കോട്ടയത്ത് ആര്യാസ്സ് വെജിറ്റേറിയനിൽ മസാലദോശ കഴിച്ചുകൊണ്ടിരിക്കേ,രണ്ടു വലിയ ഉരുണ്ട കണ്ണുകൾ കയറിവരുന്നു.ആ കണ്ണുകളുടേയും തലയുടേയും ഭാരം താങ്ങുവാൻ കെൽപ്പില്ലാത്ത,വല്ലാതെ മെല്ലിച്ച ഒരു ശരീരവും.ഒറ്റനോട്ടത്തിൽത്തന്നെ ആളെ മനസ്സിലായി.പുറകിൽ കുറച്ചുദൂരെ ഒരു സീറ്റിലാണ് അവരിരുന്നത്.ഭർത്താവും കുട്ടിയും കൂടെയുണ്ട്.ഞാൻ എഴുന്നേറ്റ് അരികിൽച്ചെന്നു.
‘’പ്രിയ.എ.എസ്സ്.അല്ലേ....?"
അതെയെന്ന് തലയാട്ടി.ഒരു പാവ തലയാട്ടുമ്പോലെ.മനോജ് കുറൂറിന്റെ സുഹൃത്താണ്ഞാനെന്ന് ഒട്ടുഗമയോടെ സ്വയം പരിചയപ്പെടുത്തി.അൽപ്പം കഥയും കവിതയുമൊക്കെയുണ്ടെന്ന് വിനയം നടിച്ച് പറഞ്ഞു.പ്രിയയുടെ ഭർത്താവ് കൈ നീട്ടി...
"പേര്...?"
"ഉണ്ണി.."
"ഉണ്ണിയല്ല...ഉണ്ണിനായർ.." പ്രിയയ്ക്കും ഭർത്താവിനും ഇടയിലിരുന്ന് ഐസ്ക്രീം നുണയുന്ന അവരുടെ മോൻ പറഞ്ഞു.
അപ്പോൾ പ്രിയ ചിരിച്ചു,ആദ്യമായി.വിളറിയ ഒരു വെയിൽനാളം പോലെ.ഞാനും ചിരിച്ചുപോയി.പിന്നെ മോന്റെ തലയിൽ വാത്സല്യത്തോടെ ഒന്നു തൊട്ടു.
"കാണാം..."
"കാണാം........"
ഞാൻ എന്റെ സീറ്റിലേയ്ക്കു മടങ്ങി.
"ആരാണത്?" എന്റെ ഭാര്യ ചോദിച്ചു.
"പ്രിയ എ.എസ്സ്..ബുദ്ധിജീവി,കഥാകാരി....ഒന്നാംതരം കഥകൾ എഴുതിയിട്ടുണ്ട്."
"ഓ........."
"പ്രിയയുടെ മോൻ മിടുക്കനാണ്...അച്ഛൻ പറഞ്ഞപേര് അവൻ തിരുത്തി...ഉണ്ണിയെന്നല്ല ഉണ്ണിയുടെകൂട്ടത്തിൽ ഒരു നായർ കൂടിയുണ്ടെന്ന്...."
"അപ്പോൾ പ്രിയ എ.എസ്സ്.നായരാവില്ല,അല്ലേ..? "പത്താം ക്ലാസ്സുകാരിയായ എന്റെ മകൾ ചോക്ലേറ്റ് സ്കൂപ് നുണഞ്ഞുകൊണ്ട് ചോദിച്ചു.
"അതെന്താ ?"അതിലെ യുക്തി എനിയ്ക്കു മനസ്സിലായില്ല.
"അല്ലാ...ഈ സാഹിത്യകാരന്മാരും ബുദ്ധിജീവികളുമൊക്കെ വലിയ പുരോഗമനക്കാരായിരിയ്ക്കുമല്ലൊ.സ്വന്തം കാസ്റ്റിൽനിന്നായിരിയ്ക്കില്ലല്ലോ അവരൊക്കെ കല്യാണം കഴിയ്ക്കുക.....?"മകളുടെയൊരു സി.ബി.എസ്സ്.സ്സി.ബുദ്ധി!!!!
ഞാൻ ഉറക്കെ ഒരു ചിരി ചിരിച്ചു..ആര്യാസ് വെജിറ്റേറിയൻ അപ്പാടെ കുലുങ്ങി.
