ഉത്സവം ആളിപ്പടർന്നതും....
ഏഴാം ഉത്സവവും എട്ടാം ഉത്സവവും“ ബാലെ സ്പെഷ്യൽ“ ആണ്.റഷ്യയിലെ പരമ്പതാഗതനൃത്തരൂപങ്ങളാണ് ബാലെ,ഓപ്പറെ തുടങ്ങിയവ.കേരളീയസംഗീത നൃത്തനാടകങ്ങൾക്ക് ഈ പേരുകൾ ചാർത്തിക്കൊടുത്ത വികലഭാവന ആരുടേതാണന്നറിഞ്ഞുകൂടാ.മണൽ വിരിച്ച ചെറിയ അമ്പലമുറ്റത്ത് ഇനിയൊരുതരിമണലും വീഴാത്തവണ്ണം,സന്ധ്യയ്ക്കുമുന്നേ,ആളുകൾ നിറയും.മുന്നിൽ സ്റ്റേജിനു തൊട്ട് ഇരുന്നെങ്കിലേ ബാലെ നന്നായി ആസ്വദിയ്ക്കാനാവൂ.ക്ഷമയോടെയുള്ള കാത്തിരിപ്പ് പാതിരാത്രിയോളം നീളും.മൈതാനത്തെ ലൈറ്റുകൾ അണഞ്ഞ്,സ്റ്റേജിൽ അവതരണഗാനം മുഴങ്ങിത്തുടങ്ങുമ്പോളാവും”ഒന്നിനുപോകാനുള്ള” പ്രകൃതിയുടെ വിളി പൊടുന്നനെ ഉണ്ടാവുക.ജനസമുദ്രത്തിന്റെ നടുവിലാണ് ഇരിയ്ക്കുന്നത്.തലയൊന്നു പൊന്തിച്ചാൽ പുറകിൽനിന്നും ചരൽക്കല്ലുകൾകൊണ്ടുള്ള ഏറ് കിട്ടും.അമ്മയുടെ ബുദ്ധി അപ്പോഴാണ് പ്രവർത്തിയ്ക്കുക.തിക്കും പൊക്കും നോക്കിയിട്ട് നിക്കറിന്റെ ഹുക്കുകൾ മെല്ലെ അഴിച്ചു വിടർത്തിത്തരും.പൊരിമണലിലേയ്ക്ക് ചൂടുള്ള ദ്രാവകം പതഞ്ഞൊഴുകുമ്പോൾ ചുറ്റുമുള്ള പ്രേക്ഷകർ സ്റ്റേജിൽ ദൃശ്യമായ ദശരഥരാജധാനിയുടെ പകിട്ടിലും പ്രകാശത്തിലും സ്തബ്ധരായി ഇരിയ്ക്കുകയാവും.അരവിന്ദാക്ഷമെനോന്റെ ശ്രീരാമവേഷം അരങ്ങിൽ അവതരിച്ചുകഴിഞ്ഞിരിയ്ക്കും അപ്പോൾ...
