കോട്ടയത്ത് ആര്യാസ്സ് വെജിറ്റേറിയനിൽ മസാലദോശ കഴിച്ചുകൊണ്ടിരിക്കേ,രണ്ടു വലിയ ഉരുണ്ട കണ്ണുകൾ കയറിവരുന്നു.ആ കണ്ണുകളുടേയും തലയുടേയും ഭാരം താങ്ങുവാൻ കെൽപ്പില്ലാത്ത,വല്ലാതെ മെല്ലിച്ച ഒരു ശരീരവും.ഒറ്റനോട്ടത്തിൽത്തന്നെ ആളെ മനസ്സിലായി.പുറകിൽ കുറച്ചുദൂരെ ഒരു സീറ്റിലാണ് അവരിരുന്നത്.ഭർത്താവും കുട്ടിയും കൂടെയുണ്ട്.ഞാൻ എഴുന്നേറ്റ് അരികിൽച്ചെന്നു.
‘’പ്രിയ.എ.എസ്സ്.അല്ലേ....?"
അതെയെന്ന് തലയാട്ടി.ഒരു പാവ തലയാട്ടുമ്പോലെ.മനോജ് കുറൂറിന്റെ സുഹൃത്താണ്ഞാനെന്ന് ഒട്ടുഗമയോടെ സ്വയം പരിചയപ്പെടുത്തി.അൽപ്പം കഥയും കവിതയുമൊക്കെയുണ്ടെന്ന് വിനയം നടിച്ച് പറഞ്ഞു.പ്രിയയുടെ ഭർത്താവ് കൈ നീട്ടി...
"പേര്...?"
"ഉണ്ണി.."
"ഉണ്ണിയല്ല...ഉണ്ണിനായർ.." പ്രിയയ്ക്കും ഭർത്താവിനും ഇടയിലിരുന്ന് ഐസ്ക്രീം നുണയുന്ന അവരുടെ മോൻ പറഞ്ഞു.
അപ്പോൾ പ്രിയ ചിരിച്ചു,ആദ്യമായി.വിളറിയ ഒരു വെയിൽനാളം പോലെ.ഞാനും ചിരിച്ചുപോയി.പിന്നെ മോന്റെ തലയിൽ വാത്സല്യത്തോടെ ഒന്നു തൊട്ടു.
"കാണാം..."
"കാണാം........"
ഞാൻ എന്റെ സീറ്റിലേയ്ക്കു മടങ്ങി.
"ആരാണത്?" എന്റെ ഭാര്യ ചോദിച്ചു.
"പ്രിയ എ.എസ്സ്..ബുദ്ധിജീവി,കഥാകാരി....ഒന്നാംതരം കഥകൾ എഴുതിയിട്ടുണ്ട്."
"ഓ........."
"പ്രിയയുടെ മോൻ മിടുക്കനാണ്...അച്ഛൻ പറഞ്ഞപേര് അവൻ തിരുത്തി...ഉണ്ണിയെന്നല്ല ഉണ്ണിയുടെകൂട്ടത്തിൽ ഒരു നായർ കൂടിയുണ്ടെന്ന്...."
"അപ്പോൾ പ്രിയ എ.എസ്സ്.നായരാവില്ല,അല്ലേ..? "പത്താം ക്ലാസ്സുകാരിയായ എന്റെ മകൾ ചോക്ലേറ്റ് സ്കൂപ് നുണഞ്ഞുകൊണ്ട് ചോദിച്ചു.
"അതെന്താ ?"അതിലെ യുക്തി എനിയ്ക്കു മനസ്സിലായില്ല.
"അല്ലാ...ഈ സാഹിത്യകാരന്മാരും ബുദ്ധിജീവികളുമൊക്കെ വലിയ പുരോഗമനക്കാരായിരിയ്ക്കുമല്ലൊ.സ്വന്തം കാസ്റ്റിൽനിന്നായിരിയ്ക്കില്ലല്ലോ അവരൊക്കെ കല്യാണം കഴിയ്ക്കുക.....?"മകളുടെയൊരു സി.ബി.എസ്സ്.സ്സി.ബുദ്ധി!!!!
ഞാൻ ഉറക്കെ ഒരു ചിരി ചിരിച്ചു..ആര്യാസ് വെജിറ്റേറിയൻ അപ്പാടെ കുലുങ്ങി.
"പക്ഷേ അവര് കാഴ്ചയിലൊരു പാവമാണല്ലോ..അവർക്ക് അടികൂടാനൊന്നും കഴിയുമെന്ന് തോന്നുന്നില്ല..." എന്റെ ഭാര്യ. പറഞ്ഞു.
"അടികൂടുകയോ...? "ഞാനന്തം വിട്ടു.
"ങ്ഹാ..അഴീക്കോടിനേയും സക്കറിയായേം ടി.പദ്മനാഭനേയും ഒക്കെപ്പോലെ പേപ്പറുകളിൽക്കൂടിയും മാസികയിൽക്കൂടിയും ബഹളം വയ്ക്കുകയും അടികൂടുകയും ഒക്കെ ച്ചെയ്യാൻ ഇവർക്കുപറ്റുമെന്നു തോന്നുന്നില്ല..കാഴ്ചയിൽ ഒരു പാവം....."
"പോടീ.....!!!!!!!!"ഞാനവളുടെ പരിമിതമായ സാഹിത്യ പരിജ്ഞാനത്തിനിട്ട് ഒരു ആട്ട് കൊടുത്തു.
സാഹിത്യകാരന്മാരും ബുദ്ധിജീവികളുമൊക്കെ പൊതുവെ കൈയ്യാങ്കളിക്കാരാണെന്നാണ് അവളുടെ ധാരണ.
ഇതിനിടയിൽ,ഏറെ പ്രതീക്ഷയോടെ ഇരുന്ന എന്നെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ പ്രിയയും കുടുംബവും കൌണ്ടറിലെത്തി പണം കൊടുത്ത് പുറത്തിറങ്ങി.
അപ്പോൾ എന്റെ ഭാര്യ ഉറക്കെ ഒരു ചിരിചിരിച്ചു.ആര്യാസ് വെജിറ്റേറിയൻ ഒരിയ്ക്കൽക്കൂടി കുലുങ്ങി.
"ജാഡയ്ക്കൊരുകുറവും ഇല്ല...അച്ഛന്റെ മുഖത്തേയ്ക്കൊന്നു നോക്കിക്കേ...മഞ്ഞപ്രകാശം..പാവം അച്ഛൻ ഇല്ലേ മോളേ..?"
ഈ കുട്ടികളും പെണ്ണുങ്ങളുമൊക്കെ എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്.....
ഞാൻ ആലോചിയ്ക്കുകയായിരുന്നു.
സത്യത്തിൽ പ്രിയ.എ.എസ്സ് നായരായിരിക്കുമോ..................................................................????
No comments:
Post a Comment