"പക്ഷേ അവര് കാഴ്ചയിലൊരു പാവമാണല്ലോ..അവർക്ക് അടികൂടാനൊന്നും കഴിയുമെന്ന് തോന്നുന്നില്ല..." എന്റെ ഭാര്യ. പറഞ്ഞു.
"അടികൂടുകയോ...? "ഞാനന്തം വിട്ടു.
"ങ്ഹാ..അഴീക്കോടിനേയും സക്കറിയായേം ടി.പദ്മനാഭനേയും ഒക്കെപ്പോലെ പേപ്പറുകളിൽക്കൂടിയും മാസികയിൽക്കൂടിയും ബഹളം വയ്ക്കുകയും അടികൂടുകയും ഒക്കെ ച്ചെയ്യാൻ ഇവർക്കുപറ്റുമെന്നു തോന്നുന്നില്ല..കാഴ്ചയിൽ ഒരു പാവം....."
"പോടീ.....!!!!!!!!"ഞാനവളുടെ പരിമിതമായ സാഹിത്യ പരിജ്ഞാനത്തിനിട്ട് ഒരു ആട്ട് കൊടുത്തു.
സാഹിത്യകാരന്മാരും ബുദ്ധിജീവികളുമൊക്കെ പൊതുവെ കൈയ്യാങ്കളിക്കാരാണെന്നാണ് അവളുടെ ധാരണ.
ഇതിനിടയിൽ,ഏറെ പ്രതീക്ഷയോടെ ഇരുന്ന എന്നെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ പ്രിയയും കുടുംബവും കൌണ്ടറിലെത്തി പണം കൊടുത്ത് പുറത്തിറങ്ങി.
അപ്പോൾ എന്റെ ഭാര്യ ഉറക്കെ ഒരു ചിരിചിരിച്ചു.ആര്യാസ് വെജിറ്റേറിയൻ ഒരിയ്ക്കൽക്കൂടി കുലുങ്ങി.
"ജാഡയ്ക്കൊരുകുറവും ഇല്ല...അച്ഛന്റെ മുഖത്തേയ്ക്കൊന്നു നോക്കിക്കേ...മഞ്ഞപ്രകാശം..പാവം അച്ഛൻ ഇല്ലേ മോളേ..?"
ഈ കുട്ടികളും പെണ്ണുങ്ങളുമൊക്കെ എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്.....
ഞാൻ ആലോചിയ്ക്കുകയായിരുന്നു.
സത്യത്തിൽ പ്രിയ.എ.എസ്സ് നായരായിരിക്കുമോ..................................................................????
Monday, March 29, 2010
Saturday, March 13, 2010
കർമണ്യേ വാധികാരസ്തേ...
ചെറുബാല്യത്തിൽത്തന്നെ കള്ളനെന്നു പേരു വീണ കാർവർണ്ണൻ കൈതവത്തിന്റെ പ്രത്യക്ഷദൈവമായിരുന്നു.കൃഷ്ണന്റെ ജീവിതത്തിലെ നിത്യസാന്നിദ്ധ്യമായിരുന്നു കള്ളത്തരം.കള്ളക്കൃഷ്ണാ എന്ന വിളി മുഴങ്ങിയിട്ടുള്ളത് എവിടെനിന്നൊക്കെ?വാത്സല്യത്തിന്റെ പരകോടിയിൽനിന്ന്;പ്രേമത്തിന്റെ പാരവശ്യത്തിൽ നിന്ന്;ഭക്തിയുടെ പാരമ്യതയിൽനിന്ന്.കുറൂരമ്മയും കുചേലനും ഭക്തമീരയുമൊക്കെ ഈ സംബോധനയുടെ മന്ത്രശക്തി ആവോളം അറിഞ്ഞനുഭവിച്ചിട്ടുള്ളവരാണ്.ഹൈന്ദവദൈവങ്ങൾക്കിടയിൽ കൌശലം ആയുധമാക്കിയിട്ടുള്ളവർ വേറെയില്ലെന്നുതന്നെ പറയാം,കൃഷ്ണനല്ലാതെ.