സന്ധ്യയ്ക്കുമുന്നേതന്നെ അമ്പലപ്പറമ്പിലെത്തിച്ചേരുന്ന ബാലെ ട്രൂപ്പ് ചിറക്കടവുകാർക്ക് വിസ്മയത്തിന്റെ ഒട്ടനവധി നിമിഷങ്ങൾ സമ്മാനിയ്ക്കും.കേശവച്ചേട്ടന്റെ കടയിലേയ്ക്കുള്ള ബാലേ ട്രൂപ്പിന്റെ അത്താഴമുണ്ണാൻ പോക്ക് ഒരു സംഭവം തന്നെയാണ്.തങ്ങ ളുടെ പ്രിയ താരങ്ങളെ മെയ്ക്കപ്പില്ലാതെ അടുത്തുകാണാൻ ജനം തിക്കിത്തിരക്കും.പ്രായംചെന്നവർ ,കിരീടവും വേഷഭൂഷാദികളുമില്ലാത്ത അയോധ്യയിലെ രാജാവിനെ ഭക്തിപുരസ്സരം തൊഴുതുനിൽക്കും.ഒരിയ്ക്കൽ അമ്മയുടെ പിടിയിൽനിന്നും കുതറിമാറി,ജനത്തിരക്കിലൂടെ നൂണുകടന്ന് ,ഞാൻ,സാക്ഷാൽ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ കൈത്തണ്ടയിലൊന്നു സ്പർശിച്ചു.....ഹോ..അന്ന് അനുഭവിച്ച അനുഭൂതി വിശേഷം ഇന്നും കുളിരായി ഓർമ്മയിൽ പടർന്നു കിടപ്പുണ്ട്.പ്രേം നസീറോ,ബഹുദൂറൊ,മധുവോ ഒക്കെയായിരുന്നു ചിറക്കടവുകാർക്ക് അന്ന് ചങ്ങനാശേരി ജയകേരള നൃത്തകലാലയത്തിലെ തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോൻ.
ചിറക്കടവിന്റെ പഴയകാല ചരിത്രത്തിൽ വഞ്ചിപ്പുഴതമ്പുരാക്കന്മാരുടെ പ്രതാപകാലം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.മഹാമനസ്ക്കരും വിശാലഹൃദയരുമായിരുന്നു അവർ.ഹിന്ദുത്വത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ ചിറക്കടവ് എക്കാലവും കാത്തു സൂക്ഷിച്ചിട്ടുണ്ട്.ഏത് ആശയത്തേയും ദർശനത്തേയും ഉൾക്കൊള്ളുവാനുള്ള മഹാമനസ്ക്കതയാണ് ഹൈന്ദവതയുടെ കാതൽ.ഈ വിശാല മനസ്ക്കതയാണ് അന്യമതങ്ങളെ ഭാരതത്തിലേയ്ക്കാകർഷിച്ചത്.ഹൈന്ദവമനസ്സിന്റെ വൈശിഷ്ട്യവും വലിപ്പവുമാണ് അന്യമതങ്ങൾ ഇവിടെ വേരുപിടിക്കാൻ കാരണമായിത്തീർന്നത്.ആതിഥ്യമര്യാദയിൽ ചിറക്കടവുകാർ ഇന്നും ആർക്കും പിന്നിലല്ല.അന്യനാട്ടിൽ നിന്നോ അന്യമതത്തിൽ നിന്നോ വന്നുകൂടിയഒരാളേയും മനസ്സുതുറന്ന് സ്വീകരിക്കാതിരുന്നിട്ടില്ല.വെറും കൈയുമായി ചിറക്കടവിലേയ്ക്കുവന്നിട്ടുള്ള ഒരാൾ പോലും വെറും കൈയുമായി ഇന്നിവിടെ ജീവിയ്ക്കുന്നില്ല..നിരാശനായി ഒരുവനും ഇന്നേവരെ ചിറക്കടവു വിട്ടു പോകേണ്ടി വന്നിട്ടുമില്ല.
