ചെറുബാല്യത്തിൽത്തന്നെ കള്ളനെന്നു പേരു വീണ കാർവർണ്ണൻ കൈതവത്തിന്റെ പ്രത്യക്ഷദൈവമായിരുന്നു.കൃഷ്ണന്റെ ജീവിതത്തിലെ നിത്യസാന്നിദ്ധ്യമായിരുന്നു കള്ളത്തരം.കള്ളക്കൃഷ്ണാ എന്ന വിളി മുഴങ്ങിയിട്ടുള്ളത് എവിടെനിന്നൊക്കെ?വാത്സല്യത്തിന്റെ പരകോടിയിൽനിന്ന്;പ്രേമത്തിന്റെ പാരവശ്യത്തിൽ നിന്ന്;ഭക്തിയുടെ പാരമ്യതയിൽനിന്ന്.കുറൂരമ്മയും കുചേലനും ഭക്തമീരയുമൊക്കെ ഈ സംബോധനയുടെ മന്ത്രശക്തി ആവോളം അറിഞ്ഞനുഭവിച്ചിട്ടുള്ളവരാണ്.ഹൈന്ദവദൈവങ്ങൾക്കിടയിൽ കൌശലം ആയുധമാക്കിയിട്ടുള്ളവർ വേറെയില്ലെന്നുതന്നെ പറയാം,കൃഷ്ണനല്ലാതെ.
കന്യകമാരുടെ പുടവയും ഹൃദയവും കവർന്ന്,പിടികിട്ടാക്കൊമ്പത്തു കയറിയിരുന്ന്,പരിഹാസമുതിർത്തകൃഷ്ണൻ,കളിവിട്ട് കള്ളത്തരം തൊഴിലാക്കിയത് മഹാഭാരതയുദ്ധാരംഭം മുതലാണ്.സഹായാഭ്യർഥനയുമായി ദുര്യോധനനും പാണ്ഡുപുത്രരും വരുമെന്ന് കള്ളക്കണ്ണിൽക്കണ്ട്,ശയ്യയിൽ ഉറക്കം നടിച്ചുകിടന്നു ,കൃഷ്ണൻ.യുദ്ധമദ്ധ്യേ ആയുധം കൈകൊണ്ടു തൊടില്ലെന്ന് ദുര്യോധനനു കൊടുത്തവാക്ക് തെറ്റിയ്ക്കുവാൻ കൃഷ്ണന് ഒരു മടിയുമുണ്ടായില്ല.ജയദ്രഥനുമായുള്ള ഏറ്റുമുട്ടൽ നീണ്ടുപോയപ്പോൾ ചക്രായുധമെടുത്ത് സൂര്യനെ മറച്ചില്ലായിരുന്നെങ്കിൽ മദ്ധ്യമപാണ്ഡവന്റെ ഗതിയെന്താകുമായിരുന്നു?പെങ്ങളെ ബലാൽക്കാരമായിതേരിൽക്കയറ്റിക്കൊണ്ടുപോകുവാൻ മറ്റൊരുവന് കൂട്ടുനിന്ന ചരിത്രപുരുഷന്മാർ വേറേയുണ്ടാവില്ല,ലോകത്തിൽ.ധർമ്മസമരമെന്ന് ഓമനപ്പേരുള്ള കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവപക്ഷത്തിന് ജയമുണ്ടാകുവാനായി കൃഷ്ണൻ കാട്ടിയ കൌശലങ്ങളുടെ കഥകൾ എഴുതിയാൽ ഒരു കഥാസ്സരിത്സാഗരത്തോളം വരും.അധർമ്മത്തെ ജയിയ്ക്കുവാൻ തരം പോലെ ചിലപ്പോൾ ചില അധർമ്മങ്ങൾ ഒക്കെ യാകാമെന്ന വ്യക്തമായ സന്ദേശം കൃഷ്ണന്റെ ചെയ്തികളിൽ സ്പഷ്ടമാണ്.തേർത്തട്ടിൽതളർന്നുവീണ അർജ്ജുനന് വീര്യം പകരാനായി കൃഷ്ണൻ ഉപദേശിച്ച ഭഗവത്ഗീത വാസ്തവത്തിൽ വൈരുധ്യങ്ങളുടെ നീതിശാസ്ത്രമായാണ് ഒരു ശരാശരി മനുഷ്യന് അനുഭവപ്പെടുക.ലാഘവബുദ്ധിയോടെ ഗീതയെ സമീപിച്ചാൽ കൂടുതൽ സന്ദേഹിയാവാനേ നമുക്കു വിധിയുണ്ടാവൂ.“കർമ്മണ്യേ വാധികാരസ്തേ...“എന്ന പ്രസിദ്ധമായ ഗീതാവാക്യം യാദവരാജന്റെ കൌശലത്തിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ്.കർമ്മം ചെയ്യുക,ഫലം ഇച്ഛിക്കരുത്...ഇത് വാസ്തവത്തിൽ ഒരു മുൻ കൂർ ജാമ്യമെടുക്കലാണ്.കർമ്മത്തിന് അർഹമായ ഫലം എല്ലായ്പ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല എന്ന നിഗൂഡാർഥം വരികൾക്കിടയിൽ വായിയ്ക്കാനാവും. സത്കർമ്മത്തിന് സത്ഫലവും ദുഷ്ക്കർമ്മത്തിന് ദുഷ്ഫലവുമെന്ന ലളിതമായ നീതിശാസ്ത്രമാണ് ഒരു ശരാശരിമനുഷ്യന്റെ ബുദ്ധിയ്ക്കു വഴങ്ങുക.