കന്യകമാരുടെ പുടവയും ഹൃദയവും കവർന്ന്,പിടികിട്ടാക്കൊമ്പത്തു കയറിയിരുന്ന്,പരിഹാസമുതിർത്തകൃഷ്ണൻ,കളിവിട്ട് കള്ളത്തരം തൊഴിലാക്കിയത് മഹാഭാരതയുദ്ധാരംഭം മുതലാണ്.സഹായാഭ്യർഥനയുമായി ദുര്യോധനനും പാണ്ഡുപുത്രരും വരുമെന്ന് കള്ളക്കണ്ണിൽക്കണ്ട്,ശയ്യയിൽ ഉറക്കം നടിച്ചുകിടന്നു ,കൃഷ്ണൻ.യുദ്ധമദ്ധ്യേ ആയുധം കൈകൊണ്ടു തൊടില്ലെന്ന് ദുര്യോധനനു കൊടുത്തവാക്ക് തെറ്റിയ്ക്കുവാൻ കൃഷ്ണന് ഒരു മടിയുമുണ്ടായില്ല.ജയദ്രഥനുമായുള്ള ഏറ്റുമുട്ടൽ നീണ്ടുപോയപ്പോൾ ചക്രായുധമെടുത്ത് സൂര്യനെ മറച്ചില്ലായിരുന്നെങ്കിൽ മദ്ധ്യമപാണ്ഡവന്റെ ഗതിയെന്താകുമായിരുന്നു?പെങ്ങളെ ബലാൽക്കാരമായിതേരിൽക്കയറ്റിക്കൊണ്ടുപോകുവാൻ മറ്റൊരുവന് കൂട്ടുനിന്ന ചരിത്രപുരുഷന്മാർ വേറേയുണ്ടാവില്ല,ലോകത്തിൽ.ധർമ്മസമരമെന്ന് ഓമനപ്പേരുള്ള കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവപക്ഷത്തിന് ജയമുണ്ടാകുവാനായി കൃഷ്ണൻ കാട്ടിയ കൌശലങ്ങളുടെ കഥകൾ എഴുതിയാൽ ഒരു കഥാസ്സരിത്സാഗരത്തോളം വരും.അധർമ്മത്തെ ജയിയ്ക്കുവാൻ തരം പോലെ ചിലപ്പോൾ ചില അധർമ്മങ്ങൾ ഒക്കെ യാകാമെന്ന വ്യക്തമായ സന്ദേശം കൃഷ്ണന്റെ ചെയ്തികളിൽ സ്പഷ്ടമാണ്.തേർത്തട്ടിൽതളർന്നുവീണ അർജ്ജുനന് വീര്യം പകരാനായി കൃഷ്ണൻ ഉപദേശിച്ച ഭഗവത്ഗീത വാസ്തവത്തിൽ വൈരുധ്യങ്ങളുടെ നീതിശാസ്ത്രമായാണ് ഒരു ശരാശരി മനുഷ്യന് അനുഭവപ്പെടുക.ലാഘവബുദ്ധിയോടെ ഗീതയെ സമീപിച്ചാൽ കൂടുതൽ സന്ദേഹിയാവാനേ നമുക്കു വിധിയുണ്ടാവൂ.“കർമ്മണ്യേ വാധികാരസ്തേ...“എന്ന പ്രസിദ്ധമായ ഗീതാവാക്യം യാദവരാജന്റെ കൌശലത്തിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ്.കർമ്മം ചെയ്യുക,ഫലം ഇച്ഛിക്കരുത്...ഇത് വാസ്തവത്തിൽ ഒരു മുൻ കൂർ ജാമ്യമെടുക്കലാണ്.കർമ്മത്തിന് അർഹമായ ഫലം എല്ലായ്പ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല എന്ന നിഗൂഡാർഥം വരികൾക്കിടയിൽ വായിയ്ക്കാനാവും. സത്കർമ്മത്തിന് സത്ഫലവും ദുഷ്ക്കർമ്മത്തിന് ദുഷ്ഫലവുമെന്ന ലളിതമായ നീതിശാസ്ത്രമാണ് ഒരു ശരാശരിമനുഷ്യന്റെ ബുദ്ധിയ്ക്കു വഴങ്ങുക.