വഞ്ചിപ്പുഴതമ്പുരാക്കന്മാരെക്കുറിച്ചുള്ള ഏറെ ചരിത്രവസ്തുതകളൊന്നും ലഭ്യമല്ല.ചിറക്കടവ് ദേശം ഭരിച്ചിരുന്ന നാട്ടു രാജാക്കന്മാരുടെ പരദേവതാസ്ഥാനമായിരുന്നു ചിറക്കടവുമഹാദേവനുണ്ടായിരുന്നത്.ക്ഷേത്രത്തിലെ അനുഷ്ടാനകലയായ വേലകളിയിലെ ഉടുത്തുകെട്ടിനും ചുവടുവയ്പ്പിനും ഒരു പടപ്പുറപ്പടിന്റെ മട്ടും ഭാവവുമാണുള്ളത്.നാലുപതിറ്റാണ്ടുകാലം വേലകളിയ്ക്കായി ജീവിതം ഹോമിച്ച അപ്പുആശ്ശാൻ എന്ന വേലകളിയാശ്ശാൻ ചിറക്കടവിന്റെ മറ്റൊരു അദ്ഭുതമാണ്.കണ്ണുകളുടെ കാഴ്ച ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ട ഈ പുണ്യാത്മാവ് ചെണ്ടയിൽ തീർക്കുന്ന താളപ്പെരുക്കങ്ങൾക്കൊത്താണ് വേലകളിപ്പിള്ളേർ ചുവടുവയ്ക്കുക.ശിഷ്യരാണ് ആശാന്റെ കണ്ണുകൾ.ചിറക്കടവിലെ ഏത് ഊടുവഴിയിലൂടെയും ആശാൻ അനായാസം നടന്നുപോകും.ആശാന്റെ കൈ കവർന്നുകൊണ്ട് എപ്പോഴും ഏതെങ്കിലുമൊരു ശിഷ്യൻ കൂടെയുണ്ടാകും.വിരലറുത്ത് ഗുരുദക്ഷിണനൽകിയ നാടിന്റെ പാരമ്പര്യം കാത്തു സൂക്ഷിയ്ക്കുകയാണ് ഗുരുവിനുമുന്നിൽ സ്വയം കണ്ണായി,വഴികാട്ടിയായി മാറുന്ന ഈ ശിഷ്യർ.
പഴയ ഉത്സവകാലങ്ങളേക്കുറിച്ചുള്ള ഈ രേഖപ്പെടുത്തലുകൾ ഉത്സവങ്ങൾ കൈമോശംവന്നഒരുതലമുറയ്ക്കു വേണ്ടിഉള്ളതാണ്.ഉത്സവം എന്നവാക്കിന് പുതിയ അർത്ഥങ്ങൾ തേടിയുള്ള യാത്രയിലാണ് ചിറക്കടവിലെ പുതുതലമുറ.കേരളത്തിലെ മറ്റേതൊരു നാട്ടിൻപുറത്തേയും യുവാക്കളേപ്പോലെ തന്നെ.അവരുടെ ഉത്സവങ്ങൾ കുറേക്കൂടി ചലനാത്മകങ്ങളാണ്.ഒരു പക്ഷേ ഭ്രാന്തമായത്.........അവരുടെ വർണ്ണങ്ങൾ കുറേക്കൂടി പകിട്ടാർന്നവയാണ്...കണ്ണുകൾക്ക് ആന്ധ്യം പകരുന്ന തരത്തിലുള്ളവ...ശബ്ദങ്ങൾ കുറേക്കൂടി തീക്ഷ്ണങ്ങളാണ്....കാതുകൾക്ക് ആസ്വാസ്ഥ്യമേകാൻ പോരുന്നവ.അഥവാ ഇതൊക്കെ പഴയ മനസ്സുകളുടെ വെറും തോന്നലുകളോ ധാരണകളൊ മാത്രമാവാം....?
എന്തായാലും ഒന്ന് വാസ്തവമാണ്.പുതിയ തലമുറയ്ക്ക് പുതിയ ഉത്സവങ്ങൾ ഉണ്ട്..............പഴമയുടെ ഉത്സവങ്ങൾ അവസാനിച്ചിരിയ്ക്കുന്നു..........!!!!!!!!!!!!!!!!!
ഉത്സവപ്പിറ്റേന്ന്,ഉത്സവപ്പറമ്പിലെത്തുന്നഒരു അവധൂതന് കാഴ്ചയിൽ കുരുങ്ങുന്നതെന്തൊക്കെയാണ്?നൂൽ പൊട്ടി ആകാശത്ത് ലക്ഷ്യമില്ലതലയുന്ന ബലൂണുകൾ.....നിറം കെട്ട തോരണങ്ങൾ.......പകുതി വെന്ത് ചീറ്റിത്തെറിച്ച പടക്കങ്ങൾ....അവയ്ക്കിടയിലൂടെ,കൊണ്ടുവന്ന ബലൂണുകളിൽ പാതിപോലും വിറ്റുപോകാതെ ഹതാശനായി മടങ്ങുന്ന ഒരു പാവം ബലൂൺ വിൽപ്പനക്കാരൻ.....................................