പ്രപഞ്ചശക്തിയിൽനിന്നും അവൻ പ്രതീക്ഷിയ്ക്കുന്നതും അതാണ്.എന്നാൽ പലപ്പോഴും മറിച്ചാണ് അനുഭവം.ഏറ്റവും വലിയ പുണ്യാത്മാവായിരുന്ന ശ്രീരാമകൃഷ്ണപരമഹംസന്റെ അന്ത്യം വേദനതിന്നുകൊണ്ടായിരുന്നു.തൊണ്ടയും നാവും പുഴുത്ത് ,ഒരു ജന്മത്തിന്റെ വേദനമുഴുവൻ ഒന്നിച്ചനുഭവിച്ച്.ശരീരമാണ് വേദനിയ്ക്കുന്നതെന്നും ആത്മാവിന് വേദനയും സുഖവുമൊന്നുമില്ലെന്നുമൊക്കെ വാദിച്ച് ആത്മീയവാദികൾക്ക് രക്ഷപെടാൻ കഴിഞ്ഞേയ്ക്കും.എന്നാൽ ലൌകികജീവിതം നയിയ്ക്കാൻ വിധിയ്ക്കപ്പെട്ട സാധാരണമനുഷ്യന് ആത്മീയതയുടെ ഉത്തരങ്ങൾ പലപ്പോഴും ദഹിച്ചെന്നു വരില്ല.
ദ്വാപരയുഗത്തിലെ കൃഷ്ണനിൽ നിന്നും വളരെയൊന്നും വ്യത്യസ്തനായിരുന്നില്ല ത്രേതായുഗത്തിലെ ശ്രീരാമൻ.മര്യാദാരാമനും ഉത്തമപുരുഷനുമായിരുന്ന ശ്രീരാമചന്ദ്രന്റെ കഥ അടിമുടി അഴിച്ചിട്ടു പരിശോധിച്ചാൽ നേരുകേടുകളുടെ ഒരു ഘോഷയാത്രതന്നെ കാണുവാൻ സാധിയ്ക്കും.മുജ്ജന്മത്തിൽപ്പോലും ശത്രു അല്ലാതിരുന്ന ബാലിയെ രാമൻ ഒളിയമ്പെയ്തുകൊന്നത് സുഗ്രീവനുമായി സന്ധി ചെയ്യുവാൻ മാത്രമായിരുന്നു.ഭാര്യയെ വീണ്ടെടുക്കുക എന്ന സ്വാർഥമോഹമായിരുന്നുവല്ലോ ബാലിവധത്തിനുപിന്നിലെ പ്രേരണ.ലക്ഷക്കണക്കിനു വാനരങ്ങളെ കുരുതികൊടുത്ത് രാക്ഷസകുലത്തെ മുച്ചൂടും മുടിച്ച് നേടിയ വിജയത്തിനു പിന്നാലെ ഒരു രണ്ടാം മധുവിധു. അതിന്റെ മധുരം മായും മുമ്പെ രാമന് സംശയരോഗം തുടങ്ങി.പൂർണ്ണഗർഭിണിയായ സീതയെ കാട്ടിലുപേക്ഷിയ്ക്കുമ്പോളും രാമൻ നീതിമാനാണ്.ഏതു നീതിശാസ്ത്രമാണ് രാമന്റെ ഈ പ്രവർത്തിയ്ക്കു തുണയാകുന്നത്? കാനനവാസകാലത്ത് സീതയും ലക്ഷ്മണനുമായി അവിഹിതബന്ധമുണ്ടായിരുന്നെന്ന് പ്രജകളിലൊരുവൻ ആരോപിച്ചിരുന്നെങ്കിൽ രാമൻ സ്വസഹോദരനെ ശിരച്ഛേദം ചെയ്യുമായിരുന്നുവോ?വാൽമീകിരാമായണം ഇവിടെയൊക്കെ അർഥഗർഭമായ നിശബ്ദത പാലിയ്ക്കുന്നു.എഴുത്തച്ഛനാവട്ടെ രാമനെ ദൈവമാക്കിയവതരിപ്പിച്ച് കണ്ണടച്ചിരുട്ടാക്കുകയാണ് ചെയ്യുന്നത്. ധർമ്മാധർമ്മങ്ങളും സത്യാസത്യങ്ങളുമൊക്കെ ആപേക്ഷികമാണെന്ന സന്ദേശമാണ് രാമായണവും ഗീതയുമൊക്കെ ഒരു ശരശരിമനുഷ്യനു നൽകുന്നത്.കാലവും ദേശവും സമയവുമൊക്കെ ആപേക്ഷികമാണെന്ന് ആധുനികശാസ്ത്രവും ഐൻസ്റ്റീനും വാദിയ്ക്കുന്നു.തെറ്റും ശരിയും ആപേക്ഷികമാണെന്നാണ് കള്ളക്കൃഷ്ണന്റെ പക്ഷം.ദാസിയ്ക്ക് ഉത്തരീയം ധരിയ്ക്കാനവകാശമില്ലെന്നതായിരുന്നു ദുര്യോധനന്റെ ശരി.അതിനാൽ അതഴിച്ചുമാറ്റാനയാൾ സഹോദരനോട് കൽപ്പിച്ചു. എന്നാൽ പാണ്ഡവപക്ഷത്തിന് ഇതു ശരിയായിരുന്നില്ല.കാരണം “പാണ്ഡവ“പത്നിയായിരുന്നല്ലോ പാഞ്ചാലി.ഒരുവന്റെ ശരി മറ്റൊരുവനു തെറ്റാകുന്നു.ഞാൻ ചെയ്യുന്നതൊക്കെ എനിയ്ക്കു ശരി.ഗദായുദ്ധത്തിൽ അരയ്ക്കു താഴെ താഡിയ്ക്കരുതെന്നാണ് നിയമം.അതാണ് ശരി.എന്നാൽ നിർണ്ണായക നിമിഷത്തിൽ കൃഷ്ണൻ ആ ശരിയ്ക്കുനേരെ കണ്ണടച്ചുകളഞ്ഞു.തുടയ്ക്കടിച്ചില്ലെങ്കിൽ ഭീമന്റെ തല ദുര്യോധനന്റെ ഗദാഘാതമേറ്റ് ചമ്മന്തിയാകുമായിരുന്നു.അതിനാൽ“ശരി“യേതെന്ന് കൃഷ്ണൻ തന്റെ തുടയിലടിച്ച്കാണിച്ചുകൊടുത്തു.ഹോ....,എങ്കിലും എന്റെ കള്ളക്കൃഷ്ണാ...!