പ്രപഞ്ചശക്തിയിൽനിന്നും അവൻ പ്രതീക്ഷിയ്ക്കുന്നതും അതാണ്.എന്നാൽ പലപ്പോഴും മറിച്ചാണ് അനുഭവം.ഏറ്റവും വലിയ പുണ്യാത്മാവായിരുന്ന ശ്രീരാമകൃഷ്ണപരമഹംസന്റെ അന്ത്യം വേദനതിന്നുകൊണ്ടായിരുന്നു.തൊണ്ടയും നാവും പുഴുത്ത് ,ഒരു ജന്മത്തിന്റെ വേദനമുഴുവൻ ഒന്നിച്ചനുഭവിച്ച്.ശരീരമാണ് വേദനിയ്ക്കുന്നതെന്നും ആത്മാവിന് വേദനയും സുഖവുമൊന്നുമില്ലെന്നുമൊക്കെ വാദിച്ച് ആത്മീയവാദികൾക്ക് രക്ഷപെടാൻ കഴിഞ്ഞേയ്ക്കും.എന്നാൽ ലൌകികജീവിതം നയിയ്ക്കാൻ വിധിയ്ക്കപ്പെട്ട സാധാരണമനുഷ്യന് ആത്മീയതയുടെ ഉത്തരങ്ങൾ പലപ്പോഴും ദഹിച്ചെന്നു വരില്ല.
ദ്വാപരയുഗത്തിലെ കൃഷ്ണനിൽ നിന്നും വളരെയൊന്നും വ്യത്യസ്തനായിരുന്നില്ല ത്രേതായുഗത്തിലെ ശ്രീരാമൻ.മര്യാദാരാമനും ഉത്തമപുരുഷനുമായിരുന്ന ശ്രീരാമചന്ദ്രന്റെ കഥ അടിമുടി അഴിച്ചിട്ടു പരിശോധിച്ചാൽ നേരുകേടുകളുടെ ഒരു ഘോഷയാത്രതന്നെ കാണുവാൻ സാധിയ്ക്കും.മുജ്ജന്മത്തിൽപ്പോലും ശത്രു അല്ലാതിരുന്ന ബാലിയെ രാമൻ ഒളിയമ്പെയ്തുകൊന്നത് സുഗ്രീവനുമായി സന്ധി ചെയ്യുവാൻ മാത്രമായിരുന്നു.ഭാര്യയെ വീണ്ടെടുക്കുക എന്ന സ്വാർഥമോഹമായിരുന്നുവല്ലോ ബാലിവധത്തിനുപിന്നിലെ പ്രേരണ.ലക്ഷക്കണക്കിനു വാനരങ്ങളെ കുരുതികൊടുത്ത് രാക്ഷസകുലത്തെ മുച്ചൂടും മുടിച്ച് നേടിയ വിജയത്തിനു പിന്നാലെ ഒരു രണ്ടാം മധുവിധു. അതിന്റെ മധുരം മായും മുമ്പെ രാമന് സംശയരോഗം തുടങ്ങി.പൂർണ്ണഗർഭിണിയായ സീതയെ കാട്ടിലുപേക്ഷിയ്ക്കുമ്പോളും രാമൻ നീതിമാനാണ്.ഏതു നീതിശാസ്ത്രമാണ് രാമന്റെ ഈ പ്രവർത്തിയ്ക്കു തുണയാകുന്നത്? കാനനവാസകാലത്ത് സീതയും ലക്ഷ്മണനുമായി അവിഹിതബന്ധമുണ്ടായിരുന്നെന്ന് പ്രജകളിലൊരുവൻ ആരോപിച്ചിരുന്നെങ്കിൽ രാമൻ സ്വസഹോദരനെ ശിരച്ഛേദം ചെയ്യുമായിരുന്നുവോ?വാൽമീകിരാമായണം ഇവിടെയൊക്കെ അർഥഗർഭമായ നിശബ്ദത പാലിയ്ക്കുന്നു.