Thursday, December 8, 2011
Wednesday, June 1, 2011
ഗോത്രസംസ്കൃതിയുടെ പൂമുഖത്ത്
മൃഗത്തിൽ നിന്നും മനുഷ്യനിലേയ്ക്കുള്ള ആദിമപ്രയാണത്തിന്റെ രേഖപ്പെടുത്തലുകളിലേറെയും മറഞ്ഞുകിടക്കുന്നത് ഇരുണ്ട ഗുഹകൾക്കുള്ളിലാണ്.പുരാതനമനുഷ്യഗേഹങ്ങളുടെ പൂമുഖങ്ങളായിരുന്നു,ഗുഹാമുഖങ്ങൾ.ഗൃഹസ്ഥാശ്രമത്തിന്റേയും ഗോത്രസംസ്കൃതിയുടേയുമൊക്കെ ആദ്യപാഠങ്ങൾ പൌരാണികമനുഷ്യൻ ഉരുവിട്ടു പഠിച്ചതും പിന്തലമുറയ്ക്കായി എഴുതിവെച്ചതും ഗുഹാമുഖങ്ങളിലാണ്.
കേരളത്തിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയ്ക്കടുത്ത് അമ്പുകുത്തിമലയിലെ എടയ്ക്കൽ ഗുഹ ലോകടൂറിസ്റ്റുഭൂപടത്തിൽ ഇടം നേടിയിട്ട് കാൽനൂറ്റാണ്ടോളമായി.പ്രകൃതിദത്തമായ തടാകങ്ങൾ[പൂക്കോട്]ഏഷ്യയിലെ ഏറ്റവും വലിയ മൺചിറ[ബാണാസുരസാഗർ അണക്കെട്ട്]പാപനാശിനി,തിരുനെല്ലി,പക്ഷിപാതാളം,അതിപുരാതന ജൈനക്ഷേത്രം,വെള്ളച്ചാട്ടങ്ങൾ[സൂചിപ്പാറ],വന്യജീവിസങ്കേതങ്ങൾ[മുത്തങ്ങാ] എന്നിങ്ങനെ സഞ്ചാരികൾക്കായി വയനാട് ഒരുക്കിവെച്ചിട്ടുള്ള വിസ്മയങ്ങളിൽ പ്രഥമസ്ഥാനത്തുള്ളത് എടയ്ക്കൽ ഗുഹ തന്നെയാണ്.1984 ൽ മാത്രമാണ് എടയ്ക്കൽഗുഹ പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്.ഗവേഷകർക്ക് മാത്രമല്ല,സാഹസികസഞ്ചാരികൾക്കും വന്യഭംഗി ആസ്വദിയ്ക്കാനെത്തുന്ന സാധാരണക്കാർക്കും എടയ്ക്കൽ ഒരു അപൂർവ വിസ്മയമായി നിലകൊള്ളുന്നു.