ഉവ്വ്..കള്ളച്ചിരിചിരിയ്ക്കയാണ് കൃഷ്ണൻ,സന്ദേശം വളരെ വ്യക്തമാണ്.
ധർമ്മാധർമ്മങ്ങളുടേയും സത്യാസത്യങ്ങളുടേയും പുണ്യപാപങ്ങളുടേയുമൊക്കെ സമ്മിശ്രതയാണ് ജീവിതവുംലോകവും.സൂക്ഷ്മമായി ചിന്തിയ്ക്കുമ്പോൾ ലോകഗതിയ്ക്ക് പ്രത്യേക വ്യവസ്ഥയൊന്നും തന്നെയില്ല.അത് അങ്ങനെയൊക്കെയങ്ങ് നടക്കുന്നു.സത്യവും ധർമ്മവും നീതിയുമൊക്കെ സയൻസിലെ അബ്സൊല്യൂട്ട് സീറോ പോലെയാണ്.ഒരിയ്ക്കലും പൂർണ്ണാർഥത്തിൽ എത്തിപ്പെടാൻ സാധിയ്ക്കാത്തത്.ലൌകികജീവിതത്തിന്റെ അടിസ്ഥാനപ്രമാണംതന്നെ കാട്ടുനീതിയത്രേ.ബലവാൻ രാജാവ്.അവൻ ചെയ്യുന്നത് ശരി....
ഭഗവത്ഗീത വായിച്ച് ആരും സന്ദേഹപ്പെടേണ്ട.“കർമ്മണ്യേ വാധികാരസ്തേ...“കൃഷ്ണൻ ഗൂഡമായിചിരിയ്ക്കുകയാണ്.കള്ളച്ചിരി........
2 comments:
read the blog post
i think GITA could be interpreted in many ways
The essence of GITA is the picture of the golden chariot with a monkey as the flag symbol(hanuman, it is said) with 5 white horses tied to the chariot, krishnan carrying the ropes, arjunan sitting in it with a shaky mind.
one of the interpretation i like about this is the chariot represents human life, the five horses are the five senses through which we perceive our sensual experiences, krishnan represents wisdom("njanam" is the apt word, but not translatable), arjunan represents the mind which tends to be driven by emotions.
if the ropes that are tied to our senses are well in control of the wisdom our mind will win life.
sir,
sir first of all please forgive me. i don't know your mail id thats why am posting this as a comment here.sir i read your article about oru deshathinte katha in mathruboomi weekly.it was a good one.sir i want to tell you something and that is you are not very active in our village.sir it is very dissapointing that people like you are not interested in working for our village.like panamatom has s kannan,girish,sharath etc you want to stand for chirakkadavu..sir so please work for our village...
Post a Comment