എഴുത്തച്ഛനാവട്ടെ രാമനെ ദൈവമാക്കിയവതരിപ്പിച്ച് കണ്ണടച്ചിരുട്ടാക്കുകയാണ് ചെയ്യുന്നത്. ധർമ്മാധർമ്മങ്ങളും സത്യാസത്യങ്ങളുമൊക്കെ ആപേക്ഷികമാണെന്ന സന്ദേശമാണ് രാമായണവും ഗീതയുമൊക്കെ ഒരു ശരശരിമനുഷ്യനു നൽകുന്നത്.കാലവും ദേശവും സമയവുമൊക്കെ ആപേക്ഷികമാണെന്ന് ആധുനികശാസ്ത്രവും ഐൻസ്റ്റീനും വാദിയ്ക്കുന്നു.തെറ്റും ശരിയും ആപേക്ഷികമാണെന്നാണ് കള്ളക്കൃഷ്ണന്റെ പക്ഷം.ദാസിയ്ക്ക് ഉത്തരീയം ധരിയ്ക്കാനവകാശമില്ലെന്നതായിരുന്നു ദുര്യോധനന്റെ ശരി.അതിനാൽ അതഴിച്ചുമാറ്റാനയാൾ സഹോദരനോട് കൽപ്പിച്ചു. എന്നാൽ പാണ്ഡവപക്ഷത്തിന് ഇതു ശരിയായിരുന്നില്ല.കാരണം “പാണ്ഡവ“പത്നിയായിരുന്നല്ലോ പാഞ്ചാലി.ഒരുവന്റെ ശരി മറ്റൊരുവനു തെറ്റാകുന്നു.ഞാൻ ചെയ്യുന്നതൊക്കെ എനിയ്ക്കു ശരി.ഗദായുദ്ധത്തിൽ അരയ്ക്കു താഴെ താഡിയ്ക്കരുതെന്നാണ് നിയമം.അതാണ് ശരി.എന്നാൽ നിർണ്ണായക നിമിഷത്തിൽ കൃഷ്ണൻ ആ ശരിയ്ക്കുനേരെ കണ്ണടച്ചുകളഞ്ഞു.തുടയ്ക്കടിച്ചില്ലെങ്കിൽ ഭീമന്റെ തല ദുര്യോധനന്റെ ഗദാഘാതമേറ്റ് ചമ്മന്തിയാകുമായിരുന്നു.അതിനാൽ“ശരി“യേതെന്ന് കൃഷ്ണൻ തന്റെ തുടയിലടിച്ച്കാണിച്ചുകൊടുത്തു.ഹോ....,എങ്കിലും എന്റെ കള്ളക്കൃഷ്ണാ...!
ഉവ്വ്..കള്ളച്ചിരിചിരിയ്ക്കയാണ് കൃഷ്ണൻ,സന്ദേശം വളരെ വ്യക്തമാണ്.
ധർമ്മാധർമ്മങ്ങളുടേയും സത്യാസത്യങ്ങളുടേയും പുണ്യപാപങ്ങളുടേയുമൊക്കെ സമ്മിശ്രതയാണ് ജീവിതവുംലോകവും.സൂക്ഷ്മമായി ചിന്തിയ്ക്കുമ്പോൾ ലോകഗതിയ്ക്ക് പ്രത്യേക വ്യവസ്ഥയൊന്നും തന്നെയില്ല.അത് അങ്ങനെയൊക്കെയങ്ങ് നടക്കുന്നു.സത്യവും ധർമ്മവും നീതിയുമൊക്കെ സയൻസിലെ അബ്സൊല്യൂട്ട് സീറോ പോലെയാണ്.ഒരിയ്ക്കലും പൂർണ്ണാർഥത്തിൽ എത്തിപ്പെടാൻ സാധിയ്ക്കാത്തത്.ലൌകികജീവിതത്തിന്റെ അടിസ്ഥാനപ്രമാണംതന്നെ കാട്ടുനീതിയത്രേ.ബലവാൻ രാജാവ്.അവൻ ചെയ്യുന്നത് ശരി....
ഭഗവത്ഗീത വായിച്ച് ആരും സന്ദേഹപ്പെടേണ്ട.“കർമ്മണ്യേ വാധികാരസ്തേ...“കൃഷ്ണൻ ഗൂഡമായിചിരിയ്ക്കുകയാണ്.കള്ളച്ചിരി........