ബ്രിട്ടീഷ് മലബാർ പോലീസ് സൂപ്രണ്ടായിരുന്ന എഫ്.ഫോസറ്റ് മൃഗവേട്ടയ്ക്കിടെ നവീനശിലായുഗത്തിലെ ഒരുകല്ലുളി കണ്ടെത്തിയിടത്തുനിന്നും ആരംഭിയ്ക്കുന്നു എട്യ്ക്കലിന്റെ ആധുനികചരിത്രം.1894 ൽ ആയിരുന്നു ഇത്.കല്ലുളി കണ്ടെത്തിയ ഇടവും ചുറ്റുമുള്ള പ്രദേശങ്ങളും അദ്ദേഹം അരിച്ചുപെറുക്കി.സായ്പിന്റെ ആറാം ഇന്ദ്രിയം അമ്പുകുത്തിമലയുടെ അജയ്യമായ ഔന്നത്യത്തിൽനിഗൂഢവും അഭൌമവുമായ എന്തോ ഒന്നിന്റെ സാന്നിധ്യം അനുഭവിച്ചറിയുകയായിരുന്നു.സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ പ്രകൃതി ഒളിപ്പിച്ചുവച്ചിരുന്ന ഒരു മഹാത്ഭുതം,നീണ്ട പര്യവേഷണത്തിനൊടുവിൽ ഫൊസറ്റ് സായ്പിന്റെ സാഹസികതയ്ക്കു മുൻപിൽ കീഴടങ്ങി. കോഴിക്കോട്ടുനിന്നും സുൽത്താൻബത്തേരിയ്ക്കുള്ള മൂന്നുമണിയ്ക്കൂർ ബസ്സ് യാത്ര വ്യത്യസ്തമായ ഒരനുഭവം ആണ്.ഇഴഞ്ഞുനീങ്ങുന്ന വാഹനം,ഒൻപതു കൊടും വളവുകളോടുകൂടിയ വയനാടൻ ചുരത്തെ മെല്ലെ കീഴടക്കുമ്പോൾ,കൽപ്പറ്റയുടെ ഹരിതഭംഗി കണ്ണുകൾക്കുമുമ്പിൽ തെളിയുകയായി.കൽപ്പറ്റ്യ്ക്കും സുൽത്താൻബത്തേരിയ്ക്കുമിടയിലാണ് എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തിമല.മലയുടെ അടിവാരം വരെ മറ്റുവാഹനങ്ങൾ ചെല്ലും, പിന്നീറ്റ് ജീപ്പിലാണ് യാത്ര.ഏതാണ്ട് ഒന്നര കിലോമീറ്ററിനപ്പുറം മലയുടെ പള്ളയ്ക്ക് നമ്മെ ഇറക്കിവിട്ടിട്ട് ജീപ്പ് മടങ്ങും.ഇനി യാത്ര കാൽനടയായാണ്.വൻ പാറകൾക്കിടയിലൂടെ നൂണുകടന്നും പൊത്തിപ്പിടിച്ചും മലമുകളിലേയ്ക്ക് കയറണം.അപകടം പതിയിരിയ്ക്കുന്ന ഇടങ്ങളിൽ കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്.ഏതാണ്ട് ഒരു കിലോമീറ്റർ കുത്തനെ കയറിക്കഴിയുമ്പോൾ ഗുഹാമുഖം ദൃശ്യമാകും.
ഗുഹയ്ക്കുള്ളിലേയ്ക്കുകടക്കുമ്പോൾ സഞ്ചാരികളെ എതിരേൽക്കുന്നത് ആദിമമായ അനുഭൂതികളൂം ഗന്ധങ്ങളും സ്പർശങ്ങളുമൊക്കെയാണ്. മുപ്പതിനായിരം വർഷങ്ങൾക്കുമുമ്പെന്നോ ഉണ്ടായ ഒരു ഭൂചലനത്തിന്റെ സൃഷ്ടിയത്രേ ഈ ഗുഹ.ആനയോളം വലിപ്പമുള്ള പാറക്കല്ലുകൾ അടർന്ന് താഴേയ്ക്കു പതിച്ചപ്പോൾ അവയ്ക്ക് ഇടയിൽ സ്വാഭാവികമായി രൂപപ്പെട്ട വലിയ ഒരു വിടവാണ് ഈ ഗുഹ.ഗുഹയ്ക്കുള്ളിൽ നിന്നുകൊണ്ട് മുകളിലേയ്ക്കു നോക്കുമ്പോൾ നെഞ്ച് ഒന്നു പിടയ്ക്കും.വലിയ ഒരു പാറക്കല്ല് ഏതുനിമിഷവും താഴേയ്ക്കു വീഴാമെന്ന ഭാവത്തിൽ തങ്ങിയിരിയ്ക്കുകയാണ്, തലയ്ക്കു മുകളിൽ.
ഭീമാകാരങ്ങളായ മൂന്നുപാറകളാണ് ഗുഹയുടെ ചുവരുകൾ.മുകൾത്തട്ടാവട്ടെ അവയ്ക്കുമേൽ തങ്ങിയിരിയ്ക്കുന്ന മറ്റൊരു ഭീമൻ പാറക്കല്ലും.ഇത്തരത്തിൽപ്പെട്ട ഗുഹ ലോകത്ത് എടയ്ക്കൽ മാത്രമാണുള്ളത്.ഫ്രാൻസിലെ ലായ്ക്കോ,സ്പെയിനിലെ അൾട്ടാമിറ,ഇന്ത്യയിലെ അജന്താ,എല്ലോറാ തുടങ്ങിയവയൊക്കെയുംപ്രകൃത്യാ രൂപപ്പെട്ടവയാണ്.എടയ്ക്കൽ ആവട്ടെ ഭൂചലനത്തിന്റെ ഫലമായിപാറക്കല്ലുകൾ അടർന്നുരുണ്ടുവീണുണ്ടായതും.ഗുഹയ്ക്കുള്ളിൽ നിന്നും പാറകളുടെ വിടവിലൂടെ താഴേയ്ക്കു നോക്കുമ്പോൾ മുപ്പതിനായിരം വർഷങ്ങൾക്കുമുൻപ് ഉണ്ടായതായി കരുതപ്പെടുന്ന ഒരു വൻ ഭൂചലനത്തിന്റെ ഭീകരദൃശ്യം ഭാവനയെ കിടിലം കൊള്ളിച്ചുകൊണ്ട് മനസ്സിലേയ്ക്ക് ഇരമ്പിയെത്തും.
പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുപോന്ന ഒരു ഗോത്രസംസ്കൃതിയുടെ ശേഷിപ്പുകളാണ് ഗുഹയുടെ ചുവരുകളിലെ കൊത്തുചിത്രങ്ങൾ.കല്ലുളികൊണ്ട് കോറിയിട്ടവരകളിൽ തലപ്പാവും ആഭരണങ്ങളും ധരിച്ച് കൈയുയർത്തിനിൽക്കുന്ന മനുഷ്യരൂപങ്ങൾ ഉണ്ട്.ഗോത്രസംസ്ക്കാരത്തിന്റെ അടയാളങ്ങളായി ആന,നായ്ക്കൾ,കൈവണ്ടികൾ,അമ്പും വില്ലും,നൃത്തച്ചുവടുകളുമായി നിൽക്കുന്ന സ്ത്രീരൂപം,എന്നിവ ആലേഖനം ചെയ്തിരിയ്ക്കുന്നു.ചിത്രങ്ങളും ലിഖിതങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളിൽ രചിക്കപ്പെട്ടവയാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.ക്രിസ്തുവിനുശേഷം രണ്ട്,അഞ്ച് നൂറ്റാണ്ടികൾക്കിടയിലാണ് ഇവയുടെ രചനാകാലമെന്ന് കരുതപ്പെടുന്നു.വടക്കൻ ബ്രാഹ്മിയിൽ എഴുതിയ കേരളത്തിലെ ആദ്യത്തെ സംസ്കൃതലിഖിതവും ഗുഹയ്ക്കുള്ളിൽ കാണാം.ശ്രീ വിഷ്ണുവർമ്മാ കുടുംബിയ കുലവർധനസ്യ ലിഖിതം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ആറായിരത്തോളം വർഷങ്ങൾക്കു മുന്നേ ഈ ഗുഹയിൽ മനുഷ്യവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു.