Tuesday, March 2, 2010
പ്രണയം -ചില വിരുദ്ധചിന്തകൾ
പറയാനൊന്നും ബാക്കിയില്ലാത്ത വാക്കാണ് പ്രണയം.പറഞ്ഞുപറഞ്ഞ് തേഞ്ഞുതീർന്ന വാക്ക് കവികൾ അതിനെ ആകെ കശക്കിക്കളഞ്ഞു.കാഥികർ പരത്തിപ്പറഞ്ഞ് അതിന്റെ മാംസളതയെ മുഴുവൻ ഉരുക്കിക്കളഞ്ഞു..തത്വചിന്തകരാവട്ടെ ചേർച്ചയില്ലാത്ത കുപ്പായങ്ങൾ ഇടുവിച്ച് അതിന് ഒരു കോമാളിയുടെ രൂപഭാവങ്ങൾ നൽകി.
മാംസനിബദ്ധമല്ല രാഗം എന്നത് ലോകത്തെ ഏറ്റവും ശുദ്ധമായ ഭോഷ്ക്കാണ്.പ്രണയങ്ങളുടെ സഫലീകരണംലൈംഗികതയിലാണെന്നു പറയുമ്പോൾഒരുപക്ഷേ പ്രണയാദർശികൾ എതിർത്തേക്കാം.പ്രത്യുൽപ്പാദനോപാധി മാത്രമായാണ് പ്രകൃതി പ്രണയത്തെ ഒരുക്കിയിരിയ്ക്കുന്നത്.മനുഷ്യൻ അതിനെ ഒരു വിനോദോപാധികൂടിയാക്കി മാറ്റി.ഒരേ ലിംഗക്കാർക്കിടയിലെ പ്രണയം പോലും ലൈംഗികതയിൽ അധിഷ്ഠിതമാണ്.
ഇഷ്ടം എന്ന വികാരം തന്നെ വസ്തു കേന്ദ്രീകൃതമാണ്.വസ്തുകേന്ദ്രീകൃതമല്ലാത്ത ഒരു തരം വികാരവും നിലനിൽപ്പില്ലാത്തവയുമാണ്.ഗന്ധം,രുചി,കാഴ്ച,ശബ്ദം,സ്പർശം എന്നിവയിലൂടെ മാത്രമേ ഇഷ്ടം എന്നവികാരം രൂപപ്പെടുകയുള്ളൂ.അമൂർത്തമായ ഒന്നിനേയും മനുഷ്യന് ഇഷ്ടപ്പെടാനാവില്ല.അഥവാ അങ്ങിനെയൊന്നിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽത്തന്നെ അത് മൂർത്ത രൂപത്തിൽ നിന്നും ഉടലെടുത്ത ഒരു അമൂർത്തതയാവും.ഒരിയ്ക്കലും കാണാത്ത,കേൾക്കാത്ത,സ്പർശിയ്ക്കാത്ത,ഗന്ധിയ്ക്കാത്ത,രുചിയ്ക്കാത്ത രണ്ടു വ്യക്തികൾക്കിടയിൽ പ്രണയം സാദ്ധ്യമല്ല.പ്രണയം അടിമുടി മാംസ നിബദ്ധമാണെന്നതിന് മറ്റുതെളിവുകൾ എന്തിന്?ഈശ്വരനെ പ്രണയിച്ചവരെ നമുക്ക് വിടുക.അത് പ്രണയമല്ല.ചിത്തഭ്രമത്തിന്റെ ഒരു വകഭേദം മാത്രമാണ്.
അനശ്വര പ്രണയം എന്നതും അടിസ്ഥനമില്ലാത്ത ഒരു സങ്കൽപ്പം മാത്രമാന്.ഒരു മനുഷ്യന്റെ മരണത്തോടെ അവനെ സംബന്ധിയ്ക്കുന്ന എല്ലാം അവസാനിയ്ക്കുകയാണ്.മരണത്തിനപ്പുറം പ്രണയത്തെ നീട്ടിക്കൊണ്ടുപോകാമെന്ന ചിന്തതന്നെ വിഡ്ഢിത്തമാണ്.എന്തിനു മരണത്തിനപ്പുറം, മരണംവരെപ്പോലും എത്രപേർക്ക് പ്രണയത്തെ നെഞ്ചോട്ചേർത്തുപിടിയ്ക്കാൻ കഴിയാറുണ്ട്?സ്ഥായിയായ ഒരു ഭാവത്തിലൊ അവസ്ഥയിലോ എക്കാലവും മനുഷ്യ മനസ്സിനെ തളച്ചിടാനാവില്ല.ചഞ്ചലമാണു മനുഷ്യ മനസ്സ്.ഈ നിമിഷത്തിൽ മനസ്സിലങ്കുരിച്ച ഒരു വികാരത്തെ,ഭാവത്തെ അടുത്ത നിമിഷം വരെയെങ്കിലും അതേ തീവ്രതയോടെ നിലനിർത്തുവാൻ എത്ര പേർക്ക് കഴിയുന്നുണ്ട്?എല്ലാം നശ്വരമെന്ന സിദ്ധാന്തത്തിൽ നിന്നും പ്രണയത്തിനുമാത്രം ഒരൊഴിവ് സാദ്ധ്യമല്ലതന്നെ.
അനുഭൂതികൾ പങ്കിടാനായി രണ്ടു വ്യക്തികൾക്കിടയിൽ ഉഭയസമ്മതപ്രകാരം നിർമ്മിയ്ക്കപ്പെടുന്ന ഒരു കരാർ മാത്രമാണ് പ്രണയം.എങ്കിലും അതു നില നിൽക്കുന്നിടത്തോളംകാലം അതു പകരുന്ന അനുഭൂതി അത്ഭുതകരം തന്നെ.
സ്വാർത്ഥമാണ് പ്രണയം.മറ്റൊരാളിനെ മാനസികമായും ശാരീരികമായും സ്വന്തമാക്കാനുള്ള തീവ്രാഭിവാഞ്ചയാണിത്.മറ്റൊരാളീന്റേയോ മറ്റൊന്നിന്റേയോ ഗന്ധം,സ്പർശം,രുചി,ദർശനം ഇവ എപ്പൊഴും ആഗ്രഹിയ്ക്കുന്ന അവസ്ഥയാണിത്.ആഗ്രഹമെന്ന വാക്കിന്റെ ആന്തരാർഥം സ്വാർഥമെന്നല്ലാതെ മറ്റെന്താണ്?ആകയാൽ പ്രണയം ശുദ്ധ സ്വാർഥമാകുന്നു.മനുഷ്യരുടെ ലോകത്ത് സ്വാർഥമല്ലാത്തഎന്താണുള്ളത്?അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം സ്വാർഥമല്ലെന്നാണ് ചിലരുടെ വാദം. തന്റെ കുഞ്ഞിന് താൻ നൽകുന്ന എല്ലാം,സ്നേഹമടക്കം,ലഭിയ്ക്കുമെന്നുറപ്പുണ്ടെങ്കിലും,ഏതെങ്കിലും അമ്മ അതിനെ തന്നിൽ നിന്നും അകലെ മറ്റൊരിടത്ത് ആയിരിയ്ക്കുവാൻ സമ്മതിയ്ക്കുമോ?
പ്രണയം ഒരേ സമയം,ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കും വികാരവുമാണെങ്കിലും ഒപ്പം അത് ലോകത്തിലെ ഏറ്റവും അഭിശപ്തമായ എന്തോ ഒന്നു കൂടിയാണ്.ഒരു മനുഷ്യജീവി അനുഭവിയ്ക്കുന്ന ഏറ്റവും കടുത്ത നൈരാശ്യമത്രെ പ്രണയനൈരാശ്യം.അത് ഏതാണ്ട് മരണത്തോളം തന്നെ ഭീകരവും തീവ്രവുമാണ്.പ്രണയത്തിന്റെ സന്തതസഹചാരിയായ കൂടപ്പിറപ്പാണ്,പ്രണയനൈരാശ്യം.പ്രണയം പൂവണിയാഞ്ഞാൽ ത്നൈരാശ്യത്തിനു കാരണമാകാം.എന്നാൽ പൂവണിയപ്പെട്ട പ്രണയവും നൈരാശ്യത്തിൽ നിന്നും മുക്തമല്ല.
പ്രണയം സ്വാർഥവും നശ്വരവുമാണെന്ന് മനസിലാക്കുന്ന നിമിഷമാണ് പ്രണയി ഏറ്റവും കടുത്ത നൈരാശ്യത്തിന് അടിപ്പെട്ടുപോകുന്നത്...........!!!!
Subscribe to:
Posts (Atom)