ആദിമമനുഷ്യന്റെ ചൂടും ചൂരും ഏറ്റുവാങ്ങിയ ശിലകളിൽ സ്പർശിയ്ക്കുമ്പോൾ വിരൽത്തുമ്പിലൂടെ തണുപ്പും മരവിപ്പുമരിച്ചരിച്ചുകയറുന്നത് അനുഭവപ്പെടും.പത്തുരണ്ടായിരം വർഷങ്ങൾക്കുപുറകിൽ,ഈ ഗുഹാമുഖത്ത് പ്രതിധ്വനിച്ച കല്ലുളികളുടെ മുഴക്കം കാതിൽ വന്നലയ്ക്കും.പ്രാകൃതമായ ഏതോ ഭാഷയിൽ കല്ലിനുള്ളിലെ ഹൃദയം നമ്മോട് എന്തൊക്കയൊ സംവദിയ്ക്കാൻ ശ്രമിയ്ക്കും.
ഗുഹയ്ക്കുപുറത്ത് എപ്പോഴും നല്ല തണുത്ത കാറ്റുണ്ട്.നാലായിരം അടി ഉയരത്തിൽ വയനാടിന്റെ വന്യഭംഗി മുഴുവൻ നുകരാം.അങ്ങുദൂരെ പഴശ്ശിത്തമ്പുരാൻ പണ്ടു പടയോട്ടം നയിച്ച വനഗർഭങ്ങൾ.....കുറിച്യപ്പടയുടെ വിഷശരങ്ങൾ മൂളിപ്പറന്ന ഒളിയിടങ്ങൾ...ഐതിഹ്യങ്ങളും ചരിത്രവും ഇടകലർന്നു കിടക്കുകയാണ്,ആ ഇരുണ്ട ഇടങ്ങളിൽ.മറുഭാഗത്താവട്ടെ തിരുനെല്ലിക്കാടുകളുടെ അനന്ത വിശാലത.പാപനാശിനിയിൽ ആയിരം വട്ടം മുങ്ങിനിവർന്നാലും കഴുകിക്കളയുവാനാവാത്തപാപക്കറയുമണിഞ്ഞ് നിൽക്കുന്ന ഭരണകൂടഭീകരതയുടെ കഥകളാണ് ആ കൊടും കാടുകൾക്ക് പറയുവാനുള്ളത്.ഒപ്പം നിറതോക്കിനുമുന്നിൽ വിരിമാറു കാട്ടിയ മനുഷ്യ സ്നേഹത്തിന്റെ മഹാ ഗാഥകളും. തലതിരിഞ്ഞലോകത്തെ നേർക്കാഴ്ചയാക്കി മാറ്റുവാൻ തലകീഴായി തൂങ്ങിക്കിടക്കുന്ന പിതൃക്കളുടെ തട്ടകത്തിലേയ്ക്ക്-പക്ഷി പാതാളത്തിലേയ്ക്ക്- ചിറകടിച്ചുപറക്കുന്ന കടവാവൽ ക്കൂട്ടങ്ങൾ,അങ്ങുദൂരെ ആകാശച്ചെരിവിൽ കരിമേഘങ്ങളായി വഴുതിയിറങ്ങുന്ന കാഴ്ച കണ്ടുകൊണ്ട് മലയിറങ്ങാം......
എടയ്ക്കൽ ഗുഹ കണ്ട് അമ്പുകുത്തിമലയിറങ്ങുമ്പോൾ കാതിൽ വന്ന് മന്ത്രിയ്ക്കുന്ന ചെറുകാറ്റ് ആശ്ചര്യപ്പെടും....നിത്യസഞ്ചാരികൾക്കായി വയനാട്,അതിന്റെ വന്യഗർഭത്തിൽ ഒളിച്ചുവച്ചിട്ടുള്ള വിസ്മയക്കാഴ്ച്ചകൾ ഇനി എന്തൊക്കെ......................!!!!!!!!!!!!!!!!

Subscribe to:
Posts (Atom)